തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ യാത്രാനുഭവം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും യാത്രക്കാരുമായി ദീര്‍ഘകാല ബന്ധം സ്ഥാപിക്കുന്നതിനുമായി പുതിയ ലോയല്‍റ്റി അംഗത്വ പദ്ധതിയുമായി അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് ലിമിറ്റഡ് (AAHL). അദാനി റിവാര്‍ഡ്സ് എന്ന പേരില്‍ അവതരിപ്പിച്ച പുതിയ പദ്ധതിയിലൂടെ അംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 65,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. തിരുവനന്തപുരം ഉള്‍പ്പെടെ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള എട്ട് വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
മുംബൈ, നവി മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂര്‍, ഗുവാഹത്തി, മംഗളൂരു വിമാനത്താവളങ്ങളാണ് പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന മറ്റ് കേന്ദ്രങ്ങള്‍. അദാനി വണ്‍ ആപ്പുമായി സംയോജിപ്പിച്ചാണ് അംഗത്വ പദ്ധതി പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ വിമാനത്താവളങ്ങളിലെ വിവിധ സേവനങ്ങളും ഓഫറുകളും ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഭക്ഷണശാലകളിലും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും പ്രത്യേക വിലക്കിഴിവുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പിങ് ആനുകൂല്യങ്ങള്‍, സൗജന്യ ലോഞ്ച് പ്രവേശനം, മുന്‍ഗണനാ സുരക്ഷാ പരിശോധന, പാര്‍ക്കിങ് ആനുകൂല്യങ്ങള്‍, പ്രണാം മീറ്റ് ആന്‍ഡ് ഗ്രീറ്റ് സേവനം എന്നിവയാണ് പദ്ധതിയിലെ പ്രധാന ആകര്ഷണങ്ങള്. അംഗത്വത്തിന്റെ വിവിധ ശ്രേണികള്ക്കനുസരിച്ചായിരിക്കും ആനുകൂല്യങ്ങള്‍ ലഭിക്കുക.
70 ലക്ഷം അംഗങ്ങളുള്ള പദ്ധതിയുടെ വിപുലീകരണം
നേരത്തെ അവതരിപ്പിച്ച അദാനി റിവാര്‍ഡ്സ് 1.0 പദ്ധതിയില്‍ 70 ലക്ഷം അംഗങ്ങളുണ്ടായിരുന്നെന്ന് കമ്പനി അറിയിച്ചു. പുതിയ പതിപ്പിലൂടെ എട്ട് വിമാനത്താവളങ്ങളിലെയും സേവനങ്ങളെയും ആനുകൂല്യങ്ങളെയും ഏകീകൃത അംഗത്വ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനാണ് നീക്കം.
വിമാനയാത്രയ്ക്കപ്പുറം വിമാനത്താവളങ്ങളിലെ ഭക്ഷണം, ഷോപ്പിങ്, ലോഞ്ച്, പാര്‍ക്കിങ് തുടങ്ങി യാത്രക്കാരുടെ ചെലവുകളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളിലേക്കും അംഗത്വ ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പതിവായി വിമാനയാത്ര നടത്തുന്നവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടും.
അദാനി വണ്‍ ആപ്പിലൂടെ വിമാനത്താവള സേവനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും ലഭ്യമായ ഓഫറുകള്‍ പരിശോധിക്കാനും റിവാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനും കഴിയും. വിമാനത്താവളങ്ങളിലെ വിവിധ സേവനങ്ങളെ ഡിജിറ്റല്‍ സംവിധാനവുമായി ബന്ധിപ്പിച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അനുഭവം ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഇന്ത്യയിലെ വിമാനത്താവള മേഖലയില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള മത്സരത്തിനിടയിലാണ് അദാനി ഗ്രൂപ്പിന്റെ പുതിയ നീക്കം. വിമാനത്താവളത്തിലെ അടിസ്ഥാന യാത്രാസൗകര്യങ്ങള്ക്കപ്പുറം ഷോപ്പിങ്, ഭക്ഷണം, വിനോദം, മറ്റ് സേവനങ്ങള്‍ എന്നിവയിലൂടെയും വരുമാനവും ഉപഭോക്തൃബന്ധവും വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ഇത്തരം ലോയല്‍റ്റി പദ്ധതികള്‍ തുറക്കുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



