ഇന്നത്തെ കാലത്ത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ചെറുപ്പകാലത്ത് തന്നെ നിക്ഷേപങ്ങൾ ആരംഭിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ പശ്ചാത്തലത്തിലാണ്, മാസം 1.6 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന 25 വയസ്സുള്ള ഒരു യുവതി തന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ റെഡ്ഡിറ്റ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. വെറും അഞ്ച് വർഷത്തിനുള്ളിൽ 1 കോടി രൂപ സമ്പാദിക്കുക എന്ന വലിയ ലക്ഷ്യത്തോടെ അവർ എങ്ങനെയാണ് മ്യൂച്ചൽ ഫണ്ടുകൾ, സ്വർണം, മറ്റ് നിക്ഷേപങ്ങൾ എന്നിവ വഴി പണം കൈകാര്യം ചെയ്യുന്നത് എന്നാണ് ഈ വാർത്തയിൽ ഉള്ളത്.
നിക്ഷേപ രീതികൾ
കുടുംബത്തിന് നൽകുന്ന തുകയും സ്വന്തം ചിലവുകളും കഴിഞ്ഞുള്ള ബാക്കി തുക മികച്ച രീതിയിൽ നിക്ഷേപിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.മ്യൂച്ചൽ ഫണ്ടുകൾ, സ്വർണം, ആർ.ഡി , എഫ്.ഡി തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലാണ് ഇവർ പ്രധാനമായും പണം നിക്ഷേപിക്കുന്നത്. എന്നാൽ താൻ കൂടുതൽ കൺസർവേറ്റീവ് ആയ രീതിയിലാണോ നിക്ഷേപിക്കുന്നത് എന്നും, ലക്ഷ്യത്തിലെത്താൻ ഈ തന്ത്രം മതിയാകുമോ എന്നും അവർ മറ്റ് ഉപയോക്താക്കളോട് സംശയം ചോദിക്കുന്നുണ്ട്.
റെഡ്ഡിറ്റിലെ പലരും ഈ യുവതിയുടെ സാമ്പത്തിക അച്ചടക്കത്തെ പ്രശംസിക്കുകയും, കൂടുതൽ മികച്ച വരുമാനത്തിനായി മ്യൂച്ചൽ ഫണ്ടുകൾ പോലെയുള്ള ഇടങ്ങളിലെ നിക്ഷേപങ്ങൾ പുനഃക്രമീകരിക്കാൻ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എന്നാൽ 5 വർഷം കൊണ്ട് 1 കോടി രൂപ എന്ന ലക്ഷ്യത്തിൽ എത്തുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും, കൃത്യമായ പ്ലാനിങ്ങിലൂടെ നല്ലൊരു തുക ഉണ്ടാക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലക്ഷ്യം വേണം
ഒരു കൃത്യമായ തുക മനസ്സിൽ കണ്ടുകൊണ്ട് സാമ്പത്തിക ആസൂത്രണം നടത്തുന്നത് നമ്മുടെ പണം ധൂർത്തടിക്കുന്നത് തടയാനും ഭാവിയിലെ ആവശ്യങ്ങൾ കൃത്യസമയത്ത് നേടാനും നമ്മെ സഹായിക്കും. എത്ര രൂപ വേണം എന്ന വ്യക്തമായ ലക്ഷ്യമുണ്ടെങ്കിൽ അതിനായുള്ള ശരിയായ നിക്ഷേപമാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാനും, ചെറിയ പ്രായത്തിൽ തന്നെ മികച്ച സമ്പാദ്യം ഉണ്ടാക്കി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനും സാധിക്കും.



