പ്രൊഫ. സാജിദ് നാസർ
ബിറ്റ്സ് പിലാനി
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്ച്ച ചെയ്യുന്ന ‘ബ്രാന്ഡ് കേരളം കോണ്ക്ലേവി’ന് 2026 ഒക്ടോബര് 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില് നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള് പ്രോഫിറ്റ് ന്യൂസിലൂടെ സര്ക്കാരുമായി പങ്കുവെക്കുന്നു…
ഉയർന്ന വിദ്യാഭ്യാസവും മികച്ച ആരോഗ്യസംവിധാനവും വിദഗ്ധ മനുഷ്യവിഭവശേഷിയും കേരളത്തിന്റെ ഏറ്റവും വലിയ ശക്തികളാണ്. ഈ നേട്ടങ്ങളെ കൂടുതൽ തൊഴിലവസരങ്ങളും നിക്ഷേപവും സംരംഭകത്വവും സൃഷ്ടിക്കുന്ന ശക്തമായ സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയാണ് കേരളത്തിന്റെ വികസനത്തെ സംബന്ധിച്ചുള്ള അടുത്ത ഘട്ടത്തിലെ പ്രധാന ലക്ഷ്യം.

തിരുവനന്തപുരം–കൊച്ചി–കോഴിക്കോട് നഗരകേന്ദ്രങ്ങൾക്കൊപ്പം ഓരോ ജില്ലയുടെയും പ്രത്യേകതകൾ അടിസ്ഥാനമാക്കി ജില്ലാതല സാമ്പത്തിക വികസന ക്ലസ്റ്ററുകൾ രൂപീകരിക്കണം. പ്രവാസി മലയാളികളുടെ മൂലധനവും ആഗോള പരിചയവും സ്റ്റാർട്ടപ്പുകൾ, വ്യവസായം, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്ക് എത്തിക്കുന്ന പ്രത്യേക നിക്ഷേപ സംവിധാനവും വേണം.
ഐ.ടി., AI, റോബോട്ടിക്സ് , ഫിൻ ടെക് , ഹെൽത്ത് ടെക് , ബയോടെക്നോളോജി , സൈബെർസെക്യൂരിറ്റി, ടൂറിസം, MSME, ഭക്ഷ്യസംസ്കരണം, കാർഷിക മൂല്യവർധന, ലോജിസ്റ്റിക്സ്, ഗ്രീൻ എനർജി തുടങ്ങിയ മേഖലകൾക്ക് അടിയന്തര മുൻഗണന നൽകണം. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതികൾ ലളിതമാക്കുകയും MSMEകൾക്ക് ധനസഹായം, സാങ്കേതികവിദ്യ, വിപണനം, കയറ്റുമതി എന്നിവയിൽ ഏകജാലക പിന്തുണ നൽകുകയും വേണം.
ടൂറിസത്തെ കേവലം കാഴ്ചകൾ കാണുക എന്ന നിലയിൽ നിന്നും അനുഭവകേന്ദ്രീകൃതമായ യാത്രാനുഭവമാക്കി മാറ്റാൻ സാധിക്കണം. ആയുർവേദം, വെൽനെസ്സ് , മെഡിക്കൽ, അഡ്വെഞ്ചർ , ഹെറിറ്റേജ് , തുടങ്ങിയ മേഖലകൾ പ്രത്യേക ശ്രദ്ധ നൽകി വികസിപ്പിക്കണം.
വിദ്യാഭ്യാസം, തൊഴിൽ ലഭ്യത , സംരംഭകത്വം , ഇന്നോവേഷൻ , റിസർച്ച് എന്നിവയുമായി കൂടുതൽ ബന്ധിപ്പിക്കണം. ഇൻഡസ്ട്രി ഇന്റേൺഷിപ്പ് ,ലൈവ് പ്രോജക്റ്റുകൾ , സ്റ്റാർട്ടപ്പ് എക്സ്പോഷർ എന്നിവ ശക്തമാക്കണം.
ആരോഗ്യരംഗത്ത് പ്രിവന്റീവ് കെയർ , എൽഡർലി കെയർ ,ഡിജിറ്റൽ ഹെൽത്ത് , ഹോം ഹെൽത്ത്കെയർ എന്നിവയും സിൽവർ ഇക്കോണമിയും വികസിപ്പിക്കണം. റോഡ്, റെയിൽ, പൊതുഗതാഗതം, തുറമുഖം, വിമാനത്താവളം, മാലിന്യസംസ്കരണം, കുടിവെള്ളം, ഡിജിറ്റൽ അടിസ്ഥാനസൗകര്യം എന്നിവ ഉൾപ്പെടുത്തി ദീർഘകാല ഇൻഫ്രാസ്ട്രക്ച്ചർ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം.
വികസനത്തിന്റെ ഓരോ ഘട്ടത്തിലും കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, തീരസംരക്ഷണം, റിന്യൂവബിൾ എനർജി , നെറ്റ് സീറോ തുടങ്ങിയ ലക്ഷ്യങ്ങൾ പരിഗണിക്കണം.
കേരളത്തിന്റെ വികസന ലക്ഷ്യം കൂടുതൽ പദ്ധതികൾ മാത്രമല്ല; അറിവിനെ നിക്ഷേപമാക്കി, മനുഷ്യവിഭവശേഷിയെ തൊഴിലാക്കി, ആശയങ്ങളെ സംരംഭങ്ങളാക്കി, ഓരോ ജില്ലയെയും വളർച്ചയുടെ കേന്ദ്രമാക്കി ഇന്ത്യയിലെ ഏറ്റവും മത്സരക്ഷമമായ സംസ്ഥാനങ്ങളിലൊന്നായി മാറുക എന്നതായിരിക്കണം.



