ഇന്ത്യയിലെ തൊഴിൽ മേഖലയെക്കുറിച്ചുള്ള വിവരശേഖരണം കൂടുതൽ വിപുലമാക്കുന്നതിനായി പീരിയോഡിക് ലേബർ ഫോഴ്സ് സർവേയിൽ (PLFS) മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. 2027 ജനുവരി മുതൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ജോലി ചെയ്യുന്നവരെയും പ്രതിഫലമില്ലാത്ത വീട്ടുജോലികളിൽ ഏർപ്പെടുന്നവരെയും സർവേയിൽ കൂടുതൽ വ്യക്തമായി ഉൾപ്പെടുത്തും.
നിലവിലെ സർവേ രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം തൊഴിലാളികളെ മതിയായ രീതിയിൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് മാറ്റം. ഭക്ഷണവിതരണം, ഗതാഗത സേവനങ്ങൾ, ഓൺലൈൻ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ജോലി ചെയ്യുന്നവരെക്കുറിച്ച് കൂടുതൽ കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
ഇതിനായി സർവേയിൽ പ്രത്യേക വിഭാഗം രൂപീകരിക്കും. നിശ്ചിത കാലയളവിൽ കുടുംബത്തിലെ ഒരാളെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ജോലി ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ചോദ്യവും ഉൾപ്പെടുത്തും. ഗ്രാമീണ, നഗര മേഖലകളിലെ കുടുംബങ്ങളോടും ഈ ചോദ്യം ചോദിക്കും.
പ്രതിഫലമില്ലാത്ത ജോലികൾക്കും പ്രാധാന്യം
വീട്ടിലെ പരിചരണ ജോലികൾ, പ്രതിഫലമില്ലാത്ത വീട്ടുജോലികൾ, സന്നദ്ധപ്രവർത്തനം, പ്രതിഫലമില്ലാത്ത പരിശീലന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും പുതിയ സർവേയിൽ വിവരങ്ങൾ ശേഖരിക്കും. സ്വന്തം ആവശ്യത്തിനായി ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തും. 15 വയസും അതിൽ കൂടുതലുമുള്ളവരിൽ നിന്നാണ് ഈ വിവരങ്ങൾ ശേഖരിക്കുക.
സാധാരണ തൊഴിൽ കണക്കുകളിൽ പൂർണമായി പ്രതിഫലിക്കാത്ത ഇത്തരം പ്രവർത്തനങ്ങൾ സമ്പദ്വ്യവസ്ഥയ്ക്കും കുടുംബങ്ങൾക്കും നൽകുന്ന സംഭാവനകൾ മനസ്സിലാക്കാൻ പുതിയ രീതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
നഗരവൽക്കരണം, ജില്ലകളുടെ രൂപീകരണം, അതിർത്തികളിലെ മാറ്റങ്ങൾ തുടങ്ങിയവ പരിഗണിച്ച് സർവേയ്ക്കുള്ള സാമ്പിൾ തിരഞ്ഞെടുക്കുന്ന രീതിയിലും മാറ്റമുണ്ടാകും. പുതിയ രീതി നടപ്പാക്കുന്നതിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ നിലവിലുള്ളതും പുതുക്കിയതുമായ സാമ്പിൾ സംവിധാനങ്ങൾ ഒരുമിച്ച് ഉപയോഗിക്കും.
2027–28 കാലയളവിലേക്കുള്ള പുതിയ സാമ്പിൾ ശേഖരണത്തോടെയാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. നിർദേശിച്ച മാറ്റങ്ങളിൽ നയരൂപീകരണ വിദഗ്ധർ, ഗവേഷകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും കേന്ദ്രം ക്ഷണിച്ചിട്ടുണ്ട്.
English Summary
The central government is set to introduce changes to the Periodic Labour Force Survey (PLFS) to broaden data collection on India's labour market. As part of the reforms scheduled to take effect from January 2027, the survey will more explicitly include people working through digital platforms and those engaged in unpaid household work.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



