ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വിപണിയിൽ വലിയൊരു മാറ്റം സംഭവിക്കുന്നതായി ട്രാൻസ്യൂണിയൻ സിബിൽ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു. രാജ്യത്ത് പുതിയതായി ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കുന്നവരിൽ പകുതിയും 30 വയസ്സിന് താഴെയുള്ള ജെൻ സി വിഭാഗത്തിൽപ്പെട്ടവരാണ്. വലിയ നഗരങ്ങൾക്ക് പുറമെ ചെറുഗരങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും യുവാക്കൾക്കിടയിലും ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം അതിവേഗം വർദ്ധിച്ചുവരികയാണ്. ഡിജിറ്റൽ ഇടപാടുകളുടെ കടന്നുവരവും ഓൺലൈൻ ഷോപ്പിംഗ് സംസ്കാരവും ചെറുപ്പക്കാരെ ഇത്തരം സാമ്പത്തിക ഉൽപ്പന്നങ്ങളിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
വായ്പയും എടുക്കും
എന്നാൽ മുൻകാല തലമുറകളിൽ നിന്ന് വ്യത്യസ്തമായി, പല യുവതീയുവാക്കളും തങ്ങളുടെ ആദ്യത്തെ ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ തന്നെ മറ്റ് ചില വായ്പകളോ ലോണുകളോ കൂടി ഉപയോഗിക്കുന്നവരായിട്ടാണ് കാണപ്പെടുന്നത്. പഠനറിപ്പോർട്ട് അനുസരിച്ച്, ആദ്യമായി ക്രെഡിറ്റ് കാർഡ് എടുത്ത ജെൻ സി വിഭാഗത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ഇതിനകം തന്നെ ഉപഭോഗ വസ്തുക്കൾ വാങ്ങിയ വായ്പകളോ ചെറിയ വ്യക്തിഗത വായ്പകളോ ഉണ്ടായിരുന്നു. അതായത്, പൂർണ്ണമായും പുതിയൊരു സാമ്പത്തിക ലോകത്തേക്കല്ല മറിച്ച് നിലവിലുള്ള വായ്പകളുടെ കൂടെ പുതിയൊരു സൗകര്യമായിട്ടാണ് അവർ ക്രെഡിറ്റ് കാർഡുകളെ കാണുന്നത്.
ഇത്തരത്തിൽ വളരെ വേഗത്തിൽ സാമ്പത്തിക സേവനങ്ങൾ ഉപയോഗിച്ചു തുടങ്ങുന്ന ചെറുപ്പക്കാർ പലപ്പോഴും കാർഡ് ലഭിച്ച ആദ്യ മാസങ്ങളിൽ തന്നെ വലിയ തുകകൾ ചെലവഴിക്കുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു. ഒരേസമയം ഒന്നിലധികം ക്രെഡിറ്റ് കാർഡുകളും വായ്പകളും കൈകാര്യം ചെയ്യുന്നത് ഭാവിയിൽ തിരിച്ചടവുകളെയും വ്യക്തിഗത സാമ്പത്തിക ഭദ്രതയെയും ബാധിക്കാതിരിക്കാൻ ഉപയോക്താക്കൾ കൂടുതൽ ശ്രദ്ധയും സാമ്പത്തിക അച്ചടക്കവും പുലർത്തേണ്ടതുണ്ടെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
മാറുന്ന ജീവിതരീതി
ഇന്നത്തെ യുവതീയുവാക്കൾ മുൻകാല തലമുറകളെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ വായ്പകളും ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ചു തുടങ്ങുന്നതിന് പിന്നിൽ പ്രധാനമായും അവരുടെ മാറുന്ന ജീവിതരീതിയാണ് കാരണം. ഓൺലൈൻ ഷോപ്പിംഗ്, ആഡംബര വസ്തുക്കൾ, സ്മാർട്ട്ഫോണുകൾ, യാത്രാസൗകര്യങ്ങൾ എന്നിവയെല്ലാം സ്വന്തമാക്കാൻ ഇപ്പോൾ വാങ്ങി പിന്നീട് പണം നൽകുക തുടങ്ങിയ സൗകര്യങ്ങളെയാണ് അവർ ആശ്രയിക്കുന്നത്. ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി പണം സ്വരൂപ്പിച്ചു വെച്ച് കാത്തിരിക്കുന്നതിന് പകരം, എളുപ്പത്തിൽ ലഭ്യമാകുന്ന ചെറിയ വായ്പകളിലൂടെയും ക്രെഡിറ്റ് കാർഡുകളിലൂടെയും തങ്ങളുടെ ആവശ്യങ്ങൾ ഉടൻ സാധിച്ചെടുക്കാനാണ് ഇവർ താൽപ്പര്യപ്പെടുന്നത്.
കൂടാതെ, ഡിജിറ്റൽ യുഗത്തിന്റെ കടന്നുവരവോടെ ബാങ്ക് വായ്പകളും ക്രെഡിറ്റ് കാർഡുകളും വളരെ എളുപ്പത്തിൽ മൊബൈൽ ആപ്പുകൾ വഴി ലഭ്യമാകുന്നു എന്നതും ഇതിനൊരു കാരണമാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാൽ കൃത്യമായ മുൻകരുതലുകളോ തിരിച്ചടവ് പ്ലാനോ ഇല്ലാതെ ഒന്നിലധികം വായ്പകളിലേക്ക് എടുത്തുചാടുന്നത് ഭാവിയിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾക്കും കടക്കെണികൾക്കും കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



