പാരമ്പര്യത്തിന്റെ കരുത്തില് വളര്ന്ന വന്കിട വ്യവസായ ഗ്രൂപ്പുകള് മുതല് ഭാവിയുടെ സാങ്കേതികവിദ്യകള്ക്ക് രൂപം നല്കുന്ന പുതുതലമുറ സംരംഭങ്ങള് വരെ. സംരംഭകത്വം, നൂതന ആശയങ്ങള്, ഉപഭോക്തൃവിശ്വാസം, സാമൂഹിക പ്രതിബദ്ധത, സുസ്ഥിര വളര്ച്ച എന്നിവയുടെ വൈവിധ്യമാര്ന്ന മാതൃകകളുമായി പ്രോഫിറ്റ് ടസ്കര് അവാര്ഡ്സ് 2026 ജേതാക്കള്. വിവിധ മേഖലകളില് ശ്രദ്ധേയമായ സംഭാവനകള് നല്കിയ 24 വ്യക്തികളെയും സ്ഥാപനങ്ങളെയും പരിചയപ്പെടാം.
- വ്യവസായ പാരമ്പര്യവും സംരംഭക മികവും
- തോമസ് ജോര്ജ് മുത്തൂറ്റ്: ബിസിനസ്മാന് ഓഫ് ദി ഇയര്
- ഡോ. വിജു ജേക്കബ്: ഓണ്ട്രപ്രണര് ഓഫ് ദി ഇയര്
- ഡോ. ജെ. രാജ്മോഹന് പിള്ള: ഗ്ലോബല് ഓണ്ട്രപ്രണര്ഷിപ്പ് ആന്ഡ് ഇന്നൊവേഷന്
- മാത്യു മുത്തൂറ്റ്: മോസ്റ്റ് പ്രോമിസിങ് എന്റര്പ്രണര്
- ഡോ. എ.വി. അനൂപ്: പയനിയര് ഇന് ബിസിനസ് ഡൈവേഴ്സിഫിക്കേഷന്
- അബ്ദുല് റസാഖ് മഠത്തില്: കോര്പ്പറേറ്റ് എക്സലന്സ് ഇന് ഷേപ്പിങ് ഫ്യൂച്ചര് സ്കില്സ്
- സുഹാസ് എം.എസ്: ലെഗസി ഓഫ് ട്രസ്റ്റ് ആന്ഡ് എക്സലന്സ്
- അല്ത്താഫ് ജഹാംഗീര്: യംഗ് എന്റര്പ്രണര് ഓഫ് ദി ഇയര്
- സാബു ജോണി: ഇന്ഡസ്ട്രി ലീഡര്ഷിപ്പ് എക്സലന്സ് (ഓട്ടോമൊബൈല്)
- സേവന മികവും സാമൂഹിക പ്രതിബദ്ധതയും
- പി.ഇ. മത്തായി: ലൈഫ്ടൈം അച്ചീവ്മെന്റ് ഇന് കരിയര് എക്സലന്സ്
- ഡോ. അരുണ് ഉമ്മന്: എക്സലന്സ് ഇന് ഹെല്ത്ത് ആന്ഡ് സോഷ്യല് ആക്ടിവിറ്റീസ്
- വളര്ച്ചയ്ക്കും പരിവര്ത്തനത്തിനും നേതൃത്വം നല്കുന്നവര്
- പ്രവീണ് മോഹന്: നെറ്റ്വര്ക്ക് ടൈറ്റന് ഓഫ് ഇന്ത്യ
- എന്.കെ. കുര്യന്: ഐക്കോണിക് അഗ്രി ഹെറിറ്റേജ് ആന്ഡ് നേച്ചര് ടൂറിസം
- മനോജ് വി. രാമന്: എക്സലന്സ് ഇന് ഇന്നൊവേറ്റീവ് ഫിനാന്ഷ്യല് സര്വീസസ്
- ഡോ. എം.പി. ചന്ദ്രന്: എക്സലന്സ് ഇന് അക്കാദമിക് ഇന്നൊവേഷന്
- ജോര്ജ് ജോണ് വാലത്ത്: എമര്ജിങ് എന്ബിഎഫ്സി ബ്രാന്ഡ്
- ജയകുമാര് മോഹനചന്ദ്രന്: മോസ്റ്റ് ട്രസ്റ്റഡ് ടെക്നോളജി ബ്രാന്ഡ് ഓഫ് ദി ഇയര്
- അശോകന് കെ.വി. എക്സലന്സ് ഇന് കാര്ബണ്-ന്യൂട്രല് ഇനിഷ്യേറ്റീവ്സ്
- ജോണ്സണ് സി. എബ്രഹാം: എക്സലന്സ് ഇന് മാച്ച് മേക്കിങ് സര്വീസസ്
- ഭാവിയുടെ ബിസിനസ് മാതൃകകള്
- നവല് ഡിറ്റോ: എക്സലന്സ് ഇന് ടെക്നോളജി ഇന്നൊവേഷന് ആന്ഡ് ഡിജിറ്റല് ട്രാന്സ്ഫര്മേഷന്
- മനോജ് പി. ജോസഫ്: എക്സലന്സ് ഇന് ഐടി ഇന്ഫ്രാസ്ട്രക്ചര് സൊല്യൂഷന്സ്
- ഡാനി ആന്റണി: എക്സലന്സ് ഇന് ഔട്ട്-ഓഫ്-ഹോം ഇന്നൊവേഷന്
- മുജീബ് ഉര് റഹ്മാന്: എക്സലന്സ് ഇന് ഫ്രോസണ് സ്നാക്ക്സ് മാനുഫാക്ചറിങ്
- സഹദ് എ.കെ: മോസ്റ്റ് പ്രോമിസിംഗ് എന്ആര്ഐ ബിസിനസ്മാന്
- ബിസിനസ് വിജയത്തിനപ്പുറം മൂല്യം സൃഷ്ടിക്കുന്ന മാതൃകകള്
- English Summary
ബിസിനസ് വിജയം എന്നത് ലാഭക്കണക്കുകളില് മാത്രം ഒതുങ്ങുന്നില്ല. കാലത്തിനനുസരിച്ച് മാറാനുള്ള കഴിവ്, പുതിയ തൊഴിലവസരങ്ങള് സൃഷ്ടിക്കാനുള്ള ശേഷി, ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കല്, സാങ്കേതികവിദ്യയെ വളര്ച്ചയ്ക്കുള്ള ഉപാധിയാക്കല്, സമൂഹത്തിന് മൂല്യം സൃഷ്ടിക്കല് എന്നിവയും ഒരു സംരംഭത്തിന്റെ വിജയത്തെ നിര്ണയിക്കുന്നു. ഈ വൈവിധ്യമാര്ന്ന ബിസിനസ് മികവിനെയാണ് പ്രോഫിറ്റ് ടസ്കര് അവാര്ഡ്സ് 2026 ആദരിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശന് പുരസ്കാരങ്ങള് വിതരണം ചെയ്യും.
