ഇന്ത്യൻ സാമ്പത്തിക രംഗത്തിന് വെല്ലുവിളിയുയർത്തി ക്രൂഡ് ഓയിൽ വിലയിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം തങ്ങളുടെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഓഗസ്റ്റിൽ ബാരലിന് ശരാശരി 90.19 ഡോളറായിരുന്ന ഓയിൽ വില സെപ്റ്റംബറിൽ 116.04 ഡോളറായി ഉയർന്നതോടെ ഒരു മാസത്തിനിടെ ഏകദേശം 29 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്ത്യ തങ്ങൾക്ക് ആവശ്യമായ എണ്ണയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാൽ, ഈ വിലവർദ്ധനവ് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് വൻതോതിൽ കൂട്ടാൻ കാരണമാകുന്നുണ്ട് .
വിലക്കയറ്റ ഭീഷിണി
ഇന്ധനവിലയിലുണ്ടായ ഈ കുതിച്ചുചാട്ടം രാജ്യത്തെ ഗതാഗതം, ഉത്പാദനം, വ്യാപാരം തുടങ്ങിയ മേഖലകളിലെ ചെലവുകൾ വർദ്ധിപ്പിക്കും. ഇത് രാജ്യത്തെ മൊത്തവ്യാപാര-ചില്ലറവ്യാപാര മേഖലകളിൽ വിലക്കയറ്റ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും, ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക വളർച്ച ഇപ്പോഴും ശക്തമായ നിലയിലാണെന്നും ഉത്പാദന മേഖലയിലും സേവന മേഖലയിലുമുള്ള വളർച്ച സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണ നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
എണ്ണവില വർദ്ധനവിന് പുറമേ, അമേരിക്കയുമായുള്ള വ്യാപാരബന്ധത്തിലെ അനിശ്ചിതത്വങ്ങളും ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന പുതിയ നിയമനിർമ്മാണം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു. ആഗോളതലത്തിൽ നിലനിൽക്കുന്ന ഇത്തരം പ്രതിസന്ധികൾ വിദേശ നിക്ഷേപങ്ങളെ ബാധിക്കാമെങ്കിലും, വരും കാലയളവിൽ രാജ്യത്തേക്ക് കൂടുതൽ വിദേശ നേരിട്ടുള്ള നിക്ഷേപങ്ങൾ എത്തുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ.
റഷ്യൻ എണ്ണ
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ, റഷ്യ ഇന്ത്യയ്ക്ക് വൻ വിലക്കിഴിവിലാണ് ക്രൂഡ് ഓയിൽ വാഗ്ദാനം ചെയ്തത്. ഇതിനുമുമ്പ് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 2 ശതമാനത്തിൽ താഴെ മാത്രം നൽകിയിരുന്ന റഷ്യ, പെട്ടെന്ന് തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറി. കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിച്ചതിലൂടെ ഇന്ത്യയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ലാഭമാണ് ഉണ്ടായത്. ഇത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവും വിദേശനാണ്യ ശേഖരത്തിലുള്ള സമ്മർദ്ദവും കാര്യമായി കുറയ്ക്കാൻ സഹായിച്ചു.
വിപണി സ്ഥിരത
ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വലിയ തോതിൽ വർദ്ധിക്കാതെ നിയന്ത്രിച്ചു നിർത്താൻ ഈ റഷ്യൻ എണ്ണ ഇറക്കുമതി സഹായിച്ചു. ഗതാഗതച്ചെലവും ഉത്പാദനച്ചെലവും പരിധിവിട്ട് ഉയരാതിരുന്നത് രാജ്യത്തെ പണപ്പെരുപ്പം ഒരു പരിധിവരെ തടഞ്ഞു. ഇന്ധനവില വലിയ തോതിൽ ഉയർന്നില്ല എന്നത് സാധാരണക്കാരുടെയും ചെറുകിട വ്യവസായങ്ങളുടെയും സാമ്പത്തിക നില ഭദ്രമായി നിർത്താൻ ഏറെ ഉപകരിച്ചു.
ശുദ്ധീകരണ ശാലകളുടെ ലാഭവും കയറ്റുമതി വളർച്ചയും
റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ എണ്ണ ഇന്ത്യൻ എണ്ണ ശുദ്ധീകരണ ശാലകളിൽ എത്തിച്ച് സംസ്കരിച്ച് പെട്രോളും ഡീസലുമാക്കിയ ശേഷം യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ വിപണികളിലേക്ക് ഉയർന്ന വിലയ്ക്ക് കയറ്റുമതി ചെയ്തു. ഇതുവഴി ഇന്ത്യൻ കമ്പനികൾക്ക് വൻ തുക ലാഭം നേടാനും രാജ്യത്തിന് വലിയ തോതിൽ വിദേശനാണ്യം കണ്ടെത്താനും സാധിച്ചു. ചുരുക്കത്തിൽ, വിലകുറഞ്ഞ റഷ്യൻ എണ്ണ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയേകുകയും ചെയ്തു.





