രാജ്യത്ത് ഭിന്നശേഷിക്കാർക്ക് ടോൾ ഇളവ് ലഭിക്കുന്ന ഫാസ്ടാഗിന്റെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. പുതിയ നിയമപ്രകാരം അർഹരായ വ്യക്തികൾക്ക് വൈകല്യത്തിന്റെ ശതമാനമനുസരിച്ച് മൂന്ന് മുതൽ അഞ്ച് വർഷം വരെ സാധുതയുള്ള ഫാസ്ടാഗ് ലഭിക്കും. ഇതോടെ ഓരോ വർഷവും ഫാസ്ടാഗ് പുതുക്കേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാകും. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ വന്നു.
വൈകല്യത്തിന്റെ ശതമാനമനുസരിച്ച് കാലാവധി
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, 70 ശതമാനം മുതൽ 100 ശതമാനം വരെ വൈകല്യമുള്ള അർഹരായ വ്യക്തികൾക്ക് അനുവദിക്കുന്ന ടോൾ ഇളവുള്ള ഫാസ്ടാഗിന് അഞ്ച് വർഷത്തെ സാധുതയുണ്ടാകും. 40 ശതമാനമോ അതിൽ കൂടുതലോ, എന്നാൽ 70 ശതമാനത്തിൽ താഴെയോ വൈകല്യമുള്ളവർക്ക് മൂന്ന് വർഷത്തെ സാധുത ലഭിക്കും.
ഇനി എല്ലാ വർഷവും പുതുക്കേണ്ടതില്ല
നേരത്തേ ടോൾ ഇളവുള്ള ഫാസ്ടാഗ് ഓരോ വർഷവും പുതുക്കണമായിരുന്നു. ഇതിനായി വീണ്ടും അപേക്ഷയും ആവശ്യമായ രേഖകളും സമർപ്പിക്കേണ്ടിവന്നു. പുതിയ നിയമം നിലവിൽ വന്നതോടെ ഈ നടപടിക്രമങ്ങൾ ആവർത്തിക്കേണ്ട സാഹചര്യം കുറയും. മൂന്ന് അല്ലെങ്കിൽ അഞ്ച് വർഷത്തെ കാലാവധി അവസാനിച്ചശേഷം, തുടർന്നും യോഗ്യതയുണ്ടെങ്കിൽ ഫാസ്ടാഗ് പുതുക്കാം.
ആർക്കൊക്കെയാണ് ആനുകൂല്യം ലഭിക്കുക?
ശാരീരിക വൈകല്യമുള്ളവരുടെ ഉപയോഗത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത് നിർമിച്ച വാഹനങ്ങൾക്കും ‘Divyangjan’ എന്ന ഉടമസ്ഥാവകാശ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കുമാണ് നിബന്ധനകൾക്ക് വിധേയമായി ടോൾ ഇളവുള്ള ഫാസ്ടാഗ് ലഭിക്കുക. വൈകല്യത്തിന്റെ ശതമാനം സാധുവായ വൈകല്യ സർട്ടിഫിക്കറ്റ്, യുണീക് ഡിസെബിലിറ്റി ഐഡന്റിറ്റി (UDID) കാർഡ് അല്ലെങ്കിൽ അംഗീകരിക്കപ്പെട്ട മറ്റ് രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിർണയിക്കുക. എല്ലാ വാഹനങ്ങൾക്കും ഈ ഇളവ് ബാധകമല്ല.
യാത്ര കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യം
ദേശീയപാതകളിലെ ടോൾ പിരിവ് സംവിധാനത്തിൽ ഭിന്നശേഷിക്കാർ നേരിടുന്ന നടപടിക്രമങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുകയും യാത്ര കൂടുതൽ എളുപ്പമാക്കുകയുമാണ് പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യം. അർഹരായവർക്ക് ടോൾ ഇളവ് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിനൊപ്പം, നിയമാനുസൃതമായ പരിശോധനയും യോഗ്യതാ വ്യവസ്ഥകളും തുടരും.
English Summary
The central government has extended the validity of FASTags that provide toll exemptions to persons with disabilities in India. Under the new rules, eligible individuals will receive FASTags valid for three to five years, depending on the percentage of disability. This will eliminate the inconvenience of renewing FASTags every year. The revised guidelines issued by the Ministry of Road Transport and Highways came into effect on October 2.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



