ഒരു വർഷത്തിലധികം കൈവശം വെച്ച നിക്ഷേപങ്ങൾ വിൽക്കുമ്പോൾ ഉണ്ടാകുന്ന ലാഭത്തിന് ഇന്ത്യയിൽ നിലവിൽ 12.5 ശതമാനം നികുതിയാണ് ഈടാക്കുന്നത്. എന്നാൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും രാജ്യത്തെ ഓഹരി വിപണിയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനും ഈ നികുതി നിരക്കുകളിൽ ഇളവ് നൽകണമെന്ന് നിക്ഷേപകർ ആവശ്യപ്പെടുന്നുണ്ട്.
നിക്ഷേപകരുടെ പ്രധാന ആവശ്യം
ലോകത്തെ മറ്റ് പ്രധാന സാമ്പത്തിക വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ നികുതി വ്യവസ്ഥകൾ എങ്ങനെയാണെന്ന് അറിയാമോ? സിംഗപ്പൂർ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിൽ മൂലധന നേട്ടത്തിന് നികുതി ഈടാക്കുന്നില്ല. അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ നികുതി നിരക്കുകളും നിബന്ധനകളും വ്യത്യസ്തമാണ്. മറ്റ് രാജ്യങ്ങളിലെ അനുകൂലമായ സാഹചര്യങ്ങൾ കാണുമ്പോൾ ഇന്ത്യയിലും നികുതി ഭാരം കുറയ്ക്കണമെന്നാണ് നിക്ഷേപകരുടെ പ്രധാന ആവശ്യം.
ചർച്ചകൾ അനവധി
നിക്ഷേപകർക്കും വിപണി വിദഗ്ധർക്കും ഇടയിൽ ഈ വിഷയത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഉയർന്ന നികുതി നിരക്കുകൾ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും, സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായാൽ മാത്രമേ വിപണിയിലേക്ക് കൂടുതൽ നിക്ഷേപം ഒഴുകിയെത്തൂ എന്നുമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ സർക്കാർ ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സിംഗപ്പൂർ, ഹോങ്കോംഗ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ മൂലധന നേട്ട നികുതി വളരെ കുറവോ അല്ലെങ്കിൽ ഇല്ലെന്നിരിക്കെ, ഇന്ത്യയിൽ നിലവിലുള്ള 12.5% LTCG നികുതിയും 20% STCG നികുതിയും വിദേശ നിക്ഷേപകർക്ക് വലിയൊരു ഭാരമായി മാറുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നികുതി ഇല്ലാതിരുന്നപ്പോൾ നിക്ഷേപം കൂടുതൽ
2004 നും 2018 നും ഇടയിൽ ഇന്ത്യയിൽ ദീർഘകാല മൂലധന നേട്ട നികുതി പൂർണ്ണമായി ഒഴിവാക്കിയിരുന്ന കാലത്ത് വിദേശ നിക്ഷേപങ്ങൾ വൻതോതിൽ ഒഴുകിയെത്തിയിരുന്നുവെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഈ നികുതി നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ, നിക്ഷേപകർക്ക് ലഭിക്കുന്ന ആദായം വർദ്ധിക്കുകയും, സിംഗപ്പൂർ പോലെയുള്ള മറ്റ് ആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുകയും ചെയ്യും. ഇത് ദലാൽസ്ട്രീറ്റിലേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ തിരികെ കൊണ്ടുവരാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ നികുതി കുറയ്ക്കുന്നത് കൊണ്ട് മാത്രം വിദേശ നിക്ഷേപം പൂർണ്ണമായി തിരികെ വരുമെന്ന് കരുതാനാകില്ലെന്ന് ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കമ്പനികളുടെ ലാഭക്ഷമത, രാജ്യത്തെ സാമ്പത്തിക സ്ഥിരത, കറൻസിയുടെ മൂല്യം, ആഗോളതലത്തിലുള്ള മറ്റ് നിക്ഷേപ അവസരങ്ങൾ എന്നിവയും വിദേശ നിക്ഷേപകർ പ്രധാനമായി പരിഗണിക്കുന്നുണ്ട്. അതിനാൽ നികുതി ഇളവുകൾ നൽകുന്നതോടൊപ്പം ശക്തമായ സാമ്പത്തിക വളർച്ചയും ഉറപ്പാക്കേണ്ടതുണ്ട്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)



