ബെംഗളൂരു-മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കാനൊരുങ്ങി രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ. ഈ മാസം മുതൽ തന്നെ ബെംഗളൂരു-മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് സർവീസിന് അനുമതി നൽകിയതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. SMVT ബെംഗളൂരു–മുംബൈ CSMT റൂട്ടിലാണ് പുതിയ സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുക.
നിലവിലെ നിർദേശപ്രകാരം ബെംഗളൂരുവിൽ നിന്ന് രാത്രി 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 1.50ന് മുംബൈയിലെത്തും. മുംബൈയിൽ നിന്ന് രാത്രി 10.30ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 2.50ന് ബെംഗളൂരുവിലെത്തും. ഇതോടെ യാത്രാസമയം ഏകദേശം 16 മണിക്കൂറായി കുറയും. അന്തിമ സമയക്രമത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ആറ് പ്രധാന സ്റ്റോപ്പുകൾ
ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ അനന്തപുർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കലബുറഗി, സോലാപൂർ, കല്യാൺ എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ നിർദേശിച്ചിരിക്കുന്നത്. പൂണെ ഉൾപ്പെടെ ഏഴ് ഇടങ്ങളിൽ ഹാൾട്ട് ഉണ്ടാകുമെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. അതിനാൽ അന്തിമ സ്റ്റോപ്പ് പട്ടിക റെയിൽവേയുടെ ഔദ്യോഗിക സമയക്രമത്തിൽ സ്ഥിരീകരിക്കേണ്ടതുണ്ട്.
പുതിയ സർവീസ് ആഴ്ചയിൽ ആറ് ദിവസം ഇരുദിശകളിലും നടത്താനാണ് നിലവിലെ പദ്ധതി. ബെംഗളൂരുവിൽ നിന്നുള്ള സർവീസ് തിങ്കളാഴ്ചയും മുംബൈയിൽ നിന്നുള്ള സർവീസ് ചൊവ്വാഴ്ചയും ഒഴിവാക്കാനാണ് നിർദേശം.
നിലവിൽ ബെംഗളൂരു-മുംബൈ റൂട്ടിലെ നേരിട്ടുള്ള പ്രധാന ട്രെയിനായ ഉദ്യാൻ എക്സ്പ്രസ് യാത്ര പൂർത്തിയാക്കാൻ ശരാശരി 22 മണിക്കൂറിലധികം എടുക്കുന്ന സാഹചര്യത്തിലാണ് പുതിയ സ്ലീപ്പർ സർവീസ് എത്തുന്നത്. വേഗതയേറിയ രാത്രിയാത്രയ്ക്കൊപ്പം സ്ലീപ്പർ സൗകര്യവും ലഭ്യമാകുന്നത് ദീർഘദൂര യാത്രക്കാർക്ക് പ്രയോജനപ്പെടും.
ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ഹൗറ-കാമാഖ്യ റൂട്ടിലാണ് 2026 ജനുവരിയിൽ സർവീസ് ആരംഭിച്ചത്. ബെംഗളൂരു-മുംബൈ സർവീസ് രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പറായിരിക്കും.





