ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര ബിസിനസ് ഗ്രൂപ്പായ ഇറാം ഹോള്‍ഡിംഗ്സ് ആഫ്രിക്കന്‍ വിപണിയില്‍ സാന്നിധ്യം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ പുതിയ ഓഫീസ് ആരംഭിച്ചു. എട്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലായി പ്രവര്‍ത്തനശൃംഖല വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇറാം സൊല്യൂഷന്‍സ് ഈജിപ്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത്.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ ഔദ്യോഗിക ഈജിപ്ത് സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു നവംബര്‍ 15, 16 തീയതികളിലെ ഉദ്ഘാടനം. പ്രമുഖ വ്യവസായികളും വിവിധ മേഖലകളിലെ പ്രതിനിധികളും ഉള്‍പ്പെട്ട ഇന്ത്യന്‍ ബിസിനസ് സംഘത്തിന്റെ സന്ദര്‍ശനവേളയില്‍ പുതിയ ഓഫീസ് ആരംഭിക്കാനായത് ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ സഹകരണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്.
ഇറാം ഹോള്‍ഡിംഗ്സ് ചെയര്‍മാനും ഫിക്കി അറബ് കൗണ്‍സില്‍ സഹ അധ്യക്ഷനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ സന്ദര്‍ശനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്തിന്റെ സാമ്പത്തിക സാധ്യതകളില്‍ വലിയ പ്രതീക്ഷയുണ്ടെന്നും പുതിയ ബിസിനസ് പങ്കാളിത്തങ്ങള്‍ക്കും നിക്ഷേപ അവസരങ്ങള്‍ക്കും കെയ്റോ ഓഫീസ് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് രാജ്യങ്ങളില്‍ ബിസിനസ് ശൃംഖല
ആഫ്രിക്കയില്‍ എട്ട് തന്ത്രപ്രധാന വിപണികളെയാണ് ഇറാം ഹോള്‍ഡിംഗ്സ് ലക്ഷ്യമിടുന്നത്. ഈജിപ്തിനും നമീബിയയ്ക്കും പുറമെ അംഗോള, ഗാബോണ്‍, ഐവറി കോസ്റ്റ്, മൊറോക്കോ, മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.
നമീബിയയുടെ തലസ്ഥാനമായ വിന്‍ഡ്ഹോക്കില്‍ കഴിഞ്ഞ മാസം കമ്പനി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെയ്റോയിലെ പുതിയ സാന്നിധ്യം. ആറ് രാജ്യങ്ങളില്‍ കൂടി ഓഫീസുകള്‍ ആരംഭിക്കുന്നതോടെ ആഫ്രിക്കയില്‍ കൂടുതല്‍ ഏകോപിതമായ ബിസിനസ് ശൃംഖല രൂപപ്പെടുത്താനാകും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.
പ്രാദേശിക കമ്പനികളുമായി പങ്കാളിത്തം വളര്‍ത്തുക, സാങ്കേതികവിദ്യയും വൈദഗ്ധ്യവും കൈമാറുക, നിക്ഷേപ-വ്യാപാര അവസരങ്ങള്‍ കണ്ടെത്തുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയ്ക്കും കമ്പനി പ്രാധാന്യം നല്കുന്നു. ഇന്ത്യ, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവയ്ക്കിടയില്‍ കൂടുതല്‍ ശക്തമായ വാണിജ്യബന്ധങ്ങള്‍ സൃഷ്ടിക്കാനും ഈ വിപുലീകരണം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ഈജിപ്തില്‍ നാല് മേഖലകളില്‍ പ്രവര്‍ത്തനം
കെയ്റോയിലെ ഇറാം സൊല്യൂഷന്‍സ് ഈജിപ്ത് നാല് പ്രധാന ബിസിനസ് മേഖലകളിലാണ് തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാനവവിഭവശേഷി മാനേജ്മെന്റിലൂടെ വിദഗ്ധ തൊഴിലാളികള്‍ക്ക് രാജ്യാന്തര തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയും സ്ഥാപനങ്ങളുടെ തൊഴില്‍ശക്തി സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. വ്യവസായം, അടിസ്ഥാനസൗകര്യ വികസനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ പവര്‍ ഇലക്ട്രോണിക്സ് സംവിധാനങ്ങളും പരിഹാരങ്ങളും മറ്റൊരു പ്രധാന പ്രവര്‍ത്തനമേഖലയാണ്.

വ്യവസായ സ്ഥാപനങ്ങളുടെ ഗുണനിലവാരം, സുരക്ഷ, പ്രവര്ത്തനവിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിനുള്ള പരിശോധനാ സേവനങ്ങളും കമ്പനി ലഭ്യമാക്കും. ഇതിനുപുറമെ വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പരിശീലനം നല്കുന്ന നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുകയും ആവശ്യമായ കഴിവുകളുള്ള തൊഴിലാളികളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷ്യം.
ആഫ്രിക്കന്‍ വിപണിയില്‍ പുതിയ സാധ്യതകള്‍
അടിസ്ഥാനസൗകര്യ വികസനം, ഊര്‍ജം, വ്യവസായം, സാങ്കേതികവിദ്യ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് ഇറാം ഹോള്‍ഡിങ്സിന്റെ വിപുലീകരണത്തിന് പ്രധാനമായും കരുത്തേകുന്നത്.
വളര്‍ച്ചയുടെ പുതിയ ഘട്ടത്തില്‍ ആഫ്രിക്കയെ തന്ത്രപ്രധാന വിപണിയായാണ് കമ്പനി കാണുന്നത്. പ്രാദേശിക പങ്കാളിത്തങ്ങളിലൂടെ വിപണിയില്‍ വേരുറപ്പിക്കുകയും സ്വന്തം സാങ്കേതിക വൈദഗ്ധ്യവും രാജ്യാന്തര പ്രവര്‍ത്തനപരിചയവും പ്രയോജനപ്പെടുത്തി ദീര്‍ഘകാല ബിസിനസ് ബന്ധങ്ങള്‍ വികസിപ്പിക്കുകയുമാണ് ലക്ഷ്യം.
എന്‍ജിനീയറിംഗ്, സാങ്കേതികവിദ്യ, പവര്‍ ഇലക്ട്രോണിക്സ്, പരിശോധനാ സേവനങ്ങള്‍, മാനവവിഭവശേഷി, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇറാം ഹോള്‍ഡിങ്സ് വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളും തന്ത്രപ്രധാന പങ്കാളിത്തങ്ങളും പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര ബിസിനസ് സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ്.
കെയ്റോയിലെ പുതിയ ഓഫീസ് ഈ നീക്കത്തിലെ പ്രധാന ചുവടുവയ്പ്പാണ്. നമീബിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ ആറ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കൂടി കടക്കാനുള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ആഫ്രിക്കന്‍ വിപണിയിലെ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ വിപുലമാകും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



