മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യാതിഥി; മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എ. തുളസിയും വിശിഷ്ടാതിഥികള്; വ്യവസായ പ്രമുഖരും സംരംഭകരും അണിനിരക്കുന്ന ദ പ്രോഫിറ്റ് ന്യൂസിന്റെ വികസന കോണ്ക്ലേവ്.
തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ-സംരംഭക മേഖലയുടെ വളര്ച്ചയ്ക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക സാധ്യതകള്ക്ക് പുതിയ ദിശ നല്കുന്നതിനുമായി ദ പ്രോഫിറ്റ് ന്യൂസ് അവതരിപ്പിക്കുന്ന ‘ബ്രാന്ഡ് കേരളം 2026’ കോണ്ക്ലേവ് തിരുവനന്തപുരത്തെ ‘ഒ ബൈ താമര’യില് ഇന്ന് നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യാതിഥിയാകുന്ന പരിപാടിയില് വ്യവസായ, വാണിജ്യ, ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പട്ടികജാതി, പട്ടികവര്ഗ, പിന്നാക്ക വിഭാഗ വികസന മന്ത്രി കെ.എ. തുളസിയും വിശിഷ്ടാതിഥികളായിരിക്കും. ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് കോണ്ക്ലേവ് ആരംഭിക്കുക.
കേരളത്തിന്റെ സംരംഭകശേഷിയും വ്യവസായസാധ്യതകളും ആഗോളതലത്തില് കൂടുതല് ശ്രദ്ധ നേടിക്കൊടുക്കുക, നിക്ഷേപ അവസരങ്ങള് കണ്ടെത്തുക, സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രായോഗികമായ ആശയങ്ങള് പങ്കുവെക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്. വ്യവസായ പ്രമുഖര്, സംരംഭകര്, നയരൂപകര്ത്താക്കള്, നിക്ഷേപകര് തുടങ്ങിയവര് ഒരുമിക്കുന്ന വേദി കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള സംവാദങ്ങള്ക്ക് അവസരമൊരുക്കുന്നു.
കേരളത്തിന് മികച്ച മനുഷ്യവിഭവശേഷിയും സംരംഭക പാരമ്പര്യവും അറിവും ആഗോള ബന്ധങ്ങളുമുണ്ട്. ഈ കരുത്തുകളെ വ്യവസായ വളര്ച്ചയായും തൊഴിലവസരങ്ങളായും കയറ്റുമതിയായും ലോകവിപണിയില് അംഗീകരിക്കപ്പെടുന്ന ബ്രാന്ഡുകളായും എങ്ങനെ മാറ്റാം എന്നതാണ് ‘ബ്രാന്ഡ് കേരളം 2026’ ഉയര്ത്തുന്ന പ്രധാന ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ ഒന്നാമതാക്കാന് ലക്ഷ്യമിട്ടുള്ള ആശയപദ്ധതികള് കോണ്ക്ലേവില് ഉരുത്തിരിയും.
‘മേക് ഇന് കേരളം’: പ്രാദേശിക മികവില്നിന്ന് ആഗോള ബ്രാന്ഡുകളിലേക്ക്
കേരളത്തില്നിന്ന് ലോകവിപണിയിലേക്ക് വളരാന് കഴിയുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് ‘മേക് ഇന് കേരളം’ എന്ന ചര്ച്ചയുടെ കേന്ദ്രവിഷയം. കേരളത്തിന്റെ ഉല്പ്പന്നങ്ങള്ക്കും നൈപുണ്യത്തിനും സാങ്കേതിക മികവിനും അന്താരാഷ്ട്ര വിപണിയില് കൂടുതല് അംഗീകാരം നേടാന് എന്തെല്ലാം മാറ്റങ്ങളാണ് ആവശ്യമെന്നതും ചര്ച്ച ചെയ്യും.