വ്യവസായ പാരമ്പര്യം സംരക്ഷിച്ച് മുന്നേറുന്ന സംരംഭകര്, കേരളത്തിന്റെ രുചികളും ഉല്പ്പന്നങ്ങളും ലോകവിപണിയിലെത്തിച്ച വ്യവസായികള്, സാമ്പത്തിക സേവനങ്ങളെ നവീകരിക്കുന്ന സ്ഥാപനങ്ങള്, ഡിജിറ്റല് പരിവര്ത്തനത്തിന് നേതൃത്വം നല്കുന്ന സാങ്കേതികവിദ്യാ കമ്പനികള്, വിദ്യാഭ്യാസത്തിലും പരിസ്ഥിതി സംരക്ഷണത്തിലും പുതിയ മാതൃകകള് സൃഷ്ടിക്കുന്ന വ്യക്തികള് എന്നിങ്ങനെ വിവിധ മേഖലകളിലെ നേട്ടങ്ങളാണ് പുരസ്കാര ജേതാക്കളെ ശ്രദ്ധേയരാക്കുന്നത്.
വ്യവസായ പാരമ്പര്യവും സംരംഭക മികവും
തോമസ് ജോര്ജ് മുത്തൂറ്റ്: ബിസിനസ്മാന് ഓഫ് ദി ഇയര്
മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറായ തോമസ് ജോര്ജ് മുത്തൂറ്റ്, ദീര്ഘമായ വ്യവസായ പാരമ്പര്യത്തെ വളര്ച്ചയുടെയും വൈവിധ്യവല്ക്കരണത്തിന്റെയും പുതിയ സാധ്യതകളുമായി ബന്ധിപ്പിക്കുന്ന സംരംഭകനാണ്. 1887-ല് ആരംഭിച്ച 139 വര്ഷത്തെ പാരമ്പര്യമുള്ള ഗ്രൂപ്പിന്റെ പ്രവര്ത്തനങ്ങള് ധനകാര്യ സേവനങ്ങള്, മൈക്രോഫിനാന്സ്, ഹൗസിംഗ് ഫിനാന്സ്, ഓട്ടോമൊബൈല്, ഹോസ്പിറ്റാലിറ്റി, പുനരുപയോഗ ഊര്ജം തുടങ്ങിയ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. നവീകരണം, സാമ്പത്തിക ഉള്പ്പെടുത്തല്, ഉപഭോക്തൃശാക്തീകരണം എന്നിവയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് ബിസിനസ്മാന് ഓഫ് ദി ഇയര് പുരസ്കാരം.
ഡോ. വിജു ജേക്കബ്: ഓണ്ട്രപ്രണര് ഓഫ് ദി ഇയര്
പിതാവ് സി.വി. ജേക്കബ് ആരംഭിച്ച സുഗന്ധവ്യഞ്ജന സത്ത് നിര്മാണ സംരംഭത്തെ ആഗോളതലത്തില് ശ്രദ്ധേയമായ വ്യവസായമായി വളര്ത്തിയതാണ് സിന്തൈറ്റ് ഇന്ഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ചെയര്മാനായ ഡോ. വിജു ജേക്കബിന്റെ നേട്ടം. സ്പൈസ് ഒലിയോറെസിന്, എക്സ്ട്രാക്ടുകള്, മൂല്യവര്ധിത പ്രകൃതിദത്ത ചേരുവകള് എന്നിവയുടെ ഉല്പ്പാദനത്തില് ലോകത്തെ മുന്നിരയിലെത്തിയ സിന്തൈറ്റ് ഇന്ത്യ, ചൈന, ബ്രസീല്, വിയറ്റ്നാം, ശ്രീലങ്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില് പ്രവര്ത്തിക്കുന്നു. 90-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന കമ്പനി ആയിരക്കണക്കിന് കര്ഷകരുമായി സുസ്ഥിര പങ്കാളിത്തവും പുലര്ത്തുന്നു. കേരളത്തില്നിന്നുള്ള ഒരു സംരംഭം ആഗോള വിപണിയില് നേടിയ സ്ഥാനത്തിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
ഡോ. ജെ. രാജ്മോഹന് പിള്ള: ഗ്ലോബല് ഓണ്ട്രപ്രണര്ഷിപ്പ് ആന്ഡ് ഇന്നൊവേഷന്
നാല് പതിറ്റാണ്ടിലേറെ നീളുന്ന ബിസിനസ് അനുഭവവുമായി ബെറ്റാ ഗ്രൂപ്പിനെ അന്താരാഷ്ട്ര തലത്തില് വൈവിധ്യമാര്ന്ന സംരംഭമായി വളര്ത്തിയ നേതാവാണ് ഡോ. ജെ. രാജ്മോഹന് പിള്ള. കശുവണ്ടി കയറ്റുമതിയില്നിന്ന് ആരംഭിച്ച ഗ്രൂപ്പ് സംസ്കരിച്ച ഭക്ഷ്യോല്പ്പന്നങ്ങള്, ഡ്രൈ ഫ്രൂട്ട്സ്, ലോജിസ്റ്റിക്സ്, മറ്റ് വളര്ന്നുവരുന്ന മേഖലകള് എന്നിവയിലേക്ക് പ്രവര്ത്തനം വ്യാപിപ്പിച്ചു. നട്ട് കിങ്, ഓലെ തുടങ്ങിയ ഉപഭോക്തൃ ബ്രാന്ഡുകള് ഗുണനിലവാരത്തിനും വിപണി വികസനത്തിനുമുള്ള ഗ്രൂപ്പിന്റെ ശ്രദ്ധ വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യ വികസനവും കായികമേഖലയും ഉള്പ്പെടെയുള്ള പുതിയ സാധ്യതകള് തേടുന്ന സംരംഭകത്വത്തിനാണ് ഈ അംഗീകാരം.
