വ്യാപാരികള്‍ക്ക് സമരാശങ്ക
നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടത്താനിരിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ റാലി മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് വ്യാപാരികളുടെ സംഘടനയായ ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി (CTI) ആവശ്യപ്പെട്ടു. ദീപാവലിക്ക് മുന്നോടിയായുള്ള തിരക്കേറിയ വ്യാപാരകാലത്ത് റാലി, ഗതാഗതത്തെയും മൊത്ത-ചില്ലറ വിപണികളിലെ ഇടപാടുകളെയും ബാധിക്കുമെന്നും ഏകദേശം 10,000 കോടി രൂപയുടെ വ്യാപാരനഷ്ടമുണ്ടാകാമെന്നുമാണ് സംഘടനയുടെ മുന്നറിയിപ്പ്. ധന്തേരസ് നവംബര്‍ 6-നും ദീപാവലി നവംബര്‍ 8-നും ഭായ് ദൂജ് നവംബര്‍ 10-നും നടക്കാനിരിക്കെ, നവംബര്‍ 10-ന് ശേഷത്തേക്ക് റാലി മാറ്റണമെന്നാണ് CTI ചെയര്മാന് ബ്രിജേഷ് ഗോയല്‍ ആവശ്യപ്പെട്ടത്. ധന്തേരസ് കാലത്ത് ഡല്‍ഹിയില്‍ സ്വര്‍ണം, വെള്ളി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി ഏകദേശം 25,000 കോടി രൂപയുടെ വ്യാപാരം നടക്കാറുണ്ടെന്നും ഒക്ടോബറില്‍ റാലികളും റോഡ് നിയന്ത്രണങ്ങളും കാരണം ഇതിനകം 3,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സംഘടന പറയുന്നു.
അവധൂത് സാഠെക്കെതിരെ സെബി നടപടി
രജിസ്ട്രേഷന് ഇല്ലാതെ നിക്ഷേപ ഉപദേശക-ഗവേഷണ സേവനങ്ങള്‍ നല്‍കിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അവധൂത് സാഠെ ട്രേഡിങ് അക്കാദമിയോടും സ്ഥാപകന്‍ അവധൂത് സാഠെയോടും നിക്ഷേപകരില്‍നിന്ന് പിരിച്ചെടുത്ത 546.17 കോടി രൂപ തിരികെ നല്കാന് സെബി നിര്‍ദേശിച്ചു. ഇതിന് പുറമെ 67.87 കോടി രൂപ പലിശയായി നിക്ഷേപക സംരക്ഷണ-വിദ്യാഭ്യാസ ഫണ്ടില്‍ അടയ്ക്കണം. അക്കാദമിക്കും സ്ഥാപകനും ഓഹരി വിപണിയില്‍ പ്രവേശിക്കുന്നതിന് രണ്ട് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി; ഡയറക്ടര്‍ ഗൗരി അവധൂത് സാഠെയ്ക്ക് ആറുമാസത്തെ വിലക്കുണ്ട്. അക്കാദമിക്ക് 6 കോടി, അവധൂത് സാഠെയ്ക്ക് 4 കോടി, ഗൗരി സാഠെയ്ക്ക് 1.5 കോടി എന്നിങ്ങനെ ആകെ 11.5 കോടി രൂപ പിഴയും ചുമത്തി. 2017 ജൂലൈ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച സെബി, പരിശീലനത്തിന്റെ പേരില്‍ ഓഹരികള്‍ സംബന്ധിച്ച വാങ്ങല്‍-വില്‍പ്പന നിര്‍ദേശങ്ങളും ലക്ഷ്യവിലകളും സ്റ്റോപ്പ് ലോസ് നിര്‍ദേശങ്ങളും നല്‍കിയതായി കണ്ടെത്തിയിരുന്നു.
ജിയോ പ്ലാറ്റ്ഫോംസ് മൂന്നാമത്തെ വലിയ കമ്പനിയാകും
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ സേവന വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ലിസ്റ്റഡ് കമ്പനികളിലൊന്നാകുമെന്ന് റിപ്പോര്‍ട്ട്. ഐപിഒയിലെ ഉയര്‍ന്ന വിലയായ 1,119 അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. 30,188 കോടി രൂപയുടെ ഐപിഒയ്ക്ക് മൊത്തത്തില്‍ 22.19 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. ആങ്കര്‍ നിക്ഷേപകരുടെ വിഹിതം ഉള്‍പ്പെടെയുള്ള മൊത്തം ആവശ്യകത 7.4 ലക്ഷം കോടി രൂപ കടന്നു. ജിയോ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ റിലയന്‍സ് ഗ്രൂപ്പിന്റെ മൊത്തം ലിസ്റ്റഡ് വിപണിമൂല്യത്തിലും കാര്യമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക് മികച്ച രണ്ടാം പാദ ഫലം
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 26.72 ശതമാനം ഉയര്‍ന്ന് 5,634.07 കോടിയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 4,445.94 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് ചെയ്ത പാദത്തിലെ മൊത്തം വരുമാനം 29,426.88 കോടി രൂപയായി; അറ്റപലിശ മാര്‍ജിന്‍ (NIM) മുന്‍വര്‍ഷത്തെ 4.54 ശതമാനത്തില്‍നിന്ന് 4.31 ശതമാനമായി കുറഞ്ഞു. ശരാശരി നിക്ഷേപം 19 ശതമാനം വര്‍ധിച്ച് 6.06 ലക്ഷം കോടി രപയായി. അതേസമയം, മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം 1.39 ശതമാനത്തില്‍നിന്ന് 1.04 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി അനുപാതം 0.32 ശതമാനത്തില്‍നിന്ന് 0.24 ശതമാനമായും കുറഞ്ഞു.
കാനഡക്ക് ട്രംപിന്റെ തീരുവയിളവ്
കാനഡയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവയില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. പ്ലൈവുഡ് ഷീറ്റുകള്‍, ചില കടലാസ് ഉല്‍പ്പന്നങ്ങള്‍, പ്രത്യേക യന്ത്രങ്ങള്‍, ശീതീകരണ ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഇളവ് ബാധകമാകുന്നത്. നവംബര്‍ 3-ന് അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം; കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ഓഗസ്റ്റില്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷം ശക്തമായിരുന്നു. അതേസമയം, പരവതാനികള്‍, ചില വാല്‍വുകള്‍, മാലിന്യ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ വിഭാഗങ്ങള്‍ക്ക് ഒക്ടോബര്‍ 30 മുതല്‍ 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