‘ബ്രാന്ഡ് കേരളം’ എന്ന അംഗീകാരമുദ്രയ്ക്ക് എന്തെല്ലാം മൂല്യങ്ങളാണ് ഉണ്ടാകേണ്ടത്, കേരളത്തിന്റെ പേര് ഗുണമേന്മയുടെയും വിശ്വാസത്തിന്റെയും അടയാളമായി എങ്ങനെ മാറ്റാം, സംരംഭങ്ങള്ക്ക് ആഗോള വിപണികളില് കൂടുതല് അവസരങ്ങള് എങ്ങനെ സൃഷ്ടിക്കാം തുടങ്ങിയ വിഷയങ്ങള് ചര്ച്ചയില് പ്രാധാന്യം നേടും.
കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര് സ്നേഹില് കുമാര് സിങ് ഐ.എ.എസ്. അധ്യക്ഷനാകുന്ന ചര്ച്ചയില് സിന്തൈറ്റ് ഇന്ഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ചെയര്മാന് ഡോ. വിജു ജേക്കബ്, കിന്ഫ്ര മാനേജിങ് ഡയറക്ടര് സന്തോഷ് കോശി തോമസ്, കെല്ട്രോണ് മാനേജിങ് ഡയറക്ടര് വൈസ് അഡ്മിറല് ശ്രീകുമാര് നായര്, ബീറ്റാ ഗ്രൂപ്പ് ചെയര്മാന് ജെ. രാജ്മോഹന് പിള്ള, നവാള്ട്ട് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ സന്ദിത് തണ്ടശ്ശേരി, ആപ്റ്റിവ് കണക്ഷന് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര് രമേശ് നായര് എന്നിവര് പങ്കെടുക്കും.
കടല്വഴി സാമ്പത്തിക വളര്ച്ചയ്ക്ക് ‘മിഷന് സമുദ്ര’
കേരളത്തിന്റെ സമുദ്രാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ സാധ്യതകള് പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികള് ‘മിഷന് സമുദ്ര’ ചര്ച്ച പരിശോധിക്കും. ഉള്നാടന് ജലപാതകളെ കടല്ത്തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് വാണിജ്യപരമായി നിലനില്ക്കുന്നതും കാര്യക്ഷമവുമായ ചരക്കുനീക്ക ശൃംഖല വികസിപ്പിക്കുന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
അടിസ്ഥാനസൗകര്യങ്ങള്, നിക്ഷേപം, തുറമുഖ പ്രവര്ത്തനം, കപ്പല്നിര്മാണം, സമുദ്രോല്പ്പന്ന കയറ്റുമതി, സമുദ്രസുരക്ഷ തുടങ്ങിയ മേഖലകളിലെ സാധ്യതകളും വെല്ലുവിളികളും ചര്ച്ച ചെയ്യും. സീഫുഡ് എക്സ്പോര്ട്ടേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് ഡോ. കെ.എന്. രാഘവന് ചര്ച്ചയ്ക്ക് നേതൃത്വം നല്കും. ഷിപ്പിംഗ് , കയറ്റുമതി, കപ്പല്നിര്മാണം, തുറമുഖ സുരക്ഷ തുടങ്ങിയ മേഖലകളിലെ വിദഗ്ധരും പങ്കെടുക്കും.
സംരംഭക മികവിന് പ്രോഫിറ്റ് ടസ്കര് പുരസ്കാരങ്ങള്
സംരംഭകത്വം, നവീകരണം, മികവ്, സാമ്പത്തിക പുരോഗതി എന്നിവയ്ക്ക് സംഭാവന നല്കുന്ന സംരംഭകരെയും വ്യവസായ നേതാക്കളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ‘പ്രോഫിറ്റ് ടസ്കര് പുരസ്കാരങ്ങള് 2026’ പരിപാടിയുടെ മറ്റൊരു പ്രധാന ഘടകമാണ്. ഐ.സി.ടി.ഇ.പി കൗണ്സിലുമായി സഹകരിച്ചാണ് പുരസ്കാരങ്ങള് അവതരിപ്പിക്കുന്നത്. പുരസ്കാരങ്ങളുടെ രണ്ടാം പതിപ്പിലൂടെ കേരളത്തിന്റെ സംരംഭക ലോകത്തെ നേട്ടങ്ങള്ക്കും നേതൃത്വത്തിനും അംഗീകാരം നല്കുകയാണ് ലക്ഷ്യം.
