പൊതുമേഖലാ ടെലികോം കമ്പനികളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെയും (BSNL) മഹാനഗർ ടെലിഫോൺ നിഗമിന്റെയും (MTNL) ഭൂമി, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ആസ്തികൾ വിറ്റഴിച്ച് പണം കണ്ടെത്താനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. ഏകദേശം 1,300 കോടി രൂപ മൂല്യം കണക്കാക്കിയ പുതിയ ആസ്തി പണമാക്കൽ നിർദേശങ്ങളാണ് സർക്കാർ പരിഗണനയ്ക്ക് എടുത്തിരിക്കുന്നത്.
ധനമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ലാൻഡ് മോണിറ്റൈസേഷൻ കോർപ്പറേഷന്റെ (NLMC) ഡയറക്ടർ ബോർഡിന്റെ 22-ാമത് യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ പരിഗണിച്ചത്. ഈ നിർദേശങ്ങൾ നിലവിലെ സാമ്പത്തിക വർഷം എൻഎൽഎംസി വഴി ഇതിനകം പണമാക്കി മാറ്റിയ 9,000 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾക്ക് പുറമേയുള്ളതാണ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും (CPSEs) സർക്കാർ വകുപ്പുകളുടെയും ഉപയോഗിക്കാത്തതും അധികമായുള്ളതുമായ ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയ ആസ്തികൾ കണ്ടെത്തി അവയിൽനിന്ന് വരുമാനം നേടുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനമാണ് എൻഎൽഎംസി. ആസ്തികളുടെ മൂല്യനിർണയം, വിൽപ്പനയ്ക്കുള്ള നടപടികൾ, ലേലം തുടങ്ങിയവയ്ക്കും സ്ഥാപനം നേതൃത്വം നൽകുന്നു.
സ്വന്തം ആസ്തികൾ വിറ്റഴിക്കാനുള്ള നടപടികളും എൻഎൽഎംസി ശക്തമാക്കുന്നുണ്ട്. ന്യൂഡൽഹിയിലും മുംബൈയിലുമായി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 17 വാസസ്ഥലങ്ങളുടെ മൂല്യനിർണയ റിപ്പോർട്ടുകൾ ഡയറക്ടർ ബോർഡ് പരിഗണിച്ചു. അടച്ചുപൂട്ടിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ചവയാണ് ഈ കെട്ടിടങ്ങൾ.
നേരത്തെ പ്രയാഗ്രാജിലും ചെന്നൈയിലുമുള്ള വാസസ്ഥലങ്ങൾ ഇ-ലേലത്തിലൂടെ വിൽക്കാനുള്ള നടപടികൾ എൻഎൽഎംസി ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഡൽഹിയിലെയും മുംബൈയിലെയും ആസ്തികൾ കൂടി വിപണിയിലെത്തിക്കുന്നത്.
വിശാഖപട്ടണത്ത് രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന് (RINL) വേണ്ടി എൻഎൽഎംസി നടത്തിയ രണ്ട് ഇ-ലേലങ്ങളും യോഗം വിലയിരുത്തി. ഒക്ടോബർ 12, നവംബർ 3 തീയതികളിൽ നടന്ന ലേലങ്ങളിലൂടെ 264 ഭൂമിയിടങ്ങൾക്ക് ആകെ 584.40 കോടി രൂപയുടെ ഉയർന്ന ലേലത്തുക ലഭിച്ചു. എൻഎൽഎംസിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സമ്പൂർണ ഇ-ലേല നടപടിയെന്ന പ്രത്യേകതയും ഇതിനുണ്ട്.
സർക്കാർ സ്ഥാപനങ്ങളുടെ ആസ്തികൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുക, സുതാര്യമായ ലേല നടപടികളിലൂടെ പരമാവധി മൂല്യം കണ്ടെത്തുക, കോർപ്പറേഷന്റെ പ്രവർത്തനശേഷി വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും യോഗം ചർച്ച ചെയ്തു. രാജ്യത്തെ ഉപയോഗിക്കപ്പെടാത്ത പൊതുമേഖലാ ആസ്തികളിൽനിന്ന് സാമ്പത്തിക മൂല്യം കണ്ടെത്തി അവ ഉൽപ്പാദനക്ഷമമായ ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയാണ് എൻഎൽഎംസിയുടെ പ്രധാന ലക്ഷ്യം.
English Summary
The Central Government is moving ahead with plans to monetise the assets of public sector telecom companies Bharat Sanchar Nigam Limited (BSNL) and Mahanagar Telephone Nigam Limited (MTNL), including land and buildings. The government has taken up fresh asset monetisation proposals estimated to be worth approximately Rs 1,300 crore for consideration.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



