ദിനേശ് കെ നായർ
ഡയറക്ടർ, കൊച്ചി ഇക്വിറസ് വെൽത്ത്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്ച്ച ചെയ്യുന്ന ‘ബ്രാന്ഡ് കേരളം കോണ്ക്ലേവി’ന് 2026 ഒക്ടോബര് 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില് നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള് പ്രോഫിറ്റ് ന്യൂസിലൂടെ സര്ക്കാരുമായി പങ്കുവെക്കുന്നു…
കേരളത്തിലെ നിക്ഷേപകരുടെ സമീപനത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. പരമ്പരാഗത നിക്ഷേപ മാർഗങ്ങളായ സ്വർണവും റിയൽ എസ്റ്റേറ്റും മാത്രമല്ല, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, ബോണ്ടുകൾ, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റുകൾ തുടങ്ങിയ വൈവിധ്യമാർന്ന ആസ്തികളിലേക്കും മലയാളികൾ ശ്രദ്ധ തിരിക്കുന്നു. ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുമുള്ള ബോധവത്കരണം വർധിച്ചതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ഈ പ്രവണത കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും മൂലധന രൂപീകരണത്തിനും ഗുണകരമാകും.

ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ കണക്കിലെടുക്കുമ്പോൾ ബാങ്കിംഗ് & ഫിനാൻഷ്യൽ സർവീസസ്, ഇൻഫ്രാസ്ട്രക്ചർ, മാനുഫാക്ചറിംഗ്, ഹെൽത്ത്കെയർ, ഫാർമ, ഉപഭോക്തൃ മേഖല, ഡിജിറ്റൽ ടെക്നോളജി, നവീകരണ ഊർജം (Renewable Energy) എന്നിവ ദീർഘകാല നിക്ഷേപ സാധ്യതയുള്ള മേഖലകളാണ്. എന്നാൽ ഏതെങ്കിലും ഒരു മേഖലയിലേക്ക് മാത്രം കേന്ദ്രീകരിക്കാതെ, നന്നായി വൈവിധ്യവത്കരിച്ച പോർട്ട്ഫോളിയോ സ്വീകരിക്കുന്നതാണ് ഉചിതം.
കേരളത്തിൽ വിനോദസഞ്ചാരം, ആരോഗ്യ സേവനങ്ങൾ, ഐടി & ഡിജിറ്റൽ സേവനങ്ങൾ, ലോജിസ്റ്റിക്സ്, അഗ്രി-ബിസിനസ്, സ്റ്റാർട്ടപ്പുകൾ, നവീകരണ ഊർജം എന്നിവയ്ക്ക് വലിയ വളർച്ചാ സാധ്യതയുണ്ട്. പ്രവാസി മലയാളികളുടെ മൂലധനം ഈ മേഖലകളിലേക്ക് കൂടുതൽ ഒഴുകിയാൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ കരുത്തേകാനും കഴിയും.
ഇന്ത്യയിലെ വെൽത്ത് മാനേജ്മെന്റ് മേഖല അതിവേഗം വളരുന്ന ഘട്ടത്തിലാണ്. ഉയർന്ന വരുമാനമുള്ള കുടുംബങ്ങളുടെ എണ്ണം വർധിക്കുന്നത്, സാമ്പത്തിക സാക്ഷരത മെച്ചപ്പെടുന്നത്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വ്യാപനം, തലമുറകളിലേക്കുള്ള സമ്പത്ത് കൈമാറ്റം (Intergenerational Wealth Transfer), പ്രവാസി ഇന്ത്യക്കാരുടെ വർധിച്ച നിക്ഷേപ താത്പര്യം എന്നിവ ഈ മേഖലയ്ക്ക് വലിയ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. കേരളത്തിലും പ്രവാസി സമൂഹത്തിന്റെ സാന്നിധ്യം കണക്കിലെടുക്കുമ്പോൾ, സമഗ്രമായ വെൽത്ത് മാനേജ്മെന്റ്, ഫാമിലി ഓഫീസ് സേവനങ്ങൾ, ആഗോള നിക്ഷേപ പരിഹാരങ്ങൾ എന്നിവയ്ക്കുള്ള ആവശ്യം വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.



