ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ പുതിയ മോഡലുമായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. കുടുംബ ഉപഭോക്താക്കളെയും നഗരത്തിലെ ദൈനംദിന യാത്രക്കാരെയും ലക്ഷ്യമിട്ട് അവതരിപ്പിച്ച ഹോണ്ട QC3 ഇലക്ട്രിക് സ്കൂട്ടറിന് 1.35 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ്-ഷോറൂം വില. ഹോണ്ടയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഇലക്ട്രിക് സ്കൂട്ടറാണ് QC3. QC1, ആക്ടിവ ഇ എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ മോഡൽ എത്തുന്നത്.
നിലവിൽ രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് QC3യുടെ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ഡൽഹി, ആഗ്ര, കട്ടക്, സൂറത്ത്, കേരളത്തിലെ കൊല്ലം എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഹോണ്ട റെഡ്വിംഗ് ഡീലർഷിപ്പുകൾ വഴിയാണ് ആദ്യഘട്ടത്തിൽ വാഹനം ലഭ്യമാകുന്നത്. തുടർന്ന് ഘട്ടംഘട്ടമായി കൂടുതൽ നഗരങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിക്കുമെന്ന് ഹോണ്ട അറിയിച്ചിട്ടുണ്ട്.
145 കിലോമീറ്റർ റേഞ്ച്
3.0 kWh ശേഷിയുള്ള ഫിക്സഡ് ലിഥിയം-അയൺ ബാറ്ററിയാണ് ഹോണ്ട QC3യിൽ നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 145 കിലോമീറ്റർ വരെ IDC റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. യഥാർഥ ഉപയോഗത്തിലെ റേഞ്ച് റോഡ്, വേഗത, യാത്രാ സാഹചര്യങ്ങൾ, ഭാരം തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടും. ചാർജിങ്ങിന്റെ കാര്യത്തിലും QC3 ശ്രദ്ധേയമാണ്. 0 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂർ 40 മിനിറ്റ് വേണ്ടിവരും. പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 4 മണിക്കൂർ സമയമാണ് ആവശ്യപ്പെടുന്നത്.
32 ലിറ്റർ സ്റ്റോറേജ്
കുടുംബ ആവശ്യങ്ങൾ മുൻനിർത്തിയാണ് സ്കൂട്ടറിന്റെ പ്രായോഗികതയ്ക്ക് ഹോണ്ട പ്രാധാന്യം നൽകിയിരിക്കുന്നത്. 32 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ് QC3യിൽ ലഭിക്കും. ഹെൽമെറ്റും മറ്റ് ദൈനംദിന ആവശ്യസാധനങ്ങളും സൂക്ഷിക്കാൻ ഇത് സഹായിക്കും. വീതിയേറിയ ഫ്ലാറ്റ് സീറ്റും ഫ്ലാറ്റ് ഫുട്ബോർഡും സ്കൂട്ടറിന്റെ പ്രായോഗികത വർധിപ്പിക്കുന്ന സവിശേഷതകളാണ്.
5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ
സാങ്കേതിക സവിശേഷതകളിലും QC3യ്ക്ക് ശ്രദ്ധേയമായ സംവിധാനങ്ങളുണ്ട്. 5 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഹോണ്ട റോഡ്സിങ്ക് കണക്റ്റിവിറ്റിയോടെയാണ് എത്തുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഫോൺ കോളുകൾ, എസ്എംഎസ് അറിയിപ്പുകൾ തുടങ്ങിയ വിവരങ്ങൾ ഡിസ്പ്ലേയിൽ ലഭ്യമാക്കാം. സ്മാർട്ട് കീ, കീലെസ് ഇഗ്നിഷൻ, ആന്റി-തെഫ്റ്റ് അലാറം, ഫൈൻഡ് മൈ വെഹിക്കിൾ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.
ഡിസൈനിലും കുടുംബ കേന്ദ്രീകൃത സമീപനം
ലളിതവും മിനിമലിസ്റ്റുമായ ഡിസൈനാണ് QC3യ്ക്ക് നൽകിയിരിക്കുന്നത്. മുൻവശത്തെ എൽഇഡി ലൈറ്റിംഗ് സംവിധാനവും ലളിതമായ ബോഡി ലൈനുകളും സ്കൂട്ടറിന്റെ രൂപകൽപ്പനയിലെ പ്രധാന സവിശേഷതകളാണ്. മാറ്റ് ഫോട്ടോൺ ഗ്രേ മെറ്റാലിക്, പേൾ പ്രെഷ്യസ് വൈറ്റ്, പേൾ ഷാലോ ബ്ലൂ, പേൾ സൈറൻ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിൽ QC3 ലഭിക്കും.
ബ്രേക്കുകളും സസ്പെൻഷനും
മുൻവശത്ത് ഡിസ്ക് ബ്രേക്കും ടെലിസ്കോപിക് ഫോർക്കും നൽകിയിട്ടുണ്ട്. ദൈനംദിന നഗരയാത്രകൾക്കും കുടുംബ ഉപയോഗത്തിനും അനുയോജ്യമായ രീതിയിലാണ് സ്കൂട്ടറിന്റെ സവാരി സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
5,000 രൂപയ്ക്ക് ബുക്കിങ്
ഹോണ്ട QC3യുടെ ബുക്കിങ് 5,000 രൂപ ടോക്കൺ തുകയ്ക്ക് ആരംഭിച്ചിട്ടുണ്ട്. ഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആദ്യഘട്ടത്തിൽ വാഹനം ലഭിക്കുന്ന തിരഞ്ഞെടുത്ത റെഡ്വിംഗ് ഡീലർഷിപ്പുകൾ വഴിയും ബുക്ക് ചെയ്യാം. 1.35 ലക്ഷം രൂപയുടെ എക്സ്-ഷോറൂം വിലയിൽ എത്തുന്ന QC3, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഏഥർ റിസ്ത തുടങ്ങിയ കുടുംബ കേന്ദ്രീകൃത ഇലക്ട്രിക് സ്കൂട്ടറുകളുള്ള വിപണിയിലാണ് സ്ഥാനം പിടിക്കുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