മാത്യു മുത്തൂറ്റ്: മോസ്റ്റ് പ്രോമിസിങ് എന്റര്പ്രണര്
മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ മാത്യു മുത്തൂറ്റ്, സാമ്പത്തിക സേവനരംഗത്തെ പാരമ്പര്യത്തോടൊപ്പം വളര്ച്ചയും നൂതനത്വവും കൂട്ടിച്ചേര്ത്ത നേതൃത്വത്തിനാണ് ആദരിക്കപ്പെടുന്നത്. കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 2019 സാമ്പത്തിക വര്ഷത്തിലെ 1,397 കോടി രൂപയില്നിന്ന് 2026 സാമ്പത്തിക വര്ഷത്തില് 7,300 കോടി രൂപയായി ഉയര്ന്നു. 500 ശതമാനത്തിലധികം വളര്ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്ഷം ബിസിനസില് 60 ശതമാനം വളര്ച്ച കൈവരിക്കുകയും നികുതിക്ക് മുമ്പുള്ള ലാഭം ഇരട്ടിയാക്കുകയും ചെയ്തു.
ഡോ. എ.വി. അനൂപ്: പയനിയര് ഇന് ബിസിനസ് ഡൈവേഴ്സിഫിക്കേഷന്
മെഡിമിക്സ് എന്ന ആയുര്വേദ സോപ്പ് ബ്രാന്ഡിനെ ആധാരമാക്കി വൈവിധ്യമാര്ന്ന സംരംഭക കൂട്ടായ്മ വളര്ത്തിയതാണ് എ.വി.എ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ ഡോ. എ.വി. അനൂപിന്റെ പ്രധാന നേട്ടം. ആരോഗ്യപരിചരണം, വെല്നസ്, സുഗന്ധവ്യഞ്ജനങ്ങള്, ഹോസ്പിറ്റാലിറ്റി, വിനോദം തുടങ്ങിയ മേഖലകളിലേക്ക് ഗ്രൂപ്പ് പ്രവര്ത്തനം വ്യാപിപ്പിച്ചു. മെലം, കയ്ത്ര, സഞ്ജീവനം ആയുര്വേദ ആശുപത്രി തുടങ്ങിയ സംരംഭങ്ങള് ഈ വൈവിധ്യവല്ക്കരണത്തിന്റെ ഭാഗമാണ്. വ്യവസായത്തിനപ്പുറം സിനിമ, സാഹിത്യം, നാടകം, സാംസ്കാരിക പ്രവര്ത്തനങ്ങള് എന്നിവയിലും സജീവമായ അദ്ദേഹത്തിന് ബിസിനസ് വൈവിധ്യവല്ക്കരണത്തിലെ മികവിനാണ് പുരസ്കാരം.
അബ്ദുല് റസാഖ് മഠത്തില്: കോര്പ്പറേറ്റ് എക്സലന്സ് ഇന് ഷേപ്പിങ് ഫ്യൂച്ചര് സ്കില്സ്
നൈപുണ്യ വികസനത്തെയും സാങ്കേതിക നവീകരണത്തെയും സാമ്പത്തിക ശാക്തീകരണത്തെയും ബിസിനസ് വളര്ച്ചയുടെ ഭാഗമാക്കുന്ന ഇറം ഹോള്ഡിങ്സിനാണ് ഈ പുരസ്കാരം. ഗ്രൂപ്പ് സിഇഒയും ബോര്ഡ് അംഗവുമായ അബ്ദുല് റസാഖ് മഠത്തിലിന്റെ നേതൃത്വത്തില് 16 രാജ്യങ്ങളിലായി 40-ലധികം ബിസിനസ് യൂണിറ്റുകള് പ്രവര്ത്തിക്കുന്നു. 2015 മുതല് ഇറം ടെക്നോളജീസ്, എസ്പോയര് അക്കാദമി, ഇറം സ്കില്സ് അക്കാദമി എന്നിവയിലൂടെ കേരളത്തിലെ നൈപുണ്യ വികസന രംഗത്തും പ്രവര്ത്തിക്കുന്നു. കെഎഎസ്ഇ, എന്എസ്ഡിസി, മഹീന്ദ്ര, അമേരിക്കന് വെല്ഡിങ് സൊസൈറ്റി, ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷന് തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തവും ശ്രദ്ധേയമാണ്. പവര് ഇലക്ട്രോണിക്സ് ഗവേഷണം, നിര്മാണം, ഭക്ഷ്യ കയറ്റുമതി, വിദ്യാഭ്യാസം, വിനോദസഞ്ചാരം, വാഹനവിപണി തുടങ്ങിയ മേഖലകളിലും ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.
സുഹാസ് എം.എസ്: ലെഗസി ഓഫ് ട്രസ്റ്റ് ആന്ഡ് എക്സലന്സ്
1925-ല് സ്ഥാപിതമായ ഭീമ ജ്വല്ലറിയുടെ പാരമ്പര്യവും ഉപഭോക്തൃവിശ്വാസവും പുതിയ കാലത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന നേതാവാണ് മാനേജിങ് ഡയറക്ടര് സുഹാസ് എം.എസ്. സ്വര്ണത്തിന്റെ പരിശുദ്ധി, സുതാര്യത, ആഭരണനിര്മാണത്തിലെ മികവ് എന്നിവയിലൂടെ തലമുറകളുടെ വിശ്വാസം നേടിയ ബ്രാന്ഡ് 2025-ല് നൂറാം വാര്ഷികം ആഘോഷിച്ചു. തിരുവനന്തപുരം ജില്ലയിലെ മൂന്ന് ഷോറൂമുകളിലായി ഒറ്റ ദിവസം 200 കോടി രൂപയുടെ വില്പ്പന നേടിയതും ശ്രദ്ധേയമാണ്. ഡിജിറ്റല് പരിവര്ത്തനത്തിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സ്വര്ണം, വജ്രം, വെള്ളി, രത്നാഭരണങ്ങള് തുടങ്ങിയ വിഭാഗങ്ങളുടെ വളര്ച്ചയ്ക്കും നല്കുന്ന പ്രാധാന്യമാണ് ഈ അംഗീകാരത്തിന്റെ അടിസ്ഥാനം.
