ജനപ്രിയ മിഡ്-സൈസ് എസ്യുവിയായ എലിവേറ്റിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ. ഒക്ടോബർ 6ന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുതിയ മോഡലിന്റെ പ്രീ-ലോഞ്ച് ബുക്കിങ് കമ്പനി ആരംഭിച്ചു. രാജ്യത്തെ അംഗീകൃത ഹോണ്ട ഡീലർഷിപ്പുകളിൽ 21,000 രൂപ ടോക്കൺ തുകയ്ക്ക് വാഹനം ബുക്ക് ചെയ്യാം. ഇന്ത്യയാണ് പുതിയ എലിവേറ്റിന്റെ ആദ്യ ആഗോള വിപണി. വാഹനത്തിന്റെ ടീസർ വീഡിയോയും കമ്പനി ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.
ഫെയ്സ്ലിഫ്റ്റ് പതിപ്പിൽ പുതിയ ഡിസൈൻ, കൂടുതൽ ഫീച്ചറുകൾ, കൂടുതൽ പ്രീമിയം ക്യാബിൻ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ഹോണ്ട പുറത്തുവിട്ട ടീസറിൽ പുതിയ ഗ്രിൽ, പുതുക്കിയ ലൈറ്റിങ് ഡിസൈൻ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയ മാറ്റങ്ങൾ കാണാം. അകത്തളത്തിലും ഡാഷ്ബോർഡ് ഡിസൈനിൽ മാറ്റങ്ങളും ആംബിയന്റ് ലൈറ്റിങ്ങും പ്രതീക്ഷിക്കുന്നു.
പുതിയ എലിവേറ്റിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, വലിയ ടച്ച്സ്ക്രീൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവയിൽ ചിലതിന്റെ ഔദ്യോഗിക സ്ഥിരീകരണം ലോഞ്ചിനോടനുബന്ധിച്ചാകും ലഭിക്കുക.
എൻജിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ 1.5 ലിറ്റർ പെട്രോൾ എൻജിൻ തന്നെ പുതിയ എലിവേറ്റിലും തുടരും. 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ലഭ്യമാകും. ഏകദേശം 119–121 ബിഎച്ച്പി കരുത്തും 145 എൻഎം ടോർക്കും നൽകുന്നതാണ് ഈ എൻജിൻ.
നിലവിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, മാരുതി വിക്ടോറിസ്, ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡർ തുടങ്ങിയ മിഡ്-സൈസ് എസ്യുവികളുമായാണ് എലിവേറ്റ് മത്സരിക്കുന്നത്. പുതിയ മോഡലിന്റെ വില ഒക്ടോബർ 6ന് പ്രഖ്യാപിക്കും.





