പുനരുപയോഗ ഊർജ മേഖലയിൽ പ്രവർത്തനക്ഷമത വർധിപ്പിക്കാനും വൈദ്യുതി ഉൽപ്പാദനത്തിലെ നഷ്ടം കുറയ്ക്കാനും പുതിയ ഡിജിറ്റൽ സംവിധാനം വികസിപ്പിച്ച് ടാറ്റ പവർ. സൗരോർജ, കാറ്റാടി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം പ്രവചിക്കാനും ഉപകരണങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), മെഷീൻ ലേണിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള കേന്ദ്രീകൃത ഡിജിറ്റൽ കമാൻഡ് സെന്ററാണ് കമ്പനി പ്രവർത്തിപ്പിക്കുന്നത്.
ടാറ്റ പവർ റിന്യൂവബിൾ എനർജിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ റിന്യൂവബിൾ എനർജി അനലിറ്റിക്സ്, മോണിറ്ററിങ് ആൻഡ് ഷെഡ്യൂളിങ് (CREAMS) എന്ന സംവിധാനമാണ് കമ്പനിയുടെ പുനരുപയോഗ ഊർജ ആസ്തികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൗരോർജ, കാറ്റാടി നിലയങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ എത്തിച്ച് തത്സമയ നിരീക്ഷണവും വിശകലനവും സാധ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നിലവിൽ ഏകദേശം 7.3 ജിഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊർജ ആസ്തികളാണ് ഈ പ്ലാറ്റ്ഫോം നിരീക്ഷിക്കുന്നത്. ഇതിൽ 5.9 ജിഗാവാട്ട് സൗരോർജ പദ്ധതികളും 1.4 ജിഗാവാട്ട് കാറ്റാടി ഊർജ പദ്ധതികളും ഉൾപ്പെടുന്നു. പ്രതിദിനം 1.1 കോടിയിലധികം ഡാറ്റാ വിവരങ്ങൾ വിശകലനം ചെയ്യുന്ന സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നു.
വൈദ്യുതി ഉൽപ്പാദനം എത്രയാണെന്ന് നിരീക്ഷിക്കുന്നതിൽ മാത്രം ഈ സംവിധാനം ഒതുങ്ങുന്നില്ല. വരും മണിക്കൂറുകളിൽ എത്രത്തോളം വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്ന് പ്രവചിക്കാനും ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്താനും തകരാറുകൾ മുൻകൂട്ടി കണ്ടെത്താനും ഇതിലൂടെ സാധിക്കും. ഇൻവെർട്ടറുകളുടെ പ്രവർത്തനത്തിലെ അസാധാരണതകൾ കണ്ടെത്തി ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാനും പ്ലാറ്റ്ഫോം സഹായിക്കുന്നു.
സൗരോർജ, കാറ്റാടി വൈദ്യുതി ഉൽപ്പാദനം കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നതിനാൽ കൃത്യമായ പ്രവചനം നിർണായകമാണ്. മുൻകൂട്ടി നിശ്ചയിച്ച വൈദ്യുതി വിതരണവും യഥാർഥ ഉൽപ്പാദനവും തമ്മിൽ വ്യത്യാസമുണ്ടായാൽ ഡിവിയേഷൻ സെറ്റിൽമെന്റ് മെക്കാനിസം (DSM) പ്രകാരമുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാം. ഉൽപ്പാദന പ്രവചനവും വൈദ്യുതി വിതരണ ഷെഡ്യൂളിങ്ങും കൂടുതൽ കൃത്യമാക്കുന്നതിലൂടെ ഇത്തരം ചെലവുകൾ കുറയ്ക്കാൻ CREAMS സഹായിക്കുന്നതായി ടാറ്റ പവർ റിന്യൂവബിൾ എനർജി അധികൃതർ വ്യക്തമാക്കി.
നിലവിലുള്ള സംവിധാനത്തിൽ കൂടുതൽ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. ഏജന്റിക് എ.ഐ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉൽപ്പാദന പ്രവചനം, ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങളുടെ സംയോജനം, ഡ്രോൺ അധിഷ്ഠിത വിശകലനം, കൂടുതൽ നൂതനമായ കാലാവസ്ഥാ വിവരങ്ങൾ എന്നിവയും ഭാവിയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
പുനരുപയോഗ ഊർജ പദ്ധതികളുടെ ശേഷി വർധിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉൽപ്പാദനം മാത്രമല്ല, അത് കൃത്യമായി പ്രവചിക്കുകയും ഗ്രിഡിലേക്ക് തടസ്സമില്ലാതെ എത്തിക്കുകയും ചെയ്യുന്നതും പ്രധാനമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ടാറ്റ പവറിന്റെ നീക്കം.
English Summary
Tata Power has developed a new digital system to enhance operational efficiency and reduce power generation losses in the renewable energy sector. The company operates a centralised digital command centre powered by Artificial Intelligence (AI) and Machine Learning (ML) technologies to forecast electricity generation from solar and wind power plants and monitor the performance of equipment.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