അല്ത്താഫ് ജഹാംഗീര്: യംഗ് എന്റര്പ്രണര് ഓഫ് ദി ഇയര്
കേരളത്തില് സ്ഥാപിതമായ നെസ്റ്റ് ഗ്രൂപ്പിനെ ആഗോള സാങ്കേതിക വ്യവസായ രംഗത്ത് കൂടുതല് ശക്തിപ്പെടുത്തുന്നതില് പങ്കുവഹിക്കുന്ന യുവ നേതാവാണ് സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അല്ത്താഫ് ജഹാംഗീര്. അഡ്വാന്സ്ഡ് മാനുഫാക്ചറിങ്, എന്ജിനീയറിങ്, ഇലക്ട്രോണിക്സ്, വ്യാവസായിക പരിഹാരങ്ങള് തുടങ്ങിയ മേഖലകളില് പ്രവര്ത്തിക്കുന്ന ഗ്രൂപ്പിന് വടക്കേ അമേരിക്ക, യൂറോപ്പ്, മിഡില് ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില് സാന്നിധ്യമുണ്ട്. പാരമ്പര്യവും നവീകരണവും ഒരുമിപ്പിച്ച് ആഗോള വിപണിയിലേക്ക് വളരുന്ന പുതുതലമുറ നേതൃത്വത്തിനുള്ള അംഗീകാരമാണിത്.
സാബു ജോണി: ഇന്ഡസ്ട്രി ലീഡര്ഷിപ്പ് എക്സലന്സ് (ഓട്ടോമൊബൈല്)
2001-ല് ആരംഭിച്ച സംരംഭത്തില്നിന്ന് 22 വാഹന ബ്രാന്ഡുകളെ പ്രതിനിധീകരിക്കുന്ന മൊബിലിറ്റി ശൃംഖലയായി ഇവിഎം ഗ്രൂപ്പിനെ വളര്ത്തിയതാണ് മാനേജിങ് ഡയറക്ടര് സാബു ജോണിയുടെ നേട്ടം. ഏകദേശം 18 ശതമാനം വാര്ഷിക വളര്ച്ച രേഖപ്പെടുത്തിയ ഗ്രൂപ്പിന് കേരളം, തമിഴ്നാട്, കര്ണാടക, തെലങ്കാന എന്നിവിടങ്ങളില് സാന്നിധ്യമുണ്ട്. ഏഷ്യ-പസഫിക്, ആഫ്രിക്ക മേഖലകളില് തുടര്ച്ചയായി മൂന്ന് വര്ഷം പോര്ഷെ ബെസ്റ്റ് ഡീലര് പുരസ്കാരം നേടിയതും ഉപഭോക്തൃകേന്ദ്രീകൃത പ്രവര്ത്തനങ്ങളുടെ അംഗീകാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സേവന മികവും സാമൂഹിക പ്രതിബദ്ധതയും
പി.ഇ. മത്തായി: ലൈഫ്ടൈം അച്ചീവ്മെന്റ് ഇന് കരിയര് എക്സലന്സ്
അഞ്ച് പതിറ്റാണ്ടിലേറെ നീളുന്ന സാമ്പത്തിക സേവനരംഗത്തെ പ്രവര്ത്തന മികവിനാണ് പി.ഇ. മത്തായിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം. സൗത്ത് ഇന്ത്യന് ബാങ്കില് 35 വര്ഷം സേവനമനുഷ്ഠിച്ച് ജനറല് മാനേജര് പദവിയിലെത്തിയ അദ്ദേഹം പിന്നീട് മുത്തൂറ്റ് പ്രഷ്യസ് മെറ്റല്സ്, ഹെഡ്ജ് ഇക്വിറ്റീസ് എന്നിവയുടെ സിഇഒയായും പ്രവര്ത്തിച്ചു. 2019 മുതല് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ സിഇഒയായി നയിക്കുന്ന അദ്ദേഹം കമ്പനിയുടെ വളര്ച്ചയില് നിര്ണായക പങ്കുവഹിച്ചു. 76-ാം വയസ്സിലും മാസ്റ്റേഴ്സ് വിഭാഗം മാരത്തണുകളിലും യോഗയിലും സജീവമായി തുടരുന്ന അദ്ദേഹത്തിന്റെ ജീവിതം തൊഴില്മികവിന്റെയും അച്ചടക്കത്തിന്റെയും മാതൃകയാണ്.
ഡോ. അരുണ് ഉമ്മന്: എക്സലന്സ് ഇന് ഹെല്ത്ത് ആന്ഡ് സോഷ്യല് ആക്ടിവിറ്റീസ്
ന്യൂറോസര്ജറി രംഗത്തെ വൈദഗ്ധ്യത്തിനൊപ്പം പൊതുജനാരോഗ്യ ബോധവല്ക്കരണത്തിലും സാമൂഹിക സേവനത്തിലും സജീവമായ ഡോ. അരുണ് ഉമ്മന് ആരോഗ്യ-സാമൂഹിക പ്രവര്ത്തനങ്ങളിലെ മികവിനാണ് അംഗീകാരം. 18 വര്ഷത്തിലേറെയുള്ള പ്രവര്ത്തനപരിചയത്തിനിടെ കേരളത്തിലെ ആദ്യ PEEK 3D തലയോട്ടി പുനര്നിര്മാണവും ഏഷ്യയിലെ ഏറ്റവും വലിയ തലയോട്ടി പുനര്നിര്മാണങ്ങളില് ഒന്നും അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ ഇസിഒഎസ്ഒയിലെ പ്രതിനിധി, കേരള ന്യൂറോളജിക്കല് സൊസൈറ്റിയുടെ ഓണററി സെക്രട്ടറി തുടങ്ങിയ നിലകളിലെ പ്രവര്ത്തനങ്ങളും ആരോഗ്യവിദ്യാഭ്യാസ രംഗത്തെ ഇടപെടലുകളും അദ്ദേഹത്തിന്റെ സംഭാവനകളെ വിപുലമാക്കുന്നു.
