സാങ്കേതികവിദ്യയിലുണ്ടാകുന്ന അതിവേഗ മാറ്റങ്ങൾ തൊഴിൽ വിപണിയുടെ സ്വഭാവം തന്നെ മാറ്റിമറിക്കാനിരിക്കെ, നിലവിലുള്ള തൊഴിൽ നൈപുണ്യങ്ങളിൽ വലിയൊരു പങ്ക് അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അപ്രസക്തമാകുമെന്ന് വിദഗ്ധർ. 2030-ഓടെ നിലവിലെ തൊഴിൽ നൈപുണ്യങ്ങളിൽ ഏകദേശം 70 ശതമാനവും കാലഹരണപ്പെടാൻ സാധ്യതയുണ്ടെന്നും, നിലവിൽ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് 57 ശതമാനം പ്രവൃത്തിസമയവും ഓട്ടോമേറ്റ് ചെയ്യാൻ കഴിയുമെന്നും കൊച്ചിയിൽ നടന്ന സി.ഐ.ഐ കേരള എച്ച്.ആർ കോൺക്ലേവ് 2026-ൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
തൊഴിൽ മേഖലയിലെ ഈ മാറ്റങ്ങൾ നേരിടാൻ കേരളം നേരത്തെ തന്നെ തയ്യാറെടുക്കണമെന്നും നൈപുണ്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും കോൺക്ലേവിൽ അഭിപ്രായമുയർന്നു.
സംസ്ഥാന തൊഴിൽ മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തൊഴിൽസേനയുടെ നൈപുണ്യവും ഗുണനിലവാരവും ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. യുവ ബിരുദധാരികൾക്ക് പുതിയ കാലത്തിനനുസരിച്ചുള്ള നൈപുണ്യവും അറിവും ലഭ്യമാക്കാൻ വ്യവസായ-വാണിജ്യ മേഖലകളിലെ പ്രമുഖർ പ്രത്യേക ശ്രദ്ധ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. തൊഴിൽ മേഖലയിൽ വനിതകളുടെ കരിയർ വളർച്ച ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു.
നിർമ്മിത ബുദ്ധിയും (AI) ഇൻഫർമേഷൻ പ്രോസസ്സിംഗ് സാങ്കേതികവിദ്യകളും 2030-ഓടെ തങ്ങളുടെ ബിസിനസുകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ആഗോളതലത്തിലെ 86 ശതമാനം വ്യവസായ പ്രമുഖരും കരുതുന്നതായി സി.ഐ.ഐ കേരള ചെയർമാൻ ജോസഫ് എം. കല്ലിവയലിൽ പറഞ്ഞു. ഈ മാറ്റങ്ങൾക്കിടയിലും മനുഷ്യവിഭവശേഷിയുടെ പ്രാധാന്യം കുറയില്ലെന്നും, ഏതൊരു പരിവർത്തനത്തിനും പിന്നിലെ യഥാർത്ഥ ശക്തി മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ തൊഴിലിനോടുള്ള താൽപര്യക്കുറവും ആത്മാർത്ഥമായ പങ്കാളിത്തമില്ലായ്മയും (Employee Disengagement) വ്യവസായ ലോകം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണെന്ന് ഷ്നൈഡർ ഇലക്ട്രിക്കിന്റെ മുൻ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ ബിനു ഫിലിപ്പ് അഭിപ്രായപ്പെട്ടു. ‘ഗാലപ്പ് സ്റ്റേറ്റ് ഓഫ് ദി ഗ്ലോബൽ വർക്ക്പ്ലേസ് 2026’ റിപ്പോർട്ട് ഉദ്ധരിച്ച അദ്ദേഹം, ജീവനക്കാരുടെ പങ്കാളിത്തക്കുറവ് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിവർഷം 10 ട്രില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി.
2030-ലെ കേരളത്തിന്റെ തൊഴിൽ വിപണിക്ക് ആവശ്യമായത് ബിരുദങ്ങൾ മാത്രമല്ല, പുതിയ കാലത്തിനനുസരിച്ചുള്ള തൊഴിൽ നൈപുണ്യങ്ങളാണെന്ന് സി.ഐ.ഐ കേരള പീപ്പിൾ കൾച്ചർ ആൻഡ് റിജുവനേഷൻ പാനൽ കൺവീനറും എലൈറ്റ് ഫുഡ്സ് ഗ്രൂപ്പ് എച്ച്.ആർ മേധാവിയുമായ ഡൊമിനിക് ജോസ് പറഞ്ഞു. 2030-ഓടെ പ്രധാന തൊഴിൽ നൈപുണ്യങ്ങളിൽ 40 ശതമാനത്തോളം മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ‘ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2026’ പ്രകാരം 72 ശതമാനം തൊഴിൽക്ഷമതയുള്ള യുവാക്കളുമായി കേരളം രാജ്യത്ത് നാലാം സ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്ഘാടന സമ്മേളനത്തിൽ മുത്തൂറ്റ് ഫിൻകോർപ്പ് സി.എച്ച്.ആർ.ഒ സുരേഷ് കുമാർ ശിവരാജ്, ഐ.ബി.എസ് സോഫ്റ്റ്വെയർ ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് മേധാവി ഗണേഷ് ഡി. അയ്യർ എന്നിവരും സംസാരിച്ചു.
കോൺക്ലേവിന്റെ ഭാഗമായി നടന്ന വിവിധ സെഷനുകളിലും പാനൽ ചർച്ചകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ എച്ച്.ആർ വിദഗ്ധർ പങ്കെടുത്തു. സിന്തൈറ്റ് ഇൻഡസ്ട്രീസ് സി.എച്ച്.ആർ.ഒ സുനിൽ ജോബ്, ക്രോംപ്ടൺ ഗ്രീവ്സ് സി.എച്ച്.ആർ.ഒ പ്രശാന്ത് നായർ, സയന്റിന്റെ മുൻ സി.പി.ഒ കവിത കുറുപ്പ്, സോക്സോഡേ ഇന്ത്യ സെയിൽസ് മേധാവി അജിത് കുമാർ, കെ.പി.എം.ജി ഇന്ത്യ പാർട്ണർ റോളി പവാർ, ഹാരിസൺസ് മലയാളം ഡയറക്ടറും സി.ഐ.ഐ കേരള വൈസ് ചെയർമാനുമായ സന്തോഷ് കുമാർ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് സി.എച്ച്.ആർ.ഒ രാഹുൽ രാമൻ നായർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ പ്രൊഫ. പി. പത്മകുമാർ, എമിറേറ്റ്സിലെ എന്റർപ്രൈസ് സൊല്യൂഷൻസ് ഡയറക്ടർ നീന ഭാസ്കർ, ഐ.ഐ.എം കോഴിക്കോട് പ്രൊഫ. ടി.എൻ. കൃഷ്ണൻ, എൽ ആൻഡ് ടി കൺസ്ട്രക്ഷൻസ് എച്ച്.ആർ മേധാവി എസ്.ഡി. സതീഷ് ചന്ദ്ര, ഫെഡറൽ ബാങ്ക് സി.എച്ച്.ആർ.ഒ രാജനാരായണൻ എൻ. എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
English Summary
Rapid technological advancements are set to transform the nature of the job market, with experts warning that a significant portion of existing job skills could become obsolete in the coming years. By 2030, nearly 70% of current job skills are expected to become outdated, while 57% of working hours could potentially be automated using technologies available today, experts noted at the CII Kerala HR Conclave 2026 held in Kochi.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



