ലൈഫ് സൈക്കിൾ ഫണ്ട് എന്നത് നിക്ഷേപകന്റെ വയസ്സും വിരമിക്കൽ വർഷവും മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു പ്രത്യേക തരം മ്യൂച്വൽ ഫണ്ടാണ്. ഉദാഹരണത്തിന്, 2055-ൽ വിരമിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് Life Cycle Fund 2055 തിരഞ്ഞെടുക്കാം. ഇതിലൂടെ ഓരോ ഘട്ടത്തിലും പണം എവിടെ നിക്ഷേപിക്കണം എന്ന് നിക്ഷേപകൻ നേരിട്ട് തീരുമാനിക്കേണ്ടതില്ല; ഫണ്ട് മാനേജർ അത് സ്വയം നിയന്ത്രിച്ചുകൊള്ളും.
പ്രായവും, നിക്ഷേപവും
ഈ ഫണ്ടിന്റെ പ്രധാന പ്രത്യേകത പ്രായത്തിനനുസരിച്ച് ഇതിന്റെ നിക്ഷേപ രീതി സ്വയം മാറുന്നു എന്നതാണ്. തുടക്കത്തിൽ അതായത്ചെറുപ്പകാലത്ത് കൂടുതൽ ലാഭം ഉണ്ടാക്കാനായി പണത്തിന്റെ ഭൂരിഭാഗവും ഓഹരികളിൽ നിക്ഷേപിക്കുന്നു. എന്നാൽ വിരമിക്കൽ വർഷം അടുത്തെത്തുമ്പോൾ, റിസ്ക് കുറയ്ക്കുന്നതിനായി ഓഹരികളിൽ നിന്നുള്ള പണം പതുക്കെ പിൻവലിച്ച് സുരക്ഷിതമായ കടപ്പത്രങ്ങളിലേക്ക് മാറ്റുന്നു.
പ്രായമാകുന്തോറും പോർട്ട്ഫോളിയോ എങ്ങനെ മാറ്റണം എന്ന ചിന്തയും ബുദ്ധിമുട്ടും നിക്ഷേപകന് ഒഴിവാക്കി കിട്ടുന്നു. വിപണിയിലെ തിരിച്ചടികളിൽ നിന്ന് സമ്പാദ്യത്തെ സംരക്ഷിച്ചുകൊണ്ട്, ഒരു വ്യക്തിയുടെ വിരമിക്കൽ കാലം സുരക്ഷിതവും സമാധാനപരവുമാക്കാൻ ലൈഫ് സൈക്കിൾ ഫണ്ടുകൾ സഹായിക്കുന്നു.
ആർക്കാണ് നേട്ടം?
കൃത്യമായ ഇടവേളകളിൽ നിക്ഷേപങ്ങൾ പുനഃക്രമീകരിക്കാൻ (Rebalancing) ആഗ്രഹിക്കുന്ന, എന്നാൽ അതിനായി സമയവും അറിവും ഇല്ലാത്ത ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും ലൈഫ് സൈക്കിൾ ഫണ്ടുകൾ ഏറ്റവും അനുയോജ്യമാണ്. വിരമിക്കൽ നിക്ഷേപങ്ങൾ സുരക്ഷിതമായും സ്വയം അപ്ഡേറ്റാകുന്ന രീതിയിലും മുന്നോട്ട് കൊണ്ടുപോകാൻ ഇത് നിക്ഷേപകരെ സഹായിക്കുന്നു.എൻ പി എസ്സിന്റെ നിക്ഷേപത്തിൽ ഈ ഒരു കാര്യത്തിന് പ്രസക്തിയുണ്ട്. വയസിനനുസരിച്ച് നിക്ഷേപവും മാറുന്ന രീതി ഇതിൽ ഉണ്ട്. ഓഹരി വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കുകയും എന്നാൽ വിരമിക്കൽ സമയമാകുമ്പോൾ നിക്ഷേപ തുക വളരുന്നതിനേക്കാൾ അത്തിൽ സ്ഥിരത ഉണ്ടാകണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് മികച്ച ഒരു ഫണ്ടാണ് ലൈഫ് സൈക്കിൾ ഫണ്ട്.