വളര്ച്ചയ്ക്കും പരിവര്ത്തനത്തിനും നേതൃത്വം നല്കുന്നവര്
പ്രവീണ് മോഹന്: നെറ്റ്വര്ക്ക് ടൈറ്റന് ഓഫ് ഇന്ത്യ
കേരള വിഷന്റെ വളര്ച്ചയ്ക്ക് നേതൃത്വം നല്കുന്ന, കേബിള് ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റായ പ്രവീണ് മോഹനാണ് നെറ്റ്വര്ക്ക് ടൈറ്റന് ഓഫ് ഇന്ത്യ പുരസ്കാരവുമായി ആദരിക്കപ്പെടുന്നത്. 2007-ല് സ്ഥാപിതമായ കേരള വിഷന് ഇന്ന് രാജ്യത്തെ പ്രമുഖ ഡിജിറ്റല് കണക്റ്റിവിറ്റി ശൃംഖലകളിലൊന്നാണ്. മള്ട്ടി-സിസ്റ്റം ഓപ്പറേറ്റര്മാരില് നാലാം സ്ഥാനവും ഇന്റര്നെറ്റ് സേവനദാതാക്കളില് ആറാം സ്ഥാനവും ഫൈബര്-ടു-ദി-ഹോം സേവനങ്ങളില് അഞ്ചാം സ്ഥാനവും ഗ്രാമീണ ബ്രോഡ്ബാന്ഡ് രംഗത്ത് രണ്ടാം സ്ഥാനവുമുണ്ട് കേരള വിഷന്. കുറഞ്ഞ ചെലവില് വിശ്വസനീയമായ ഇന്റര്നെറ്റ് ലഭ്യമാക്കുന്നതിനൊപ്പം ഡിജിറ്റല് വിനോദം, വിദ്യാഭ്യാസം, ടൂറിസം, എന്റര്പ്രൈസ് സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലേക്കും കേരള വിഷന് വ്യാപിച്ചിരിക്കുന്നു.
എന്.കെ. കുര്യന്: ഐക്കോണിക് അഗ്രി ഹെറിറ്റേജ് ആന്ഡ് നേച്ചര് ടൂറിസം
ഗള്ഫില് സിവില് എന്ജിനീയറായി പ്രവര്ത്തിച്ചിരുന്ന എന്.കെ. കുര്യന് കൃഷിയോടുള്ള താല്പര്യത്തെ 35 ഏക്കറില് വ്യാപിച്ചുകിടക്കുന്ന മാംഗോ മെഡോസ് അഗ്രികള്ച്ചറല് തീം പാര്ക്കാക്കി മാറ്റി. 4,500-ലധികം ഇനം സസ്യങ്ങള്, മരങ്ങള്, വള്ളിച്ചെടികള് എന്നിവയുള്ള ഈ കേന്ദ്രം ജൈവവൈവിധ്യം, സംരക്ഷണം, ഗവേഷണം, പ്രകൃതിപര്യടനം, വിദ്യാഭ്യാസം, വിനോദം എന്നിവയെ ഒരുമിപ്പിക്കുന്നു. കൃഷിയെ ഒരു ഉപജീവനമാര്ഗം എന്നതിലുപരി വിനോദസഞ്ചാരത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമാക്കുന്ന മാതൃകയ്ക്കാണ് പുരസ്കാരം.
മനോജ് വി. രാമന്: എക്സലന്സ് ഇന് ഇന്നൊവേറ്റീവ് ഫിനാന്ഷ്യല് സര്വീസസ്
മൂന്ന് പതിറ്റാണ്ടിലേറെ സാമ്പത്തിക സേവനരംഗത്ത് പ്രവര്ത്തിച്ച മനോജ് വി. രാമന്റെ നേതൃത്വത്തില് മാക്സ്വാല്യു ക്രെഡിറ്റ്സ് ആന്ഡ് ഇന്വെസ്റ്റ്മെന്റ്സ് ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ എന്ബിഎഫ്സികളിലൊന്നായി വളര്ന്നു. 450 കോടി രൂപയുടെ കൈകാര്യം ചെയ്യുന്ന ആസ്തിയും 175-ലധികം ശാഖകളുമുള്ള സ്ഥാപനത്തിന് സ്വര്ണവായ്പ, വാഹനവായ്പ, വ്യാപാരികള്ക്കുള്ള വായ്പ, മൈക്രോഫിനാന്സ് തുടങ്ങിയ മേഖലകളില് സാന്നിധ്യമുണ്ട്. 1,500-ലധികം ജീവനക്കാര്ക്ക് ഡിജിറ്റല് പരിവര്ത്തനത്തിലും ആര്ട്ടിഫിഷ്യല് ഇന്റലിജന്സിലും പരിശീലനം നല്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തുന്നു. സാമ്പത്തിക സേവനങ്ങളിലെ നവീകരണത്തിനുള്ള അംഗീകാരമാണിത്.
ഡോ. എം.പി. ചന്ദ്രന്: എക്സലന്സ് ഇന് അക്കാദമിക് ഇന്നൊവേഷന്
വിദ്യാഭ്യാസരംഗത്ത് സ്ഥാപനങ്ങള് കെട്ടിപ്പടുക്കുന്നതിലും പഠനരീതികളില് നവീകരണം കൊണ്ടുവരുന്നതിലും ശ്രദ്ധേയമായ സംഭാവനകള് നല്കിയ വ്യക്തിയാണ് ഡോ. എം.പി. ചന്ദ്രന്. 1965 മുതല് വളര്ന്നുവരുന്ന ഏഷ്യ ചാരിറ്റബിള് ട്രസ്റ്റിന്റെ കീഴില് 17 കോളേജുകളും മൂന്ന് സ്കൂളുകളും പ്രവര്ത്തിക്കുന്നു. സാങ്കേതികവിദ്യാധിഷ്ഠിതവും വ്യവസായബന്ധിതവുമായ ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിട്ട് 2023-ല് അഹമ്മദാബാദില് ആരംഭിച്ച ജെ.ജി. സര്വകലാശാലയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ദര്ശനത്തിന്റെ ഭാഗമാണ്. അനുഭവാധിഷ്ഠിത പഠനം, വിവിധ വിഷയങ്ങളെ ബന്ധിപ്പിച്ചുള്ള വിദ്യാഭ്യാസം, ഭാവിക്ക് ആവശ്യമായ നൈപുണ്യങ്ങള് എന്നിവയ്ക്ക് നല്കുന്ന പ്രാധാന്യമാണ് ഈ പുരസ്കാരത്തിന് ആധാരം. ഡോ. ചന്ദ്രനുവേണ്ടി ഏഷ്യ ട്രസ്റ്റിലെ ട്രസ്റ്റിയും സഹപ്രവര്ത്തകനുമായ ജോസ് മാത്യു പുരസ്കാരം ഏറ്റുവാങ്ങും.