ഒന്നാമതാകണം കേരളം
ദ പ്രോഫിറ്റ് സ്റ്റാന്ഡേര്ഡ് ബിസിനസ് മാഗസീന്റെ ‘ഒന്നാമതാകണം കേരളം’ പ്രത്യേക പതിപ്പും പരിപാടിയുടെ ഭാഗമാണ്. കേരളത്തിന്റെ വികസനത്തിനായി സംരംഭകരും വ്യവസായ പ്രമുഖരും മുന്നോട്ടുവെക്കുന്ന നിര്ദേശങ്ങളും കാഴ്ചപ്പാടുകളും ഉള്ക്കൊള്ളുന്ന ഈ പതിപ്പ് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറും.
എഫ്.വൈ.ബി.ബി.യുടെ സിന്ക്സിലെ നിക്ഷേപ പ്രഖ്യാപനം
നവീന ആശയങ്ങളുമായി മുന്നോട്ടുവരുന്ന സംരംഭങ്ങള്ക്ക് നിക്ഷേപ പിന്തുണയുടെ പ്രാധാന്യം എടുത്തുകാട്ടുന്ന മറ്റൊരു പ്രഖ്യാപനവും പരിപാടിയില് നടക്കും. എഫ്.വൈ.ബി.ബി. ഗ്രൂപ്പ്, സിന്ക്സ് (SynX) എന്ന സ്റ്റാര്ട്ടപ്പില് നടത്തുന്ന നിക്ഷേപത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചെക്ക് കൈമാറ്റച്ചടങ്ങും ഇതിന്റെ ഭാഗമാണ്.
എഫ്.വൈ.ബി.ബി.യുടെ സ്ഥാപകരായ കിരണ് ജെയിംസും അലന് ജോണും സിന്ക്സിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അക്ഷയ് കുമാറും സഹസ്ഥാപകനും സി.ഒ.ഒയുമായ വിനീഷ് സി.എയും ചടങ്ങില് പങ്കെടുക്കും.
നിക്ഷേപകരും വളര്ന്നുവരുന്ന സംരംഭങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ പുതിയ ആശയങ്ങള്ക്ക് വളര്ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന് അവസരങ്ങള് തുറക്കുകയാണ് ഇത്തരം സംരംഭങ്ങളുടെ ലക്ഷ്യം.
കേരളത്തിന്റെ വ്യവസായ വളര്ച്ചയും ആഗോള ബ്രാന്ഡുകളുടെ രൂപീകരണവും സമുദ്രസമ്പദ്വ്യവസ്ഥയുടെ വികസനവും സംരംഭക മികവിന്റെ അംഗീകാരവും ഒരുമിപ്പിക്കുന്ന ‘ബ്രാന്ഡ് കേരളം 2026’, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള സംവാദങ്ങള്ക്ക് പുതിയ വേദിയൊരുക്കുകയാണ്. സാധ്യതകളെ പ്രായോഗികമായ സംരംഭങ്ങളായും നിക്ഷേപങ്ങളായും തൊഴിലവസരങ്ങളായും മാറ്റുന്നതിനുള്ള വഴികള് കണ്ടെത്തുക എന്നതാണ് ഈ കൂട്ടായ്മയുടെ വിശാലമായ ലക്ഷ്യം. വരൂ നമുക്കൊരുമിച്ച് വികസിത കേരളം കെട്ടിപ്പടുക്കാം…



