ഒരു വ്യക്തി മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കുടുംബാംഗങ്ങൾ അടയ്ക്കേണ്ടതുണ്ടോ? ബാങ്കുകൾ അത് നിർബന്ധമായി ഈടാക്കുമോ? ക്രെഡിറ്റ് കാർഡ് കുടിശ്ശികകളെക്കുറിച്ച് ഇന്ത്യൻ നിയമം പറയുന്നത് എന്താണ് ?
കുടുംബത്തിന് സാമ്പത്തിക ബാധ്യതയില്ല
ഒരു വ്യക്തി മരണപ്പെട്ടാൽ, അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടച്ചുതീർക്കാൻ കുടുംബാംഗങ്ങൾക്ക് വ്യക്തിപരമായ ബാധ്യതയില്ല. ക്രെഡിറ്റ് കാർഡ് വായ്പകൾ എന്നത് ഈടില്ലാത്ത അൺസെക്യൂർഡ് ലോണുകൾ ആണ്. അതിനാൽ, മരിച്ചയാളുടെ ഭാര്യയോ മക്കളോ മാതാപിതാക്കളോ സ്വന്തം വരുമാനത്തിൽ നിന്നോ സമ്പാദ്യത്തിൽ നിന്നോ ഈ തുക അടയ്ക്കേണ്ടതില്ല. മരിച്ച വ്യക്തിയിൽ നിന്ന് ലഭിച്ച വീട്, ബാങ്ക് നിക്ഷേപങ്ങൾ, അല്ലെങ്കിൽ മറ്റ് സ്വത്തുക്കൾ എന്തെങ്കിലും ഉണ്ടെങ്കിൽ, അതിൽ നിന്ന് മാത്രമേ ബാങ്കിന് തുക ഈടാക്കാൻ അവകാശമുള്ളൂ. കുടുംബാംഗങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഈ സ്വത്തിന്റെ മൂല്യത്തിന് തുല്യമായ തുക വരെ മാത്രമേ ബാങ്കിന് തിരിച്ചുപിടിക്കാനാകൂ.
ബാധ്യത വരുത്താവുന്നവ
ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം കുടുംബാംഗങ്ങൾക്ക് ഈ തുക തിരിച്ചടയ്ക്കേണ്ട ബാധ്യത വരുന്നു. മരിച്ച വ്യക്തിയോടൊപ്പം കുടുംബത്തിലെ മറ്റൊരാൾ ക്രെഡിറ്റ് കാർഡിൽ ജോയിന്റ് അക്കൗണ്ട് ഉടമയോ അല്ലെങ്കിൽ തുക തിരിച്ചടയ്ക്കാമെന്ന് ഉറപ്പുനൽകിയ ഗ്യാരണ്ടറോ ആയി ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ, അവർ ആ കുടിശ്ശിക അടയ്ക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. അതേസമയം, പ്രാഥമിക ഉടമയുടെ കാർഡിനെ അടിസ്ഥാനമാക്കി എടുത്ത ആഡ്-ഓൺ കാർഡുകൾ ഉപയോഗിക്കുന്ന കുടുംബാംഗങ്ങൾക്ക് ഈ വ്യക്തിഗത കടബാധ്യത വരുന്നില്ല.
ബാങ്ക് നടപടികളും ബാധ്യത തീർപ്പാക്കലും
ഒരു കുടുംബാംഗം മരണപ്പെട്ടാൽ, എത്രയും വേഗം മരണ സർട്ടിഫിക്കറ്റ് സഹിതം ബാങ്കിനെ രേഖാമൂലം വിവരമറിയിക്കേണ്ടതാണ്. ഇത് അക്കൗണ്ട് ഫ്രീസ് ചെയ്യാനും കൂടുതൽ പലിശയോ പിഴയോ ചുമത്തുന്നത് തടയാനും സഹായിക്കും. ചില ക്രെഡിറ്റ് കാർഡുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്; ഇങ്ങനെയുണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനി തന്നെ തുക തീർപ്പാക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമപ്രകാരം റിക്കവറി ഏജന്റുമാർക്ക് മരണപ്പെട്ടയാളുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനോ വ്യക്തിപരമായ സ്വത്തുക്കൾ കണ്ടുകെട്ടാനോ അവകാശമില്ല.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



