പൂനെയിൽ നിന്നുള്ള 55 വയസ്സുള്ള ഐടി ജീവനക്കാരൻ വ്യാജ ഓൺ ലൈൻ ട്രേഡിംഗ് ആപ്പ് വഴി 67.94 ലക്ഷം രൂപ തട്ടിയെടുത്ത കേസിനെക്കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട തട്ടിപ്പുകാർ, ഷെയർ മാർക്കറ്റിൽ നിന്ന് വൻലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാളെ വലയിലാക്കിയത്. ഇയാളുടെ വിശ്വാസം പിടിച്ചെടുക്കാൻ തുടക്കത്തിൽ തട്ടിപ്പുകാർ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5,400 രൂപ അഡ്വാൻസായി നൽകുകയും ചെയ്തിരുന്നു.
പിൻവലിക്കാൻ നോക്കിയാൽ സാധിക്കില്ല
തട്ടിപ്പുകാരുടെ വാക്ക് വിശ്വസിച്ച് മൂന്ന് തവണകളായി മൊത്തം 67.94 ലക്ഷം രൂപ ഇയാൾ വ്യാജ ആപ്പ് വഴി നിക്ഷേപിച്ചു. ഇയാൾക്ക് ലാഭമായി 8.46 കോടി രൂപ കിട്ടിയതായി വ്യാജ ആപ്പിന്റെ സ്ക്രീനിൽ കാണിക്കുകയും ചെയ്തു. എന്നാൽ ഈ പണം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്.
ലാഭത്തുക പിൻവലിക്കണമെങ്കിൽ ബ്രോക്കറേജ് ചാർജായി 1.17 കോടി രൂപ കൂടി അടയ്ക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ ഇയാൾ പുനെ സൈബർ പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. കാണിക്കുന്ന വ്യാജ ലാഭ കണക്കുകൾ കണ്ട് ആരും ഇത്തരം ഓൺലൈൻ ട്രേഡിംഗ് ആപ്പുകളിൽ വീഴരുതെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സോഷ്യൽ എൻജിനീയറിങ്
സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നിരന്തരം നൽകുന്നുണ്ടെങ്കിലും ആളുകൾ വീണ്ടും ഇത്തരം ചതികളിൽ പെട്ടുപോകുന്നതിന് പ്രധാന കാരണം മനുഷ്യരുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന സോഷ്യൽ എൻജിനീയറിംഗ് തന്ത്രങ്ങളാണ്. തുടക്കത്തിൽ നിക്ഷേപിക്കുന്ന ചെറിയ തുകയ്ക്ക് യഥാർത്ഥത്തിൽ തന്നെ ഉയർന്ന ലാഭം നൽകി ആളുകളുടെ പൂർണ വിശ്വാസം തട്ടപ്പുകാർ നേടിയെടുക്കുന്നു. കൂടാതെ, വ്യാജ വാട്ട്സ്ആപ്പ്/ടെലിഗ്രാം ഗ്രൂപ്പുകളിൽ മറ്റ് അംഗങ്ങളെന്ന വ്യാജേന വലിയ ലാഭം കിട്ടിയെന്ന് സന്ദേശങ്ങൾ അയച്ച് ആളുകളിൽ കൂടുതൽ പണം നിക്ഷേപിക്കാനുള്ള ആഗ്രഹവും ഭയവും സൃഷ്ടിക്കുന്നു.
വ്യാജ ആപ്പുകൾ
രണ്ടാമതായി, തട്ടപ്പുകാർ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളും വ്യാജ മൊബൈൽ ആപ്പുകളുമാണ്. ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത വൻകിട കമ്പനികളുടെയും SEBI ബ്രോക്കർമാരുടെയും പേരും ലോഗോയും കൃത്യമായി കോപ്പി ചെയ്ത് നിർമ്മിക്കുന്ന വ്യാജ ട്രേഡിംഗ് ആപ്പുകളിൽ ലക്ഷക്കണക്കിന് രൂപ ലാഭം കിട്ടിയതായി കാണിക്കുന്നു. ഈ വ്യാജ കണക്കുകൾ സ്ക്രീനിൽ കാണുമ്പോൾ ഏതൊരു സാധാരണക്കാരനും അത് സത്യമാണെന്ന് വിശ്വസിച്ചുപോകുന്നു. പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ നികുതിയോ പ്രോസസിംഗ് ഫീസോ ചോദിച്ച് വീണ്ടും പണം തട്ടുകയും ചെയ്യുന്നു.
ജാഗ്രത പരിഹാരം
മൂന്നാമതായി, പഠിപ്പില്ലാത്തവരും പ്രായമായവരും മാത്രമേ തട്ടിപ്പിൽ വീഴൂ, ഞാൻ ഒരു ഐടി പ്രൊഫഷണൽ ആയതുകൊണ്ട് എന്നെ ആരും പറ്റിക്കില്ല എന്ന അമിത ആത്മവിശ്വാസവും ആളുകളെ അപകടത്തിലാക്കുന്നു. മാത്രമല്ല, ഓൺലൈൻ വഴി അയക്കുന്ന പണം മിനിറ്റുകൾക്കുള്ളിൽ തട്ടിപ്പുകാർ മറ്റ് പല അക്കൗണ്ടുകളിലേക്കും ക്രിപ്റ്റോ കറൻസിയിലേക്കും മാറ്റുന്നതിനാൽ തട്ടിപ്പ് തിരിച്ചറിയുമ്പോഴേക്കും പണം തിരികെ പിടിക്കാൻ വൈകിയിട്ടുണ്ടാകും. കൃത്യമായ ജാഗ്രതയും ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ മാത്രം ഉപയോഗിക്കുന്ന ശീലവുമാണ് ഇതിനുള്ള ഒരേയൊരു പരിഹാരം.





