2027 ജനുവരി 1 മുതൽ ഇന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ടെലികോം ചട്ടങ്ങൾ പ്രകാരം, വാട്സാപ്പ് , ടെലഗ്രാം തുടങ്ങിയ സന്ദേശമയയ്ക്കൽ ആപ്പുകൾ ഉപയോഗിക്കണമെങ്കിൽ ആ നമ്പറിലുള്ള സിം കാർഡ് ഫോണിൽ സജീവമായി ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ് . ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ പുതിയ സിം-ബൈൻഡിങ് നിയമപ്രകാരം, ആപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ കെ.വൈ.സി വെരിഫിക്കേഷനോടുകൂടി ആക്ടീവ് ആയ സിം ആയി ഡിവൈസിൽ പ്രവർത്തിക്കണം. വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് രാജ്യത്തിനകത്തും പുറത്തുനിന്നും നടത്തുന്ന സൈബർ തട്ടിപ്പുകളും ഡിജിറ്റൽ അറസ്റ്റ് പോലുള്ള കുറ്റകൃത്യങ്ങളും തടയുക എന്നതാണ് ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
നിർബന്ധമായി രജിസ്റ്റർ ചെയ്യണം
ഇതുവരെ ആളുകൾക്ക് സിം കാർഡ് മാറ്റിയോ ഊരിമാറ്റിയോ വൈഫൈ മാത്രം ഉപയോഗിച്ചോ വാട്സാപ്പ് പോലുള്ള ആപ്പുകൾ തുടർന്ന് ഉപയോഗിക്കാൻ സാധിച്ചിരുന്നു. എന്നാൽ പുതിയ മാറ്റം വരുന്നതോടുകൂടി, ആ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാർഡ് ഫോണിൽ ഇല്ലെങ്കിലോ അല്ലെങ്കിൽ ആ നമ്പർ പ്രവർത്തനരഹിതമായാലോ ആപ്പുകളുടെ പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുന്നതാണ്. ഒരേ സമയം ഒന്നിലധികം സിം ഉപയോഗിക്കുന്നവരും, ഒരു ഫോണിൽ സിം ഇട്ട് മറ്റൊരിൽ വാട്സാപ്പ് ഉപയോഗിക്കുന്നവരും ഇനി മുതൽ തങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പർ ആക്ടീവ് ആണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഫിസിക്കൽ സിമ്മുകൾക്ക് പുറമെ ഇ-സിം ഉപയോഗിക്കുന്നവർക്കും ഈ നിയമം ബാധകമാണ്, കൃത്യമായ കെ.വൈ.സി വിവരങ്ങളോടെ നമ്പർ ആക്ടീവ് ആണെങ്കിൽ പ്രശ്നങ്ങളില്ലാതെ ആപ്പുകൾ ഉപയോഗിക്കാനാകും.
തട്ടിപ്പ് തടയും
സൈബർ കുറ്റവാളികൾ പലപ്പോഴും വ്യാജ മേൽവിലാസത്തിൽ സിം വാങ്ങി, വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം വിദേശങ്ങളിലിരുന്നുകൊണ്ട് ഇന്ത്യയിലെ സാധാരണക്കാരായ ആളുകളെ കബളിപ്പിച്ച് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത് പതിവാണ്. ഇത്തരം തട്ടിപ്പുകൾക്ക് തടയിടാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് സർക്കാർ ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്പനികൾക്ക് ഇത് പാലിക്കാനുള്ള അവസാന തീയതി 2026 ഡിസംബർ 31 ആയി നിശ്ചയിച്ചിട്ടുള്ളതിനാൽ, 2027 ജനുവരി മുതൽ ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾ തങ്ങളുടെ സന്ദേശമയയ്ക്കൽ ആപ്പുകളുടെ ഉപയോഗത്തിലും സിം പരിപാലനത്തിലും ഈ പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



