രാജ്യത്തെ പ്രമുഖ മ്യൂച്വൽ ഫണ്ട് കമ്പനികളായ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സിഐ പ്രുഡൻഷ്യൽ, ടാറ്റ, ഇൻവെസ്കോ തുടങ്ങി നിരവധി അസറ്റ് മാനേജ്മെന്റ് കമ്പനികൾ തങ്ങളുടെ ഗോൾഡ് ഫണ്ട് ഓഫ് ഫണ്ടുകളിലെ പുതിയ നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. സ്വർണ്ണ ഫണ്ടുകളിലേക്കുള്ള അമിതമായ പണപ്രവാഹം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് എച്ച്.ഡി.എഫ്.സി മ്യൂച്വൽ ഫണ്ട്, ഐ.സി.ഐ.സിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് തുടങ്ങിയവർ ഒക്ടോബർ പകുതിയോടെ പുതിയ ലംപ്സം നിക്ഷേപങ്ങളും ഫ്രഷ് രജിസ്ട്രേഷനുകളും താൽക്കാലികമായി മരവിപ്പിച്ചത്.
പുതിയ നിക്ഷേപം
ഈ പുതിയ തീരുമാനപ്രകാരം, മേൽപ്പറഞ്ഞ മ്യൂച്വൽ ഫണ്ടുകളുടെ ഗോൾഡ് ഫണ്ടുകളിലേക്ക് ഇനി മുതൽ പുതിയതായി ലംപ്സം തുക നിക്ഷേപിക്കാനോ , പുതിയ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ , സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാനുകൾ എന്നിവ പുതിയതായി രജിസ്റ്റർ ചെയ്യാനോ സാധിക്കില്ല. സ്വർണ്ണ വിലയിലുണ്ടായ വലിയ മുന്നേറ്റവും വിപണിയിലെ അസ്ഥിരതയും കാരണം നിക്ഷേപകർ കൂട്ടത്തോടെ ഇത്തരം ഫണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നത് ഒഴിവാക്കാനാണ് കമ്പനികളുടെ ഈ നടപടി. എങ്കിലും, നിലവിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനോ അല്ലെങ്കിൽ സ്വിച്ച് ഔട്ട് ചെയ്യുന്നതിനോ യാതൊരുവിധ തടസ്സങ്ങളും ഏർപ്പെടുത്തിയിട്ടില്ല.
നിലവിലെ എസ് ഐ പികളേയും ബാധിച്ചു
അതേസമയം, ഈ പുതിയ ഉത്തരവ് വരുന്നതിന് മുൻപ് തന്നെ നിലവിലുള്ള സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ , സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാനുകൾ എന്നിവ തടസ്സമില്ലാതെ തുടരുമെന്നും ഫണ്ട് കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. അതായത് നിലവിൽ എസ്.ഐ.പി വഴി നിക്ഷേപം നടത്തുന്ന സാധാരണക്കാർക്ക് അത് മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാം. എന്നാൽ നിലവിലുള്ള എസ്.ഐ.പികളിൽ പുതിയതായി ടോപ്-അപ്പ് ചെയ്യാനോ തുക വർദ്ധിപ്പിക്കാനോ ഉള്ള സൗകര്യം തൽക്കാലത്തേക്ക് അനുവദിക്കുന്നതല്ല. വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം കമ്പനികൾ ഈ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നത് വരെ ഈ താത്കാലിക വിലക്ക് തുടരുന്നതായിരിക്കും.നിലവിലുള്ള നിക്ഷേപം തുടരാൻ അനുവദിക്കും എന്ന് പറയുമ്പോഴും, എസ് ബി ഐ യുടെ ഗോൾഡ് മ്യൂച്ചൽ ഫണ്ടുകളിലേക്കുള്ള നിലവിലെ സിപ്പുകൾ മരവിപ്പിച്ചിരിക്കുകയാണ്. എ എം സി സിപ്പുകൾ മാത്രമേ തുടരുകയുള്ളൂ എന്നാണ് എസ് ബി ഐ തീരുമാനിച്ചിരിക്കുന്നത്, എന്നാൽ, ഇതൊരു സ്ഥിരമായ മരവിപ്പിക്കാൻ അല്ല എന്നും ഫണ്ട് ഹൗസുകൾ പറയുന്നുണ്ട്.



