ബാബു ജോസഫ്
ഡയറക്ടര്, സ്കൂള് ഓഫ് കമ്യൂണിക്കേഷന്, എസ്എച്ച് കോളേജ്, തേവര
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്ച്ച ചെയ്യുന്ന ‘ബ്രാന്ഡ് കേരളം കോണ്ക്ലേവി’ന് 2026 ഒക്ടോബര് 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില് നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള് പ്രോഫിറ്റ് ന്യൂസിലൂടെ സര്ക്കാരുമായി പങ്കുവെക്കുന്നു…
കേരളത്തിന്റെ പ്രധാന പ്രശ്നം വരുമാന സ്രോതസ്സുകളുടെ കുറവാണ്. വരുമാനം വര്ധിപ്പിക്കുക എന്നതാണ് പ്രശ്നപരിഹാര മാര്ഗം. പരമ്പരാഗത വ്യവസായങ്ങള് കാര്യമായ വരുമാനം നല്കുന്നില്ല. ഗള്ഫ് രാജ്യങ്ങളില് നിന്നുള്ള പ്രവാസി പണമയപ്പും കുറയുന്ന സാഹചര്യത്തില്, കേരളത്തിന്റെ വരുമാന സ്രോതസ്സുകളില് സമൂലമായ പൊളിച്ചെഴുത്ത് അനിവാര്യമാണ്.

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള് കാര്യമായിട്ട് വരുമാനം തരുന്നില്ല. എസ്.എം.ഇ. മേഖലയുടെ സാധ്യതകളെ ഉപയോഗപ്പെടുത്താന് നമുക്ക് സാധിക്കുന്നില്ല. വരുമാനത്തിന്റെ സിംഹഭാഗവും കടം തിരിച്ചടവിനു വേണ്ടിയും പെന്ഷനു വേണ്ടിയും ഉപയോഗിച്ച ശേഷം ബാക്കിയുള്ള ചെറിയ ഒരു തുക വെച്ചാണ് പ്രത്യുല്പാദനപരമായ കാര്യങ്ങളിലേക്ക് പോകുന്നത്. അതില് അടിമുടി ഒരു പരിവര്ത്തനം ആവശ്യമായി വരും.
ഇത് ഒരു അവസാന ബസ് ആണെന്ന് വേണം കരുതാന്. ആ പൊളിച്ചെഴുത്തിന്റെ വിശദാംശങ്ങള് നമ്മള് വിശദമായിട്ട് ചര്ച്ച ചെയ്യേണ്ടതുണ്ട്, അതില് ധാരണകളില് എത്തേണ്ടതുണ്ട്, എങ്കില് മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂ. കടക്കെണിയിലും നമ്മുടെ ചെറുപ്പക്കാര് പുറത്തു പോകുന്നതിനെക്കുറിച്ചുമൊക്കെ വിലപിച്ചിട്ട് ഒരു കാര്യവുമില്ല. അവര് ആഗ്രഹിക്കുന്ന തരത്തിലുള്ള, അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള തൊഴിലുകളും ഉദ്ദേശിക്കുന്ന വരുമാനവും കൊടുക്കാന് നമുക്ക് സാധിക്കുന്നില്ല. തുറന്ന മനസ്സോടുകൂടി കേരളത്തിന്റെ സാധ്യതകള് എന്തെന്ന് കണ്ടെത്തി ഇച്ഛാശക്തിയോടും പൊതു ധാരണയോടും കൂടി നടപ്പിലാക്കുകയാണ് വേണ്ടത്.
ആഗോളതലത്തില് തൊഴില് മേഖലയില് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്ക്ക് അനുസരണമായി കേരളത്തിലെ വിദ്യാഭ്യാസ ഘടന പൂര്ണ്ണമായിട്ടും ഉടച്ചുവാര്ക്കണം. സിലബസില് ‘സ്കില്ലിംഗിന്’ വളരെ പ്രാധാന്യം നല്കണം. നാലു വര്ഷത്തെ ബിരുദ കോഴ്സിന്റെ ഭാഗമായി കുട്ടികള്ക്ക് ഒരു വര്ഷം നീണ്ടുനില്ക്കുന്ന ട്രെയിനിംഗ് കൊടുക്കാന് സാധിക്കണം. വെറും തിയറി മാത്രം പഠിച്ചിട്ട് കാര്യമില്ല. നാട്ടിലെ ജനസംഖ്യ കുറയുകയാണ്. തൊഴില്ശക്തി ഉണ്ടാവണമെങ്കില് ചെറുപ്പക്കാര്ക്ക് ഇവിടെ നില്ക്കാന് സാധിക്കണം. അവര് മള്ട്ടിടാസ്കിംഗ് ചെയ്യാനും പ്രാപ്തരാകണം.
മൂലധനം ഒരു സ്ഥലത്തും വെറുതെയിരിക്കില്ല, അത് അവസരങ്ങള് ഉള്ളയിടത്തേക്ക് പൊയ്ക്കൊണ്ടിരിക്കും. പശ്ചിമേഷ്യയില് യുദ്ധം ആരംഭിച്ച ശേഷം ദുബായിലും മറ്റും നിക്ഷേപങ്ങള് അല്പ്പം അസ്ഥിരമായിട്ടുണ്ട്. അത്തരം അവസരങ്ങള് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നാം ആലോചിക്കണം. സംരംഭകര് പുതിയ മേഖലകള് കണ്ടെത്തിക്കൊള്ളും, അവര്ക്ക് പിന്തുണ നല്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഗവണ്മെന്റും സംസ്ഥാനത്തുണ്ടെങ്കില് നിക്ഷേപം താനേ വന്നോളും.



