ടി എസ് ചന്ദ്രന്
മുന് ഡെപ്യൂട്ടി ഡയറക്ടര്, സംസ്ഥാന വ്യവസായ വകുപ്പ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്ച്ച ചെയ്യുന്ന ‘ബ്രാന്ഡ് കേരളം കോണ്ക്ലേവി’ന് 2026 ഒക്ടോബര് 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില് നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള് പ്രോഫിറ്റ് ന്യൂസിലൂടെ സര്ക്കാരുമായി പങ്കുവെക്കുന്നു…
സംരംഭ വികസനത്തിലൂടെയല്ലാതെ സാമ്പത്തിക സാമൂഹിക പുരോഗതി നേടിയെടുക്കാന് കഴിയില്ല എന്ന യാഥാര്ത്ഥ്യബോധം മനസ്സിലാക്കി സര്ക്കാര് പ്രവര്ത്തിക്കണം. ചില പ്രായോഗിക നിര്ദ്ദേശങ്ങള് അതിനായി സമര്പ്പിക്കുന്നു. പഠിച്ചിറങ്ങുന്ന യുവാക്കള്ക്ക് സംരംഭ മേഖലയിലേക്ക് കടന്നു വരുന്നതിനും നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനും ഒരു ഗ്രീന് ചാനല് സംവിധാനം പ്രത്യേകമായി കൊണ്ടുവരണം. ആശ്വാസകരമായ പദ്ധതികളും ലളിതമായ നടപടിക്രമങ്ങളും ഈ ഗ്രീന് ചാനലില് ഉണ്ടാകണം.

സ്ത്രീകളെ സംരംഭ വികസനത്തില് പങ്കാളികളാക്കുന്നതിന് വൈവിധ്യമാര്ന്ന പദ്ധതികള് ആവശ്യമാണ്. എല്ലാ ജില്ലകളും വനിതകള്ക്ക് മാത്രമായി പിങ്ക് ബിസിനസ് പാര്ക്കുകള് സ്ഥാപിക്കണം. വനിതകളുടെ ഉടമസ്ഥതയില് കൂടുതല് സംരംഭങ്ങള് ഉയര്ന്നു വരാന് അത് സഹായിക്കും. വ്യവസായികള്ക്കായി സംസ്ഥാന സര്ക്കാര് നടപ്പിലാക്കുന്ന ഫലപ്രദമായ പല പദ്ധതികളുടെയും ആനുകൂല്യങ്ങള് കൃത്യ സമയത്ത് ലഭ്യമാക്കുന്നില്ല. ഇത് സമയബന്ധിതമായി നല്കണം. ഇഎസ്എസ് എന്ന പദ്ധതിയില് മാത്രം 500 കോടി രൂപയുടെ അപേക്ഷകള് കെട്ടിക്കിടക്കുന്നുണ്ട്. പറഞ്ഞ കാര്യങ്ങള് ചെയ്യുന്നതായിരിക്കണം ഗവണ്മെന്റ് നയം.
2018 ന് ശേഷം കേരളത്തില് സംരംഭ വികസനരംഗത്ത് നിരവധി നിയമപരിഷ്കാരങ്ങള് കൊണ്ടുവന്നിട്ടുണ്ട്. എന്നാല് ദൗര്ഭാഗ്യവശാല് ഈ പറയുന്ന പല നടപടികളും താഴെത്തട്ടില് എത്തിയിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്സിംഗ് ചട്ടങ്ങള് ഉദാരമാക്കിക്കൊണ്ട് സര്ക്കാര് നിയമനിര്മാണം നടത്തിയിട്ടുണ്ട്. ഗസറ്റ് വിജ്ഞാപനം വന്ന് ഏറെ മാസങ്ങള് കഴിഞ്ഞിട്ടും അതിന്റെ സോഫ്റ്റ്വെയറിൽ അതിനനുസൃതമായ മാറ്റങ്ങള് വരുത്താന് കഴിഞ്ഞിട്ടില്ല.
അടിസ്ഥാന സൗകര്യ വികസനം, ലൈസന്സിംഗ് നടപടിക്രമങ്ങള് എന്നിവയെല്ലാംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് സംരംഭകര്ക്ക് ലഭ്യമാക്കണം. അത്തരം കാര്യങ്ങള് ചെയ്യിക്കാന് ഗവണ്മെന്റിന് കഴിയണം. നോക്കുകൂലിയും അപ്രഖ്യാപിത ഹര്ത്താലുകളും പോലെയുള്ള ദുര്നടപടികള്ക്കെതിരെ ശക്തമായ നിയമ നടപടികള് ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഇവ കാരണം കേരളത്തെ സംബന്ധിച്ചു പുറത്തേക്കു പോകുന്ന മെസ്സേജുകള് വ്യവസായ സൗഹൃദത്തിന്റേതല്ല എന്ന് ഓര്ക്കണം.
കേന്ദ്രസര്ക്കാര് പ്രഖ്യാപിക്കുന്ന പദ്ധതി ആനുകൂല്യങ്ങള് നേടിയെടുക്കാന് പ്രത്യേക സമിതികള്ക്ക് രൂപം നല്കണം. വിദേശ മലയാളികളെ വ്യവസായ സംരംഭങ്ങള് തുടങ്ങുന്നതിന് സജ്ജമാക്കുന്നതിന് ഒരു പ്രത്യേക സംവിധാനം കൊണ്ടുവരണം. നിരവധി വ്യവസായികള് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. അവരുടെ കയ്യില് നൈപുണ്യം മാത്രമല്ല നിക്ഷേപിക്കാനുള്ള തുകയും ലഭ്യമാണ്. ഇവ ഉപയോഗപ്പെടുത്താന് കഴിഞ്ഞാല് അത് കേരളത്തിന്റെ വികസനത്തില് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കും.