ജോര്ജ് ജോണ് വാലത്ത്: എമര്ജിങ് എന്ബിഎഫ്സി ബ്രാന്ഡ്
2020-ല് ജോര്ജ് ജോണ് വാലത്ത് സ്ഥാപിച്ച റിച്ച്മാക്സ് ഫിന്വെസ്റ്റ് ചുരുങ്ങിയ കാലത്തിനുള്ളില് സാമ്പത്തിക സേവനരംഗത്ത് സാന്നിധ്യം വിപുലീകരിച്ച സ്ഥാപനമാണ്. കേരളം, തമിഴ്നാട്, കര്ണാടക, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിലായി 125-ലധികം ശാഖകളും 700 ജീവനക്കാരുമുള്ള സ്ഥാപനത്തിന് സാങ്കേതികവിദ്യാധിഷ്ഠിത വായ്പാ സേവനങ്ങളില് ശ്രദ്ധേയമായ വളര്ച്ച കൈവരിക്കാനായി. ഏതാനും മിനിറ്റുകള്ക്കുള്ളില് നടപടികള് പൂര്ത്തിയാക്കുന്ന സ്വര്ണവായ്പാ സേവനങ്ങള് ഉള്പ്പെടെ ഉപഭോക്താക്കള്ക്ക് വേഗത്തിലും സൗകര്യപ്രദമായും സേവനം ലഭ്യമാക്കുന്നതാണ് കമ്പനിയുടെ പ്രവര്ത്തനരീതി. വളര്ച്ചയ്ക്കും നവീകരണത്തിനുമുള്ള അംഗീകാരമാണ് എമര്ജിങ് എന്ബിഎഫ്സി ബ്രാന്ഡ് പുരസ്കാരം.
ജയകുമാര് മോഹനചന്ദ്രന്: മോസ്റ്റ് ട്രസ്റ്റഡ് ടെക്നോളജി ബ്രാന്ഡ് ഓഫ് ദി ഇയര്
ഐടി ഇന്ഫ്രാസ്ട്രക്ചര്, ക്ലൗഡ് സേവനങ്ങള് എന്നിവയില്നിന്ന് ക്ലൗഡ് നവീകരണം, സൈബര് സുരക്ഷ, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് തുടങ്ങിയ മേഖലകളിലേക്കു വളര്ന്ന എഫ്9 ഇന്ഫോടെക്കിന്റെ സിഇഒയും സഹസ്ഥാപകനുമാണ് ജയകുമാര് മോഹനചന്ദ്രന്. ഇന്ത്യയിലും മിഡില് ഈസ്റ്റിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും പ്രവര്ത്തിക്കുന്ന സ്ഥാപനം ഡിജിറ്റല് പരിവര്ത്തനത്തിന് ആവശ്യമായ സാങ്കേതിക പരിഹാരങ്ങള് നല്കുന്നു. വിശ്വാസ്യത, നവീകരണം, ഉപഭോക്തൃവിശ്വാസം എന്നിവ അടിസ്ഥാനമാക്കി സാങ്കേതികവിദ്യാ ബ്രാന്ഡ് കെട്ടിപ്പടുത്തതിനാണ് പുരസ്കാരം.
അശോകന് കെ.വി. എക്സലന്സ് ഇന് കാര്ബണ്-ന്യൂട്രല് ഇനിഷ്യേറ്റീവ്സ്
കര്ഷകരുടെ വരുമാനവര്ധനയും പരിസ്ഥിതി സംരക്ഷണവും ഒരുമിപ്പിക്കുന്ന പ്രവര്ത്തനങ്ങളാണ് കൈരളി അഗ്രികള്ച്ചര് മള്ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്മാനായ അശോകന് കെ.വി.യെ ശ്രദ്ധേയനാക്കുന്നത്. 2022-ല് സ്ഥാപിതമായ സൊസൈറ്റിക്ക് കേരളത്തിലും തമിഴ്നാട്ടിലുമായി 55 ശാഖകളും 40,000-ലധികം കര്ഷക അംഗങ്ങളുമുണ്ട്. 30,000 ഏക്കറില് വ്യാപിച്ചുകിടക്കുന്ന കൃഷിയിടങ്ങളിലെ 15,000 കര്ഷകരെ ഉള്പ്പെടുത്തിയ കാര്ബണ് ക്രെഡിറ്റ് സംരംഭം പുനരുജ്ജീവന കൃഷി, മണ്ണിന്റെ ആരോഗ്യം, അധിക വരുമാനം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നു. ഡിജിറ്റല് ട്രേസബിലിറ്റി, പരിസ്ഥിതി സൗഹൃദ ഉല്പ്പന്നങ്ങള്, സര്ക്കുലര് ഇക്കോണമി തുടങ്ങിയ പ്രവര്ത്തനങ്ങള്ക്കുള്ള അംഗീകാരമാണിത്.
