ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ വിലാസങ്ങൾ സൃഷ്ടിച്ച് ലുലു ഗ്രൂപ്പിൽ നിന്ന് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലുലു ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റാലിയൻ കമ്പനിയായ IE Park S.R.L.-ന്റെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
2026 സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഇറ്റാലിയൻ കമ്പനിയിൽ നിന്ന് വാങ്ങിയ ഗെയിമിംഗ് ഉപകരണങ്ങളുടെ പണം നൽകാനുണ്ടെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ലുലു ഗ്രൂപ്പിനെ സമീപിച്ചത്. യഥാർഥ കമ്പനിയുടേതിന് സമാനമായ ഇമെയിൽ വിലാസങ്ങളിൽനിന്ന് ഇൻവോയ്സുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അയച്ചായിരുന്നു തട്ടിപ്പ്.
ഇമെയിലുകളും രേഖകളും യഥാർഥമാണെന്ന് വിശ്വസിച്ച ലുലു ഗ്രൂപ്പ് തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1,50,500 യൂറോ (ഏകദേശം ₹1.64 കോടി) കൈമാറിയെന്നാണ് എഫ്.ഐ.ആറിലെ വിവരങ്ങൾ. പണം യഥാർഥ കമ്പനിക്ക് ലഭിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
വ്യാജ ഇലക്ട്രോണിക് രേഖകൾ ഉപയോഗിച്ചുള്ള ആൾമാറാട്ടവും സാമ്പത്തിക തട്ടിപ്പും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തട്ടിപ്പിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പണം കൈമാറിയ അക്കൗണ്ടുകളും തട്ടിപ്പിന് ഉപയോഗിച്ച ഇമെയിൽ വിലാസങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
English Summary
A complaint has been filed alleging that ₹1.64 crore was defrauded from Lulu Group using fake email addresses created in the name of an Italian company. The Kochi Cyber Police have registered a case and launched an investigation. According to the complaint, the fraudsters used email addresses resembling those of IE Park S.R.L., an Italian company that has maintained a long-standing business relationship with Lulu Group.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



