ഇന്ത്യയിലെ മദ്യരഹിത പാനീയ വിപണി (Non-Alcoholic Beverage Market) വരും വർഷങ്ങളിൽ വലിയ വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്. 2030 സാമ്പത്തിക വർഷത്തോടെ വിപണിയുടെ മൂല്യം 2.56 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തൽ. പ്രതിവർഷം ഏകദേശം 13 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ 1.40 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്തെ റെഡി-ടു-ഡ്രിങ്ക് മദ്യരഹിത പാനീയ വിപണിയുടെ മൂല്യം. പരമ്പരാഗത ദാഹശമന പാനീയങ്ങളിൽ നിന്ന് ആരോഗ്യപരമായ ഗുണങ്ങളും മറ്റ് പ്രത്യേക ഉപയോഗങ്ങളും വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളിലേക്ക് ഉപഭോക്താക്കൾ മാറുന്നതാണ് വിപണിയിലെ വളർച്ചയ്ക്ക് പ്രധാന കാരണം.
എനർജി ഡ്രിങ്കുകൾ, പ്രോട്ടീൻ പാനീയങ്ങൾ, നൂതന ഹൈഡ്രേഷൻ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള വർധിച്ചുവരുന്ന ആവശ്യകതയാണ് ഈ മാറ്റത്തിന് പിന്നിൽ. മൊത്തത്തിലുള്ള വ്യവസായ വളർച്ചയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ എനർജി ഡ്രിങ്ക്, അഡ്വാൻസ്ഡ് ഹൈഡ്രേഷൻ വിഭാഗങ്ങൾ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 മുതൽ 2031 വരെയുള്ള കാലയളവിൽ എനർജി ഡ്രിങ്ക് വിപണി പ്രതിവർഷം 25.6 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്ക് (CAGR) കൈവരിക്കുമെന്നാണ് റിപ്പോർട്ട്. അഡ്വാൻസ്ഡ് ഹൈഡ്രേഷൻ ഉൽപ്പന്നങ്ങളുടെ വളർച്ചാനിരക്ക് 30.2 ശതമാനമായിരിക്കുമെന്നും കണക്കാക്കുന്നു.
2026 സാമ്പത്തിക വർഷത്തിൽ 9,300 കോടി രൂപയായിരുന്ന എനർജി ഡ്രിങ്ക് വിപണിയുടെ മൂല്യം 2030-ഓടെ 29,000 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ. അതേസമയം, 4,200 കോടി രൂപയായിരുന്ന അഡ്വാൻസ്ഡ് ഹൈഡ്രേഷൻ വിപണി 15,800 കോടി രൂപയിലെത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രോട്ടീൻ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലും വലിയ മാറ്റമാണ് സംഭവിക്കുന്നത്. പരമ്പരാഗത പോഷകാഹാര സപ്ലിമെന്റുകൾ എന്നതിൽ നിന്ന് മാറി ദൈനംദിന ഉപയോഗത്തിനുള്ള റെഡി-ടു-ഡ്രിങ്ക് പാനീയങ്ങളിലേക്കും പ്രോട്ടീൻ ഉൽപ്പന്നങ്ങൾ വ്യാപിക്കുകയാണ്.
പാക്കേജ്ഡ് കുടിവെള്ളത്തിനപ്പുറം സ്പോർട്സ് ആവശ്യങ്ങൾക്കും ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അളവ് പുനഃസ്ഥാപിക്കാനും വ്യായാമശേഷം ശരീരത്തെ വീണ്ടെടുക്കാനും സഹായിക്കുന്ന ഹൈഡ്രേഷൻ ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാരേറുന്നു. ഹിന്ദുസ്ഥാൻ യൂണിലിവറും ടാറ്റ കൺസ്യൂമറും ഈ വിഭാഗത്തിൽ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ പഞ്ചസാരയുള്ള പാനീയങ്ങൾക്കും പഞ്ചസാര തീരെയില്ലാത്ത ഉൽപ്പന്നങ്ങൾക്കും ആവശ്യകത വർധിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ പ്രവണത പ്രയോജനപ്പെടുത്തുന്നതിനായി കമ്പനികൾ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയാണ്.
എനർജി ഡ്രിങ്ക് വിഭാഗത്തിൽ മിഡ് പ്രൈസ് ശ്രേണിയിലുള്ള ആഡ് റഷ്, പ്രീമിയം മിക്സർ വിഭാഗത്തിൽ എവർവെസ് എന്നീ ഉൽപ്പന്നങ്ങൾ വരുണ് ബീവറേജസ് അവതരിപ്പിച്ചിട്ടുണ്ട്. പാനീയങ്ങൾക്ക് പുറമെ പ്രോട്ടീൻ സമ്പന്നമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ, പ്രത്യേക ചേരുവകൾ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ എന്നിവയിലേക്കും ഉപഭോക്തൃ ഉൽപ്പന്ന കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ഉൽപ്പന്നങ്ങൾ, പ്രീമിയം വിഭാഗങ്ങൾ, പുതിയ ഉപഭോഗ മേഖലകൾ എന്നിവയിലേക്കുള്ള കമ്പനികളുടെ ചുവടുമാറ്റമാണ് ഈ ഉൽപ്പന്ന ലോഞ്ചുകൾ വ്യക്തമാക്കുന്നതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
English Summary
India's non-alcoholic beverage market is expected to witness significant growth in the coming years, according to a report. The market is projected to reach Rs 2.56 lakh crore by FY30, registering an annual growth rate of approximately 13 percent. The country's ready-to-drink non-alcoholic beverage market was valued at Rs 1.40 lakh crore in FY26. The growing shift among consumers from traditional thirst-quenching beverages to products offering health benefits and specific functional advantages is a key factor driving market growth.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