ജോണ്സണ് സി. എബ്രഹാം: എക്സലന്സ് ഇന് മാച്ച് മേക്കിങ് സര്വീസസ്
1996-ല് സ്ഥാപിതമായ ചാവറ മാട്രിമോണിയുടെ പ്രവര്ത്തനങ്ങളിലൂടെ പരമ്പരാഗത കുടുംബമൂല്യങ്ങളും ആധുനിക വിവാഹപങ്കാളി കണ്ടെത്തല് സേവനങ്ങളും കൂട്ടിച്ചേര്ക്കുന്നതില് പങ്കുവഹിച്ച വ്യക്തിയാണ് എക്സിക്യൂട്ടീവ് ഡയറക്ടര് ജോണ്സണ് സി. എബ്രഹാം. ഇന്ത്യയിലും വിദേശത്തുമുള്ള കുടുംബങ്ങളെ ബന്ധിപ്പിക്കുന്ന സേവനങ്ങളിലൂടെ ബ്രാന്ഡ് വളര്ന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന തൊഴില്പരിചയത്തിനൊപ്പം സാമൂഹിക സേവനത്തിലും നേതൃത്വപരമായ പ്രവര്ത്തനങ്ങളിലും അദ്ദേഹം സജീവമാണ്. വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള സേവനത്തിനും അര്ത്ഥവത്തായ ബന്ധങ്ങള് സൃഷ്ടിക്കുന്നതിനുമുള്ള സംഭാവനകളാണ് പുരസ്കാരത്തിന് അര്ഹമാക്കിയത്.
ഭാവിയുടെ ബിസിനസ് മാതൃകകള്
നവല് ഡിറ്റോ: എക്സലന്സ് ഇന് ടെക്നോളജി ഇന്നൊവേഷന് ആന്ഡ് ഡിജിറ്റല് ട്രാന്സ്ഫര്മേഷന്
2016-ല് നവല് ഡിറ്റോ വി. സ്ഥാപിച്ച നാവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള കോളിഗോ ബാങ്കിങ്, സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്ത് പ്രവര്ത്തിക്കുന്ന സ്ഥാപനമാണ്. അതിന്റെ ശആമിസലൃ പ്ലാറ്റ്ഫോം ഇന്ത്യയിലെ ആദ്യ അകനേറ്റീവ് കോര് ബാങ്കിങ് പ്ലാറ്റ്ഫോമായി അവതരിപ്പിക്കപ്പെടുന്നു. പത്ത് ദശലക്ഷത്തിലധികം സജീവ ഉപഭോക്താക്കള്ക്ക് സേവനം നല്കുകയും 250 ദശലക്ഷത്തിലധികം ഇടപാടുകള് സാധ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണിത്. പ്രവര്ത്തനച്ചെലവ് 30 ശതമാനം വരെ കുറയ്ക്കാന് സഹായിക്കുന്ന സാങ്കേതികവിദ്യയിലൂടെ ബാങ്കുകള്ക്കും എന്ബിഎഫ്സികള്ക്കും ഡിജിറ്റല് പരിവര്ത്തന സാധ്യതകള് തുറക്കുന്നതാണ് കോളിഗോയുടെ സംഭാവന.
മനോജ് പി. ജോസഫ്: എക്സലന്സ് ഇന് ഐടി ഇന്ഫ്രാസ്ട്രക്ചര് സൊല്യൂഷന്സ്
മൂന്ന് പതിറ്റാണ്ടിലേറെയായി സ്ഥാപനങ്ങള്ക്ക് സുരക്ഷിതവും വിപുലീകരിക്കാവുന്നതുമായ സാങ്കേതിക സംവിധാനങ്ങള് ഒരുക്കുന്ന ന്യൂറല് നെറ്റ്വര്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വളര്ച്ചയ്ക്ക് നേതൃത്വം നല്കുന്ന വ്യക്തിയാണ് ഡയറക്ടര് മനോജ് പി. ജോസഫ്. കേരളത്തില്നിന്നുള്ള മൈക്രോസോഫ്റ്റിന്റെ ആദ്യ സാങ്കേതിക പങ്കാളിയായി മാറിയ സ്ഥാപനം ഇന്ന് 2,000-ലധികം സജീവ ഉപഭോക്താക്കള്ക്ക് സേവനം നല്കുന്നു. 100 കോടി രൂപയിലധികം വിറ്റുവരവുള്ള കമ്പനിക്ക് മൈക്രോസോഫ്റ്റ്, ഗൂഗിള്, ഐബിഎം, സിസ്കോ, അണട തുടങ്ങിയ ആഗോള സാങ്കേതികവിദ്യാ സ്ഥാപനങ്ങളുമായി തന്ത്രപരമായ പങ്കാളിത്തമുണ്ട്. ഐടി ഇന്ഫ്രാസ്ട്രക്ചര്, ക്ലൗഡ് സേവനങ്ങള്, സൈബര് സുരക്ഷ, ഡിജിറ്റല് പരിവര്ത്തനം എന്നിവയിലെ മികവിനാണ് അംഗീകാരം.
ഡാനി ആന്റണി: എക്സലന്സ് ഇന് ഔട്ട്-ഓഫ്-ഹോം ഇന്നൊവേഷന്
2005-ല് സ്ഥാപിതമായ സീറോ ഡിഗ്രി ഗ്രൂപ്പിലൂടെ ദക്ഷിണേന്ത്യയിലെ ഔട്ട്ഡോര് പരസ്യരംഗത്ത് നവീകരണത്തിന് നേതൃത്വം നല്കുന്ന സംരംഭകനാണ് ഡാനി ആന്റണി. ആറ് സംസ്ഥാനങ്ങളില് പ്രവര്ത്തിക്കുന്ന സ്ഥാപനത്തിന്റെ പരസ്യ ശൃംഖലയില് കൊച്ചി മെട്രോയുടെ എക്സ്ക്ലൂസീവ് ബ്രാന്ഡിങ്, ഏകദേശം 1,080 പരസ്യ ഇടങ്ങള്, 1,000 ഹോര്ഡിങ്ങുകള് എന്നിവ ഉള്പ്പെടുന്നു. 2025-ല് ഇന്ത്യയിലെ ഏറ്റവും സാധ്യതയുള്ള പത്ത് പരസ്യ ഏജന്സികളിലൊന്നായി അംഗീകരിക്കപ്പെട്ട സീറോ ഡിഗ്രി, ബ്രാന്ഡുകള്ക്ക് കൂടുതല് ദൃശ്യപരതയും ശ്രദ്ധേയമായ പ്രചാരണങ്ങളും ഒരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മുജീബ് ഉര് റഹ്മാന്: എക്സലന്സ് ഇന് ഫ്രോസണ് സ്നാക്ക്സ് മാനുഫാക്ചറിങ്
കേരളത്തിന്റെ തനത് രുചികളെ ആധുനിക ഭക്ഷ്യനിര്മാണ മേഖലയിലേക്ക് എത്തിക്കുന്ന ഹോം ക്രേവ്സിന്റെ ഡയറക്ടറാണ് മുജീബ് ഉര് റഹ്മാന്. 125-ലധികം ലഘുഭക്ഷണ വിഭവങ്ങള് ലഭ്യമാക്കുന്ന ബ്രാന്ഡിന് പ്രതിദിനം മൂന്ന് ലക്ഷം സ്നാക്കുകള് ഉല്പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പുരസ്കാര രേഖ വ്യക്തമാക്കുന്നു. ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കിക്കൊണ്ട് കഫേകള്, റെസ്റ്ററന്റുകള്, കാറ്ററിങ് സ്ഥാപനങ്ങള് എന്നിവയ്ക്ക് ഉല്പ്പന്നങ്ങള് വിതരണം ചെയ്യുന്ന കമ്പനി ബള്ക്ക് സപ്ലൈയും കയറ്റുമതി സാധ്യതകളും വികസിപ്പിക്കുന്നു. കേരളത്തിന്റെ ഭക്ഷ്യസംരംഭങ്ങള്ക്ക് വിപണി വിപുലീകരിക്കാനുള്ള സാധ്യതകളെ പ്രതിനിധീകരിക്കുന്നതാണ് ഈ അംഗീകാരം.
