വരുന്ന പത്തോ പതിനഞ്ചോ വർഷത്തിനുള്ളിൽ ആഗോളതലത്തിൽ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്ന കോടിക്കണക്കിന് യുവജനങ്ങൾക്കായി വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടില്ലെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ മുന്നറിയിപ്പ് നൽകുന്നു. അടുത്ത ദശകത്തിൽ ഏകദേശം 120 കോടി യുവജനങ്ങൾ തൊഴിൽ തേടി രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വെറും 40 കോടി തൊഴിലവസരങ്ങൾ മാത്രമാണ് ലഭ്യമാകുകയെന്നും, ഇത് വലിയൊരു തൊഴിൽ പ്രതിസന്ധിക്ക് , 800 ദശലക്ഷം തൊഴിലുകളുടെ കുറവിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കാരണങ്ങൾ നിരവധി
യുദ്ധങ്ങൾ, വർദ്ധിച്ചുവരുന്ന കടഭാരം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ കാരണം ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങൾ കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. ഈ പശ്ചാത്തലത്തിൽ, യുവജനങ്ങൾക്ക് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് രാജ്യങ്ങളുടെ ഭാവി നിർണ്ണയിക്കുന്നതിൽ അതിപ്രധാനമാണെന്ന് അജയ് ബംഗ ചൂണ്ടിക്കാണിക്കുന്നു.
എങ്ങിനെ പരിഹരിക്കാം?
ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാരുകൾ മാത്രം വിചാരിച്ചാൽ പോരെന്നും, സ്വകാര്യ നിക്ഷേപകർ, ജീവകാരുണ്യ സംഘടനകൾ, സാങ്കേതിക വിദ്യ നൽകുന്നവർ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയും നൂതന സാങ്കേതികവിദ്യകളുടെ സഹായത്തിലൂടെയും മാത്രമേ ഈ ഭീമാഹരമായ തൊഴിൽക്കുറവ് പരിഹരിക്കാനും രാജ്യങ്ങൾക്ക് സാമ്പത്തിക വളർച്ച കൈവരിക്കാനും സാധിക്കൂ എന്നാണ് ലോകബാങ്കിന്റെ പ്രധാന നിർദ്ദേശം.
ഒരേ ലക്ഷ്യം
സർക്കാരുകൾക്കൊപ്പം സ്വകാര്യ നിക്ഷേപകരും ജീവകാരുണ്യ സംഘടനകളും സാങ്കേതിക വിദ്യ നൽകുന്നവരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, രാജ്യത്ത് പുതിയതും സുസ്ഥിരവുമായ തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കപ്പെടാം എന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ വ്യക്തമാക്കുന്നു. പരമ്പരാഗത രീതികൾക്ക് അപ്പുറത്തേക്ക് വിഭവങ്ങളെയും സാങ്കേതികവിദ്യയെയും ഒരേ ലക്ഷ്യത്തിനായി സംയോജിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന രീതി.
ഒന്നാമതായി, സ്വകാര്യ നിക്ഷേപങ്ങളുടെയും പൊതുധനത്തിന്റെയും സംയോജനത്തിലൂടെ അടിസ്ഥാന സൗകര്യ വികസനം, ഊർജം , ഉത്പാദന മേഖലകൾ എന്നിവയിൽ വലിയ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കും. ഇത് വലിയതോതിൽ പുതിയ തൊഴിലവസരങ്ങൾ തുറന്നു നൽകുന്നു. അതുപോലെ, ആധുനിക സാങ്കേതികവിദ്യ നൽകുന്നവരുടെ സഹായത്തോടെ പുതിയ കാലഘട്ടത്തിന് ആവശ്യമായ ഡിജിറ്റൽ നൈപുണ്യ പരിശീലനങ്ങളും തൊഴിൽ പരിശീലനങ്ങളും യുവാക്കൾക്ക് ലഭ്യമാക്കാൻ സാധിക്കും.
ചെറുകിട സംരംഭങ്ങൾ
രണ്ടാമതായി, ജീവകാരുണ്യ സംഘടനകളുടെയും മറ്റ് കൂട്ടായ്മകളുടെയും സഹകരണത്തോടെ ഗ്രാമീണ മേഖലകളിലും താഴെത്തട്ടിലുള്ള ജനങ്ങൾക്കിടയിലും ചെറുകിട സംരംഭങ്ങളെയും പുതിയ ആശയങ്ങളെയും പ്രോത്സാഹിപ്പിക്കാൻ കഴിയും. ഇത് പ്രാദേശിക തലത്തിൽ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയും നൂതന ആശയങ്ങളിലൂടെയും മാത്രമേ വരാനിരിക്കുന്ന തൊഴിൽ പ്രതിസന്ധിയെ വിജയകരമായി മറികടക്കാൻ സാധിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.



