ഇന്ത്യയിൽ നിർമിക്കുകയോ വിൽപനയ്ക്കായി ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന പുതിയ പാസഞ്ചർ വാഹനങ്ങൾക്ക് ബാധകമായ കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി (CAFE-III) മൂന്നാം ഘട്ട ഇന്ധനക്ഷമതാ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. 2027 ഏപ്രിൽ 1 മുതൽ 2032 മാർച്ച് 31 വരെ അഞ്ച് വർഷത്തേക്കാണ് പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരിക. നിലവിലുള്ള CAFE മാനദണ്ഡങ്ങൾക്ക് പകരമായാണ് പുതിയ ചട്ടങ്ങൾ എത്തുന്നത്.
പുതിയ ചട്ടങ്ങളിലൂടെ വാഹന നിർമാതാക്കൾക്ക് ഓരോ വർഷവും ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഘട്ടംഘട്ടമായ ലക്ഷ്യങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. 2027-28ൽ 100 കിലോമീറ്ററിന് 3.996 ലിറ്റർ എന്ന ഇന്ധന ഉപഭോഗ ബെഞ്ച്മാർക്ക് 2031-32ൽ 3.3273 ലിറ്ററായി കുറയ്ക്കുകയാണ് ലക്ഷ്യം. അഞ്ച് വർഷത്തിനിടെ ഏകദേശം 16.7 ശതമാനം ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഭാരം കൂടിയ വാഹനങ്ങൾക്ക് കർശനമായ ഇന്ധനക്ഷമതാ മാനദണ്ഡങ്ങൾ
പുതിയ CAFE ചട്ടങ്ങളിൽ വാഹനത്തിന്റെ ഭാരത്തിനനുസരിച്ചുള്ള സമീപനത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. നിലവിലെ മാനദണ്ഡങ്ങളിലെ 1,082 കിലോഗ്രാം എന്ന റഫറൻസ് ഭാരം 1,229 കിലോഗ്രാമായി ഉയർത്തിയിട്ടുണ്ട്. ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് താരതമ്യേന ഇളവുള്ളതും ഭാരമേറിയ വാഹനങ്ങൾക്ക് കൂടുതൽ ഇന്ധനക്ഷമത ആവശ്യപ്പെടുന്നതുമായ രീതിയിലാണ് പുതിയ ലക്ഷ്യരേഖ ക്രമീകരിച്ചിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈബ്രിഡുകൾക്കും പ്രോത്സാഹനം
പുതിയ ചട്ടങ്ങളിൽ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (BEV), റേഞ്ച്-എക്സ്റ്റൻഡഡ് ഇലക്ട്രിക് വാഹനങ്ങൾ (REEV), പ്ലഗ്-ഇൻ ഹൈബ്രിഡുകൾ (PHEV), സ്ട്രോങ് ഹൈബ്രിഡുകൾ (SHEV), ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ എന്നിവയ്ക്ക് ‘സൂപ്പർ ക്രെഡിറ്റ്’ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വിൽപന പ്രോത്സാഹിപ്പിക്കുന്നതിലൂടെ CAFE ലക്ഷ്യങ്ങൾ കൈവരിക്കാൻ വാഹന നിർമാതാക്കൾക്ക് ഇത് സഹായകരമാകും.
അതേസമയം, എത്തനോൾ കലർന്ന പെട്രോൾ, ജൈവ ഇന്ധനങ്ങൾ, കംപ്രസ്ഡ് ബയോ ഗ്യാസ് (CBG) തുടങ്ങിയ കുറഞ്ഞ കാർബൺ ഇന്ധനങ്ങളുടെ ഉപയോഗത്തിനും പുതിയ ചട്ടങ്ങളിൽ പരിഗണനയുണ്ട്. കാർബൺ ന്യൂട്രാലിറ്റി ഫാക്ടർ (CNF) അവതരിപ്പിച്ചതിലൂടെ ഇത്തരം ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ CAFE കണക്കുകൂട്ടലിൽ ഉൾപ്പെടുത്താനുള്ള വഴിയാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ധനക്ഷമത വർധിപ്പിക്കുന്ന സാങ്കേതികവിദ്യകളുടെ പട്ടികയും നാലിൽ നിന്ന് 12 ആയി ഉയർത്തിയിട്ടുണ്ട്. യോഗ്യതയുള്ള ഓരോ സാങ്കേതികവിദ്യയ്ക്കും 1 g CO₂/km വരെ ഇളവ് ലഭിക്കാം. ആകെ പരമാവധി 9 g CO₂/km വരെയാണ് ഈ ഇളവ്.
CAFE ബാധ്യതകൾ നിറവേറ്റുന്നതിലും കമ്പനികൾക്ക് കൂടുതൽ വഴക്കം നൽകിയിട്ടുണ്ട്. നിശ്ചിത രണ്ട്, മൂന്ന് വർഷത്തെ കംപ്ലയൻസ് ബ്ലോക്കുകളിൽ ലക്ഷ്യങ്ങൾ കൈവരിക്കാനും അധികമായി നേടിയ ക്രെഡിറ്റുകൾ നിശ്ചിത പരിധിയിൽ മുന്നോട്ടുകൊണ്ടുപോകാനും വ്യവസ്ഥയുണ്ട്. കുറവ് വരുന്ന കമ്പനികൾക്ക് യോഗ്യമായ ക്രെഡിറ്റുകൾ കൈമാറ്റം ചെയ്യുകയോ വാങ്ങുകയോ ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
MIDC (Modified Indian Driving Cycle), WLTP (Worldwide Harmonized Light Vehicles Test Procedure) എന്നീ രണ്ട് പരിശോധനാ രീതികളിലൂടെയും റിപ്പോർട്ടിങ് നടത്തും. പ്രതിവർഷം 1,000 യൂണിറ്റിൽ താഴെ വിൽപനയുള്ള നിർമാതാക്കളെ ഫ്ലീറ്റ്-ആവറേജ് ബാധ്യതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച്, പുതിയ CAFE-III ചട്ടങ്ങൾ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് വാഹനങ്ങൾ, ബദൽ ഇന്ധനങ്ങൾ, പുതിയ ഇന്ധനക്ഷമതാ സാങ്കേതികവിദ്യകൾ എന്നിവയുടെ ഉപയോഗം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.