സഹദ് എ.കെ: മോസ്റ്റ് പ്രോമിസിംഗ് എന്ആര്ഐ ബിസിനസ്മാന്
കേരളത്തിലെ ഒരു ചെറിയ സൂപ്പര്മാര്ക്കറ്റില് ജോലി ആരംഭിച്ച് സൗദി അറേബ്യയിലെ സംരംഭകനായി വളര്ന്ന സഹദ് എ.കെ.യുടെ യാത്ര നിശ്ചയദാര്ഢ്യത്തിന്റെയും സംരംഭകത്വത്തിന്റെയും ഉദാഹരണമാണ്. ജലശുദ്ധീകരണ, വാട്ടര് ട്രീറ്റ്മെന്റ് എന്ജിനീയറിങ് മേഖലയില് 12 വര്ഷത്തിലേറെ അനുഭവമുള്ള അദ്ദേഹം ആറു ജലശുദ്ധീകരണ പ്ലാന്റുകളുള്ള അരീക്കോ ഗ്രൂപ്പിനെ വളര്ത്തി. ഗുണനിലവാരവും വിശ്വസനീയമായ സേവനവും അടിസ്ഥാനമാക്കിയുള്ള പ്രവര്ത്തനങ്ങളാണ് സ്ഥാപനത്തിന്റെ വളര്ച്ചയ്ക്ക് കരുത്താകുന്നത്. മിഡില് ഈസ്റ്റിലേക്കും അമേരിക്കയിലേക്കും പ്രവര്ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നേറുന്ന സഹദിന് ഏറ്റവും സാധ്യതയുള്ള പ്രവാസി വ്യവസായി പുരസ്കാരം ലഭിച്ചു.
ബിസിനസ് വിജയത്തിനപ്പുറം മൂല്യം സൃഷ്ടിക്കുന്ന മാതൃകകള്
പ്രോഫിറ്റ് ടസ്കര് അവാര്ഡ്സ് 2026 ജേതാക്കളുടെ നേട്ടങ്ങള് വിവിധ മേഖലകളില് വ്യത്യസ്തമാണെങ്കിലും അവയെ ബന്ധിപ്പിക്കുന്ന ചില പൊതുസവിശേഷതകളുണ്ട്. പാരമ്പര്യമുള്ള സ്ഥാപനങ്ങളെ പുതിയ കാലത്തിന്റെ ആവശ്യങ്ങള്ക്കനുസരിച്ച് വളര്ത്തുക, സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനങ്ങള് മെച്ചപ്പെടുത്തുക, വിപണിയുടെ അതിരുകള് കടന്ന് അന്താരാഷ്ട്ര സാന്നിധ്യം ഉറപ്പാക്കുക, കൃഷി മുതല് വിദ്യാഭ്യാസം വരെയുള്ള മേഖലകളില് പുതിയ അവസരങ്ങള് സൃഷ്ടിക്കുക എന്നിവ അവയില് പ്രധാനമാണ്.
സാമ്പത്തിക സേവനങ്ങളില്നിന്ന് ആഭരണവിപണിയിലേക്കും ഭക്ഷ്യനിര്മാണത്തില്നിന്ന് ഡിജിറ്റല് ബാങ്കിംഗിലേക്കും വ്യാപിച്ചുകിടക്കുന്ന ഈ നേട്ടങ്ങള് കേരളത്തിന്റെ സംരംഭക പരിസ്ഥിതിയുടെ വൈവിധ്യവും സാധ്യതകളും വ്യക്തമാക്കുന്നു. അതേസമയം, കര്ഷകര്ക്കുള്ള പിന്തുണ, നൈപുണ്യ വികസനം, ആരോഗ്യബോധവല്ക്കരണം, വിദ്യാഭ്യാസ നവീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെ പ്രവര്ത്തനങ്ങള് ബിസിനസിന്റെ സാമൂഹിക ഉത്തരവാദിത്വത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു.
വ്യവസായ പാരമ്പര്യത്തെ വളര്ച്ചയുടെ അടിത്തറയാക്കുന്നവരും പുതിയ സാങ്കേതികവിദ്യകളിലൂടെ ഭാവിയെ രൂപപ്പെടുത്തുന്നവരും ഒരേ വേദിയില് ആദരിക്കപ്പെടുമ്പോള്, പുരസ്കാരങ്ങള് വ്യക്തിഗത നേട്ടങ്ങളുടെ അംഗീകാരത്തില് ഒതുങ്ങുന്നില്ല. കൂടുതല് നൂതനവും ഉത്തരവാദിത്വമുള്ളതുമായ സംരംഭകത്വത്തിന് പ്രചോദനം നല്കുന്ന വേദിയായി അവ മാറുന്നു. അതാണ് പ്രോഫിറ്റ് ടസ്കര് അവാര്ഡ്സ് 2026 മുന്നോട്ടുവയ്ക്കുന്ന പ്രധാന സന്ദേശം.



