എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് ജെ.പി. മോർഗൻ പുറത്തുവിട്ട റിപ്പോർട്ടിലെ പ്രധാന ആശയം, 1.83 എന്ന ഫിറ്റ്മെന്റ് ഫാക്ടർ കേൾക്കുമ്പോൾ വലിയ ശമ്പളക്കൂടുതലായി തോന്നാമെങ്കിലും യഥാർത്ഥത്തിലുള്ള ശമ്പള വർദ്ധനവ് വളരെ കുറവായിരിക്കാം എന്നതാണ്. നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ പുതിയ അടിസ്ഥാന ശമ്പളമാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഗുണിതമാണ് ഫിറ്റ്മെന്റ് ഫാക്ടർ. ഒരു പുതിയ ശമ്പള കമ്മീഷൻ നിലവിൽ വരുമ്പോൾ, അതുവരെ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ഡിഎ അടിസ്ഥാന ശമ്പളത്തോട് ചേർക്കുകയും ഡിഎ പൂജ്യത്തിൽ നിന്ന് വീണ്ടും ആരംഭിക്കുകയും ചെയ്യും. 2026 ജനുവരിയിൽ പുതിയ ശമ്പള സൈക്കിൾ തുടങ്ങുമ്പോൾ നിലവിലുള്ള 60% ഡിഎ ലയിപ്പിക്കാൻ മാത്രം 1.60 എന്ന ഗുണിതം ആവശ്യമാണ്. അതിനു മുകളിൽ ഏകദേശം 14% യഥാർത്ഥ വർദ്ധനവ് കൂടി ചേരുമ്പോഴാണ് ഫിറ്റ്മെന്റ് ഫാക്ടർ ഏകദേശം 1.83 ആകുന്നത്. അതായത്, 1.83 എന്ന സംഖ്യ 83% വർദ്ധനവ് കാണിക്കുന്നുണ്ടെങ്കിലും, മുൻപ് ഡിഎ ആയി ലഭിച്ചിരുന്ന തുക കൂടി അതിൽ ഉൾപ്പെടുന്നതിനാൽ യഥാർത്ഥ നേട്ടം ഏകദേശം 14% മാത്രമായിരിക്കും. 2016-ലെ ഏഴാം ശമ്പള കമ്മീഷനിലും 2.57 എന്ന വലിയ ഫിറ്റ്മെന്റ് ഫാക്ടറിൽ 125% ഡിഎ ലയിപ്പിക്കപ്പെട്ടപ്പോൾ യഥാർത്ഥ വർദ്ധനവ് ഏകദേശം 14% തന്നെയായിരുന്നു.
കുടിശിഖ ലഭിക്കും
ഈ 1.83 എന്ന അടിസ്ഥാന നിഗമനം ഒരു പ്രവചനമല്ലെന്നും, 2016-ലെ മാതൃക ആവർത്തിച്ചാൽ എങ്ങനെയായിരിക്കുമെന്ന കണക്കുകൂട്ടൽ മാത്രമാണെന്നും ജെ.പി. മോർഗൻ വ്യക്തമാക്കുന്നു. എങ്കിലും, ഈ കണക്ക് പ്രകാരം പോലും ജീവനക്കാർക്ക് നേട്ടമുണ്ടാകും; ശരാശരി ജീവനക്കാർക്ക് പ്രതിമാസം ഏകദേശം 15,400 രൂപ അധികം ലഭിക്കാനും ഏകദേശം 3.4 ലക്ഷം രൂപ കുടിശ്ശിക ലഭിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ, മൊത്തം ചെലവിൽ 15% വർദ്ധനവുണ്ടാകുന്ന കുറഞ്ഞ നിരക്കും 30% വർദ്ധനവുണ്ടാകുന്ന ഉയർന്ന നിരക്കും റിപ്പോർട്ടിൽ ചർച്ച ചെയ്യുന്നുണ്ടെങ്കിലും, ഇവയ്ക്ക് പ്രത്യേക ഫിറ്റ്മെന്റ് ഫാക്ടറുകൾ നിശ്ചയിച്ചിട്ടില്ല.
ആവശ്യപ്പെടുന്നത് 3.83
മറുവശത്ത്, കേന്ദ്ര ജീവനക്കാരുടെ സംഘടനകൾ 3.83 എന്ന ഉയർന്ന ഫിറ്റ്മെന്റ് ഫാക്ടറാണ് ആവശ്യപ്പെടുന്നത്. അഞ്ച് അംഗ കുടുംബത്തിന്റെ ജീവിതച്ചെലവുകൾ, പോഷകാഹാരം, വീട്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് ഏകദേശം 69,000 രൂപയായി ഉയരും. 1.83 ആണെങ്കിൽ അത് ഏകദേശം 33,000 രൂപയാകും. വാർഷിക ഇൻക്രിമെന്റ് 3%-ൽ നിന്ന് 6% ആക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷൻ ശ്രദ്ധയോടെ കേട്ടുവെന്നും, 2026 ജനുവരി 1 മുതൽ കുടിശ്ശിക ലഭിക്കുമെന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പുണ്ടെന്നും ജീവനക്കാരുടെ പ്രതിനിധിയായ ശിവ് ഗോപാൽ മിശ്ര വ്യക്തമാക്കുന്നു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



