ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ഉഭയകക്ഷി വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് കടന്നതായി യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ വ്യക്തമാക്കി. മുംബൈയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരട് പൂർത്തിയാകുന്നതിന്റെ വക്കിലാണെന്ന പ്രഖ്യാപനം ഉണ്ടായത്. മാസങ്ങളായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളും താരിഫ് സംബന്ധമായ തർക്കങ്ങളും നീക്കി കരാർ ഒപ്പുവെക്കുന്നതിന് വളരെ അടുത്തേക്ക് ഇരുരാജ്യങ്ങളും എത്തിയിട്ടുണ്ടെന്നും, ചുരുക്കം ചില കാര്യങ്ങൾ മാത്രമാണ് ഇനി തീർപ്പാക്കാനുള്ളതെന്നും റൂബിയോ മാധ്യമങ്ങളോട് പറഞ്ഞു.
തന്ത്രപരമായ ആവശ്യം
ഈ ഉന്നതതല ചർച്ചകളിൽ വ്യാപാരത്തിന് പുറമെ രാജ്യങ്ങളുടെ സുരക്ഷയ്ക്കും വളർച്ചയ്ക്കും ആധാരമായ പ്രതിരോധ സഹകരണവും ഊർജ്ജ സുരക്ഷയും പ്രധാന ചർച്ചാ വിഷയങ്ങളായി മാറി. പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘർഷങ്ങളും അസ്ഥിരതയും ആഗോളതലത്തിൽ ഊർജ്ജ വിപണിയെയും എണ്ണവിലയെയും ബാധിച്ചേക്കാവുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളും വിതരണ ശൃംഖലയും സുരക്ഷിതമാക്കേണ്ടത് ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ ആവശ്യമാണെന്ന് നേതാക്കൾ വിലയിരുത്തി. റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്കയും ഇന്ത്യയും തമ്മിൽ നിലനിന്നിരുന്ന ഭിന്നതകൾക്കിടയിലും ഈ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ചർച്ചകൾ വഴിതെളിച്ചു.
വീണ്ടും ഒരുമിച്ചു വളരും
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ നയതന്ത്ര ബന്ധവും വരാനിരിക്കുന്ന വ്യാപാര കരാറും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്കും ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദീർഘകാലമായി നിലനിന്നിരുന്ന പല തടസ്സങ്ങളും നീങ്ങുന്നതോടെ, സാങ്കേതികവിദ്യ, പ്രതിരോധ ഉൽപ്പാദനം, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ജാം നഗർ സന്ദർശനത്തിന് പിന്നിൽ
യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോയുടെ ഗുജറാത്തിലെ ജാംനഗർ റിഫൈനറി സന്ദർശനവും, റിലയൻസ് ഇൻഡസ്ട്രീസിന്റെ വലിയ തോതിലുള്ള എണ്ണ ശുദ്ധീകരണ ശേഷിയും ഇന്ത്യ-അമേരിക്ക ഊർജ്ജ ബന്ധത്തിൽ വലിയ വഴിത്തിരിവാകുന്നു. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സമുച്ചയങ്ങളിലൊന്നായ ജാംനഗറിന് കനത്ത ക്രൂഡ് ഓയിൽ ഇനങ്ങൾ പോലും വളരെ എളുപ്പത്തിൽ ശുദ്ധീകരിക്കാനുള്ള അസാധാരണമായ കഴിവുണ്ടെന്ന് മാർക്കോ റൂബിയോ പ്രശംസിച്ചു. ആഗോളതലത്തിൽ ഡീസൽ വില ഉയരുന്നതും വിപണിയിൽ ഇന്ധനക്ഷാമം അനുഭവപ്പെടുന്നതും പരിഹരിക്കുന്നതിൽ റിലയൻസിന്റെ ഈ ശുദ്ധീകരണ ശാലയ്ക്ക് നിർണ്ണായക പങ്കുവ വഹിക്കാൻ കഴിയുമെന്നാണ് അമേരിക്ക കരുതുന്നത്.
വ്യാപാര സഹകരണം
വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് റിലയൻസ് നേരിടുന്ന തടസ്സങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യാനും അമേരിക്ക തയ്യാറാണെന്ന് റൂബിയോ വ്യക്തമാക്കി. വെനസ്വേലൻ എണ്ണ അമേരിക്കൻ വിപണിയുടെയും സഖ്യരാഷ്ട്രങ്ങളുടെയും ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിൽ നിലനിൽക്കുന്ന നയപരമായ തടസ്സങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിലയൻസുമായി മുൻപും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, ജാംനഗർ സന്ദർശന വേളയിൽ പുതിയ വ്യാപാര സഹകരണത്തിനുള്ള സാധ്യതകൾ നേരിട്ട് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
എണ്ണ ശുദ്ധീകരണത്തിനും സഹകരണം
റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അസ്ഥിരതയ്ക്ക് പരിഹാരം കാണാൻ അമേരിക്ക ഇപ്പോൾ പുതിയ വഴികൾ തേടുകയാണ്. ഇതിന്റെ ഭാഗമായി റിലയൻസ് പോലുള്ള വൻകിട കമ്പനികളുമായി നേരിട്ട് സഹകരിക്കുന്നത് ആഗോള ഇന്ധന വിതരണ ശൃംഖലയെ കൂടുതൽ സുസ്ഥിരമാക്കാൻ സഹായിക്കുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിലൂടെ, അമേരിക്കൻ വിപണിയിലെ ഡീസൽ പ്രതിസന്ധി പരിഹരിക്കാനും അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില നിയന്ത്രിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)



