ലേഖ ബാലചന്ദ്രൻ
മാനേജിംഗ് ഡയറക്ടർ, റെസിടെക് ട്രാൻസ്ഫോർമേഷൻസ് & സ്വിച്ച്ഗിയേഴ്സ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്ച്ച ചെയ്യുന്ന ‘ബ്രാന്ഡ് കേരളം കോണ്ക്ലേവി’ന് 2026 ഒക്ടോബര് 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില് നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള് പ്രോഫിറ്റ് ന്യൂസിലൂടെ സര്ക്കാരുമായി പങ്കുവെക്കുന്നു…
കേരളത്തിന്റെ സമഗ്രമായ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്ക് തൊഴിൽ നൈപുണ്യവും അടിസ്ഥാന സൗകര്യ വികസനവും ഒരുപോലെ അനിവാര്യമാണ്. സ്കിൽ ഡെവലപ്മെൻ്റ് എന്നത് ഒരു തുടർച്ചയായ പ്രക്രിയയായതിനാൽ, നൈപുണ്യശേഷി വികസന വിദ്യാഭ്യാസത്തോടുള്ള സമൂഹത്തിന്റെ പരമ്പരാഗത മനോഭാവം മാറ്റിയെടുക്കാൻ ലക്ഷ്യബോധത്തോടെയുള്ള പി.ആർ കാമ്പെയ്നുകളും ഡിജിറ്റൽ ബ്രാൻഡിംഗും ഉപയോഗിക്കാവുന്നതാണ്. ഇതിനൊപ്പം സ്കൂൾ തലം മുതൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡാറ്റാ സയൻസ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളിൽ തൊഴിലധിഷ്ഠിത പരിശീലനം ആരംഭിക്കുകയും, ഇൻഡസ്ട്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കി വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പ്രായോഗിക ജ്ഞാനം ഉറപ്പാക്കുകയും വേണം.

വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിന്റെ ആഗോള സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ കേവലം ഒരു പോർട്ട് എന്നതിനപ്പുറം അതിനെ ചുറ്റിപ്പറ്റി ഗ്രീൻഫീൽഡ് ഹൈവേകളും, അതിവേഗ റെയിൽ ശൃംഖലകളും, ലോകോത്തര നിലവാരത്തിലുള്ള ലോജിസ്റ്റിക്സ്-ഫ്രീ ട്രേഡ് സോണുകളും യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിക്കേണ്ടതുണ്ട്. ഇത് ആഗോള മാരിടൈം ഭൂപടത്തിൽ കേരളത്തെ ഒരു പ്രധാന ഹബ്ബാക്കി മാറ്റുകയും വൻകിട അന്താരാഷ്ട്ര ബിസിനസ് നിക്ഷേപങ്ങളെ ഇങ്ങോട്ട് ആകർഷിക്കുകയും ചെയ്യും.
ഇതിനൊപ്പം ഐടി, നോളജ് ഇക്കോണമി, ആയുർവേദം, എം.എസ്.എം.ഇ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകണം. പരമ്പരാഗത ടൂറിസത്തിനപ്പുറം കേരളത്തെ ഒരു ആഗോള ‘ഹെൽത്ത്, വെൽനസ് ആൻഡ് മെഡിക്കൽ ടൂറിസം’ ഹബ്ബായി റീബ്രാൻഡ് ചെയ്യേണ്ടതുണ്ട്. കൂടാതെ, നമ്മുടെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സാധ്യമാക്കാനും, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ആഗോള വിപണന സൗകര്യങ്ങളും എളുപ്പത്തിൽ വായ്പ ലഭ്യമാകുന്ന സിംഗിൾ-വിൻഡോ സംവിധാനങ്ങളും ഒരുക്കണം. ഒപ്പം കേരളത്തെ ഒരു പ്രമുഖ സ്റ്റാർട്ടപ്പ്-ഇന്നൊവേഷൻ സൗഹൃദ സംസ്ഥാനമായി ഉയർത്തുന്നത് വഴി സാമ്പത്തിക രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് വഴി തുറക്കും.



