ശിശുക്കളുടെ പാൽ ഉൽപ്പന്നങ്ങളുടെയും പോഷകാഹാരങ്ങളുടെയും നിയമവിരുദ്ധമായ പരസ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും ചൂണ്ടിക്കാട്ടി പ്രമുഖ ഭക്ഷ്യ കമ്പനികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുകൾക്കുമെതിരെ രാജ്യത്തെ ഭക്ഷ്യസുരക്ഷാ റെഗുലേറ്ററായ എഫ്.എസ്.എസ്.എ.ഐ കർശന നടപടിയുമായി രംഗത്തെത്തി. നെസ്ലെ ഇന്ത്യ , അബോട്ട് ഹെൽത്ത് കെയർ , നൂട്രിഷ്യ ഇന്റർനാഷണൽ, മീഡ് ജോൺസൺ ന്യൂട്രീഷൻ തുടങ്ങിയ മുൻനിര കമ്പനികൾക്കാണ് ഇപ്പോൾ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ, സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ ഈ ഉൽപ്പന്നങ്ങൾ നിയമവിരുദ്ധമായി പ്രചരിപ്പിച്ച ഇറാ ഫാത്തിമ എന്ന ഇൻഫ്ലുവൻസറുടെ മേലും റെഗുലേറ്റർ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ ചട്ടലംഘനം
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു റീൽസ് വീഡിയോയിലൂടെ ശിശുക്കളുടെ ഫോർമുല ഉൽപ്പന്നങ്ങളുടെ ഒരു ടോപ്പ് 5 ലിസ്റ്റ് ഇൻഫ്ലുവൻസർ പരിചയപ്പെടുത്തിയിരുന്നു. നാൻ-പ്രോ 1 , അപ്റ്റാമിൽ പ്രീമിയം 1 , സിമിലാക് അഡ്വാൻസ് 1, എൻഫാമിൽ എ+ സ്റ്റേജ് 1 , ഡെക്സൊലാക് 1 തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ ഉൽപ്പന്നങ്ങൾക്ക് മികച്ച പോഷകാഹാരം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും തലച്ചോറിന്റെ വളർച്ചയ്ക്കും ദഹനം എളുപ്പമാക്കാനും കഴിയുമെന്ന തരത്തിലുള്ള അവകാശവാദങ്ങളാണ് പരസ്യങ്ങളിൽ പ്രചരിപ്പിച്ചത്. എന്നാൽ ഇത്തരം പ്രചാരണങ്ങൾ ശിശുക്കളുടെ പാൽ പകര ഉത്പന്നങ്ങളുടെ നിയമങ്ങളെയും ഭക്ഷ്യസുരക്ഷാ ചട്ടങ്ങളെയും ലംഘിക്കുന്നതാണെന്ന് FSSAI വ്യക്തമാക്കി.
അനധികൃത പരസ്യങ്ങൾ പെരുകുന്നു
ശിശുക്കളുടെ പോഷകാഹാരവുമായി ബന്ധപ്പെട്ട പരസ്യങ്ങളും മാർക്കറ്റിംഗും കർശനമായ നിയമങ്ങൾക്ക് വിധേയമാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം അനധികൃത പരസ്യങ്ങൾക്കെതിരെ എഫ്.എസ്.എൻ ആക്ട് പ്രകാരം എന്തുകൊണ്ട് നടപടി സ്വീകരിച്ചുകൂടാ എന്ന് വ്യക്തമാക്കാൻ നോട്ടീസ് ലഭിച്ച എല്ലാ കക്ഷികളോടും റെഗുലേറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനികളുടെയും ഇ-കോമേഴ്സ് സ്ഥാപനങ്ങളുടെയും ഇത്തരം ചട്ടലംഘനങ്ങൾക്കെതിരെ പരിശോധനകളും നിയമനടപടികളും FSSAI ശക്തമാക്കി വരികയാണ്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു
ഈയിടെയായി പല പ്രമുഖ കമ്പനികൾക്കും അവരുടെ പരസ്യങ്ങളുടെ പേരിൽ സർക്കാരിന്റെയും വിവിധ നിയന്ത്രണ ഏജൻസികളുടെയും നോട്ടീസുകൾ ലഭിക്കുന്നത് പ്രധാനമായും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ തടയുന്നതിനാണ്. ഉൽപ്പന്നങ്ങളുടെ വിൽപ്പന കൂട്ടാനായി കൃത്യമായ ശാസ്ത്രീയ തെളിവുകളില്ലാതെ 100% പ്രകൃതിദത്തം, പ്രതിരോധശേഷി കൂട്ടും, വേഗത്തിൽ ദഹിക്കും, ബുദ്ധി വികാസത്തിന് സഹായിക്കും എന്നൊക്കെ പരസ്യങ്ങളിലൂടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വഴിയും വ്യാജമായി പ്രചരിപ്പിക്കുന്നത് വർദ്ധിച്ചു വന്നിട്ടുണ്ട്. കുട്ടികളുടെ പോഷകാഹാരം, മരുന്നുകൾ, ആഹാരപദാർത്ഥങ്ങൾ എന്നിവയുടെ കാര്യത്തിൽ ഇത്തരം തെറ്റായ അവകാശവാദങ്ങൾ പൊതുജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നു.
ഉപഭോക്തൃ സംരക്ഷണ നിയമം
ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഉപഭോക്തൃ സംരക്ഷണ നിയമവും ഭക്ഷ്യസുരക്ഷാ നിയമങ്ങളും ഇപ്പോൾ വളരെ കർശനമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഇൻഫ്ലുവൻസർമാർ നടത്തുന്ന വ്യാജ പരസ്യങ്ങൾക്കും പ്രൊമോഷനുകൾക്കും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പരസ്യങ്ങളിൽ പറയുന്ന കാര്യങ്ങൾ സത്യസന്ധമാണെന്ന് തെളിയിക്കാൻ കമ്പനികൾക്ക് ബാധ്യതയുണ്ട്. തെളിവ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ഉപഭോക്താക്കളുടെ ആരോഗ്യം വച്ച് കച്ചവടം നടത്തുന്നതിനെതിരെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെയും നിയമനടപടിയുടെ ഭാഗമായാണ് ഏജൻസികൾ നോട്ടീസുകൾ അയക്കുന്നത്.
English Summary
The Food Safety and Standards Authority of India (FSSAI) has issued official notices to major consumer goods companies, including Nestle India and Zydus Wellness, for making misleading claims in advertisements for their infant nutrition and children's health products. The regulator specifically flagged promotional claims made for products such as Nestle's Lactogen Pro 1 and Nan Excella Pro Stage 1, as well as Zydus Wellness's popular health drink Complan.
FSSAI has demanded scientific proof from the companies to substantiate marketed benefits—such as easy digestibility, immunity boosting, and enhanced growth—which lack adequate validation. The enforcement drive aims to prevent false advertising in sensitive categories like infant food and protect child health under strict food safety and consumer protection regulations.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



