നവല്‍ ഡിറ്റോ വി
സിഇഒ, കൊളീഗോ
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
എഐ, ഡീപ്പ് ടെക് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന ആഗോള മാറ്റങ്ങളുടെ നിർണായക ഘട്ടത്തിലാണ് കേരളം. ഉയർന്ന ബൗദ്ധികശേഷിയുള്ള മനുഷ്യവിഭവശേഷി കേരളത്തിന്റെ വലിയ സാധ്യതയാണ്. എന്നാൽ ഇത് ഫലപ്രദമായി വിനിയോഗിക്കാനായില്ലെങ്കിൽ, സാങ്കേതിക വിപ്ലവത്തിന്റെ ഗുണഭോക്താക്കളാകുന്നതിന് പകരം ഓട്ടോമേഷന്റെ ഇരകളാകാനുള്ള സാധ്യതയുണ്ട്.

ഐടി ഔട്ട്സോഴ്സിംഗില്‍ മാത്രം കേന്ദ്രീകരിച്ചുള്ള നിലവിലെ രീതിയില്‍ നിന്ന് ഡീപ്പ് ടെക് അധിഷ്ഠിത സേവനങ്ങളിലേക്കും ഉല്‍പ്പന്ന നിര്‍മ്മാണത്തിലേക്കും മാറുന്നത് ഒരു അനിവാര്യതയാണ്. വെറും സേവന ദാതാക്കള്‍ എന്ന നിലയില്‍ നിന്ന് സാങ്കേതികവിദ്യയുടെ ഉടമസ്ഥര്‍ എന്ന നിലയിലേക്ക് കേരളം ഉയരേണ്ടതുണ്ട്. ഈ തന്ത്രപരമായ പരിവര്‍ത്തനത്തിന് അടിത്തറ പാകേണ്ടത് അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള നയപരമായ ഇടപെടലുകളിലൂടെയാണ്.
ആറാം–ഏഴാം ക്ലാസ് മുതൽ കുട്ടികളുടെ സാങ്കേതിക അഭിരുചികൾ തിരിച്ചറിഞ്ഞ് മെന്റർഷിപ്പ് പ്രോഗ്രാമുകള്‍ സ്കൂള്‍ തലത്തില്‍ ആരംഭിക്കണം. ബിരുദ പഠനത്തിന് ശേഷം പുതിയ സാങ്കേതികവിദ്യകള്‍ പഠിച്ചെടുക്കുന്നത് കുട്ടികള്‍ക്ക് വെല്ലുവിളിയാകുന്നു. അതിനാല്‍ ചെറിയ പ്രായത്തില്‍ തന്നെ ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ അവരെ പ്രാപ്തരാക്കുന്നതിലൂടെ ഭാവിയിലെ തൊഴില്‍ വിപണിയില്‍ അവരെ അപ്രസക്തരാകാതെ കാക്കാം.
ബ്രെയിന്‍ ഡ്രെയിന്‍ തടയല്‍ അനിവാര്യമാണ്. ഉയര്‍ന്ന പ്രതിഭയുള്ളവര്‍ വിദേശത്തേക്ക് ചേക്കേറുന്നത് തടയാന്‍ ആവശ്യമായ ഉന്നതതല തൊഴില്‍ അന്തരീക്ഷം കേരളത്തില്‍ തന്നെ സൃഷ്ടിക്കണം. നമ്മുടെ ബ്രില്യന്റ് മാസ്റ്റര്‍ മൈന്‍ഡുകള്‍ സ്വന്തമായി ഡീപ്പ് ടെക് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ മാറ്റിമറിക്കും.
ഔട്ട്സോഴ്സിംഗ് ജോലികളില്‍ മാത്രം ഒതുങ്ങിപ്പോകുന്ന പ്രതിഭകളെ ഡീപ്പ് ടെക് വിദഗ്ദ്ധരായി മാറ്റുന്നത് കേരളത്തെ ഒരു ‘നോളജ് ഇക്കോണമി’യായി ഉയര്‍ത്താന്‍ സഹായിക്കും. ഇത്തരത്തില്‍ രൂപപ്പെടുന്ന പ്രതിഭകള്‍ക്ക് വളരാന്‍ കൃത്യമായ ഒരു ബിസിനസ്സ് ചട്ടക്കൂട് ആവശ്യമാണ്.
കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പരാജയം പലപ്പോഴും ഐഡിയകളുടെ കുറവുകൊണ്ടല്ല, അവയെ വിജയകരമായ ബിസിനസാക്കി മാറ്റാനുള്ള പരിശീലനത്തിന്റെയും മാനേജ്മെന്റ് പിന്തുണയുടെയും അഭാവം കൊണ്ടാണ്. സാമ്പത്തിക സഹായത്തിനൊപ്പം ബിസിനസ് മാർഗനിർദേശവും നൽകി, നിക്ഷേപകർക്ക് വിശ്വാസത്തോടെ മൂലധനം നിക്ഷേപിക്കാനാകുന്ന ഗുണനിലവാര മാനദണ്ഡങ്ങളും സർക്കാർ ഉറപ്പാക്കണം.
കൊച്ചി ആസ്ഥാനമാക്കി ഒരു ഏകീകൃത അന്താരാഷ്ട്ര ടെക്നോളജി ഹബ്ബ് സ്ഥാപിക്കേണ്ടത് തന്ത്രപരമായ ആവശ്യമാണ്. ദുബായിലെ ജൈടെക്സ്, മുംബൈയിലെ ജിയോ കണ്വെന്ഷന് സെന്റര്‍ എന്നിവയ്ക്ക് സമാനമായ ഒരു ആഗോള കേന്ദ്രമാണ് വിഭാവനം ചെയ്യേണ്ടത്.





