കൂടുതൽ ശമ്പളം ലഭിക്കുന്നത് കൊണ്ടു മാത്രം പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും, മികച്ച ശീലങ്ങളാണ് പണം ലാഭിക്കാൻ സഹായിക്കുന്നതെന്നും ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവ് പങ്കുവെച്ച അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആഡംബര ജീവിതരീതികളിൽ മാറ്റം വരുത്താതെ തന്നെ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് എങ്ങനെ പണം ലാഭിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനായി അദ്ദേഹം തന്റെ ജീവിതത്തിൽ പരീക്ഷിച്ചു വിജയിച്ച ചില പ്രധാന ശീലങ്ങളാണ് മറ്റുള്ളവരുമായി പങ്കുവെച്ചിരിക്കുന്നത്.
ശീലങ്ങളിലൂടെ സമ്പാദ്യം വളർത്തി
തന്റെ യാത്രാച്ചെലവും സമയവും ലാഭിക്കുന്നതിനായി കൂടുതൽ ഫാൻസി ആയ സ്ഥലങ്ങൾക്ക് പകരം മെട്രോ സ്റ്റേഷന് അടുത്തുള്ള സ്ഥലത്തേക്ക് അദ്ദേഹം താമസം മാറ്റി. ഇത് ദിവസേനയുള്ള ഓട്ടോ, ഇന്ധനച്ചെലവുകൾ എന്നിവ ഒഴിവാക്കാൻ സഹായിച്ചതോടൊപ്പം മാനസിക സമ്മർദ്ദവും കുറച്ചു. കൂടാതെ, ഓൺലൈൻ വഴി പെട്ടെന്ന് സാധനങ്ങൾ വരുത്തുന്ന ക്വിക്ക് ഡെലിവറി, ചെറിയ ഓൺലൈൻ പർച്ചേസുകൾ, അനാവശ്യ സബ്സ്ക്രിപ്ഷനുകൾ തുടങ്ങിയ സൗകര്യങ്ങൾക്കായി പണം ചെലവഴിക്കുന്ന ശീലം അദ്ദേഹം പൂർണ്ണമായും നിയന്ത്രിച്ചു.
ധൂർത്തും നിയന്ത്രിച്ചു
അവധി ദിവസങ്ങളിൽ പ്ലാനില്ലാതെ കഫേകളിലും പബ്ബുകളിലും പോയി പണം ധൂർത്തടിക്കുന്നതിന് പകരം വാരാന്ത്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യാൻ അദ്ദേഹം തുടങ്ങി. ഒപ്പം, സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും മത്സരിച്ച് പുതിയ ഗാഡ്ജെറ്റുകൾ വാങ്ങുന്ന ശീലവും ഉപേക്ഷിച്ചു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിന് പകരം ഇടയ്ക്കിടെ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ തുടങ്ങിയത് ആരോഗ്യത്തിനും ഒപ്പം പോക്കറ്റിനും ഒരുപോലെ ഗുണം ചെയ്തതായും അദ്ദേഹം പറയുന്നു. ചെറിയ ഈ ശീലങ്ങൾ മാറ്റിയെടുക്കുന്നതിലൂടെ വലിയ രീതിയിൽ പണം ലാഭിക്കാൻ സാധിക്കുമെന്നാണ് ഇദ്ദേഹം നൽകുന്ന പ്രധാന സന്ദേശം.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



