റുഥീനിയം, ഇറിഡിയം, ഓസ്മിയം തുടങ്ങിയ ഭാരലോഹങ്ങള്‍ ചേര്‍ത്ത് സ്വര്‍ണത്തിന്റെ തൂക്കം കൂട്ടുന്നു; യഥാര്‍ഥ സ്വര്‍ണത്തിന്റെ അളവ് കണ്ടെത്തുന്നത് ഉരുക്കുമ്പോള്‍ മാത്രം; ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പാലിക്കണം
സ്വര്‍ണം വാങ്ങുന്നവര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശങ്കയുണ്ടാക്കി പുതിയ മായം ചേര്‍ക്കല്‍ തട്ടിപ്പ്. സ്വര്‍ണത്തില്‍ ഉയര്‍ന്ന സാന്ദ്രതയുള്ള ഭാരലോഹങ്ങളുടെ പൊടി കലര്‍ത്തി തൂക്കം കൃത്രിമമായി വര്‍ധിപ്പിക്കുന്ന രീതിയാണ് കണ്ടെത്തിയിരിക്കുന്നത്. പരമ്പരാഗത ആസിഡ് പരിശോധനയിലും ടച്ച്സ്റ്റോണ്‍ പരിശോധനയിലും പോലും ഈ മായം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ട്. വിലകൂടിയ സ്വര്‍ണം വാങ്ങുമ്പോള്‍ തൂക്കവും പരിശുദ്ധിയും ഉറപ്പാക്കാന്‍ വ്യാപാരികളും ഉപഭോക്താക്കളും ആശ്രയിക്കുന്ന പരിശോധനാ രീതികളുടെ വിശ്വാസ്യതയെതന്നെ ചോദ്യം ചെയ്യുന്നതാണ് പുതിയ തട്ടിപ്പ്.
എന്താണ് ‘ഗോള്‍ഡ് പൗഡര്‍’ തട്ടിപ്പ്?
സ്വര്‍ണത്തില്‍ റുഥീനിയം, ഇറിഡിയം, ഓസ്മിയം തുടങ്ങിയ ഉയര്‍ന്ന സാന്ദ്രതയുള്ള ലോഹങ്ങളുടെ പൊടി കലര്‍ത്തുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ ലോഹങ്ങള്‍ക്ക് സ്വര്‍ണത്തേക്കാള്‍ ഉയര്‍ന്ന സാന്ദ്രതയുണ്ട്. അതിനാല്‍ ചെറിയ അളവില്‍ ചേര്‍ത്താല്‍ പോലും മിശ്രിതത്തിന്റെ മൊത്തം തൂക്കം വര്‍ധിപ്പിക്കാനാകും.
വിപണിയില്‍ ‘ഗോള്‍ഡ് പൗഡര്‍’ എന്ന പേരിലാണ് സംശയാസ്പദമായ ഈ വസ്തുക്കള്‍ അറിയപ്പെടുന്നത്. സാധാരണ പരിശോധനകളില്‍ സ്വര്‍ണത്തിന്റെ ഉപരിതലത്തിലുള്ള ഘടകങ്ങളാണ് പ്രധാനമായും പരിശോധിക്കപ്പെടുന്നത്. അതിനാല്‍ ഉള്ളില്‍ ഭാരലോഹങ്ങള്‍ കലര്‍ത്തിയിട്ടുണ്ടെങ്കിലും പ്രാഥമിക പരിശോധനയില്‍ അത് കണ്ടെത്താനാകാതെ പോകാം.
തട്ടിപ്പ് പുറത്തായത് ഇന്‍ഡോറില്‍
മധ്യപ്രദേശിലെ ഇന്‍ഡോറിലെ പ്രശസ്തമായ സരാഫ വിപണിയിലാണ് പുതിയ രീതിയിലുള്ള മായം സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നത്. സ്വര്‍ണം ഉരുക്കി ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനിടെ പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് യഥാര്‍ഥ സ്വര്‍ണം ലഭിക്കുന്നതെന്ന് ചില ആഭരണ നിര്‍മാണത്തൊഴിലാളികള്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്‍ഡോര്‍ സില്‍വര്‍ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ട്രേഡേഴ്സ് അസോസിയേഷന് അടിയന്തര യോഗം വിളിച്ചു. സ്വര്‍ണം വാങ്ങുന്ന വ്യാപാരികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഇടപാടുകള്‍ക്ക് മുമ്പ് പരിശുദ്ധി ഉറപ്പാക്കണമെന്നും നിര്‍ദേശം നല്കി.
കഴിഞ്ഞ രണ്ടു മുതല്‍ മൂന്ന് വര്‍ഷമായി റുഥീനിയം, ഇറിഡിയം, ഓസ്മിയം തുടങ്ങിയ ലോഹങ്ങള്‍ സ്വര്‍ണത്തില്‍ കലര്‍ത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഉയരുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഈ ലേഹങ്ങള്‍ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലൂടെ ഇന്ത്യന്‍ വിപണിയിലെത്തുന്നതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിര്മിക്കുന്നതാകാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഉത്ഭവം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിലുള്ള സ്വര്‍ണവിലയേക്കാള്‍ ഏകദേശം 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഇത്തരം വസ്തുക്കള്‍ ലഭിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ആസിഡ് പരിശോധനയും പരാജയം!
പരമ്പരാഗതമായി സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് പ്രധാന രീതികളാണ് ആസിഡ് പരിശോധനയും ടച്ച്സ്റ്റോണ്‍ പരിശോധനയും. ടച്ച്സ്റ്റോണ്‍ പരിശോധനയില്‍ ആഭരണം പ്രത്യേക കല്ലില്‍ ഉരച്ച് ലഭിക്കുന്ന അടയാളത്തില്‍ ആസിഡ് പ്രയോഗിച്ചാണ് സ്വര്‍ണത്തിന്റെ കാരറ്റ് നിലവാരം കണക്കാക്കുന്നത്. ആസിഡ് പരിശോധനയില്‍ സ്വര്‍ണത്തിന്റെ സാമ്പിള്‍ അനുയോജ്യമായ ആസിഡുമായി പ്രതികരിക്കുന്ന രീതി നിരീക്ഷിച്ച് പരിശുദ്ധി വിലയിരുത്തുന്നു.
എന്നാല്‍ സ്വര്‍ണത്തിന്റെ പുറംഭാഗത്തെ പരിശോധന മാത്രം നടത്തിയാല്‍ ഉള്ളില്‍ കലര്‍ത്തിയിരിക്കുന്ന ഭാരലോഹങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്നില്ല. പഴയ തലമുറയിലെ കാരറ്റ് പരിശോധനാ യന്ത്രങ്ങള്‍ക്കും ഈ മായം തിരിച്ചറിയുന്നതില്‍ പരിമിതികളുണ്ടാകാം. യഥാര്‍ഥ പ്രശ്നം സ്വര്‍ണം ഉരുക്കി സംസ്കരിക്കുമ്പോഴാണ് പുറത്തുവരുന്നത്. ആഭരണ നിര്‍മാണത്തിനിടെ ഭാരലോഹങ്ങള്‍ വേര്‍തിരിക്കപ്പെടുമ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറവ് സ്വര്‍ണം മാത്രമാണ് ലഭിക്കുക.
കൂടുതല്‍ ആധുനിക പരിശോധനകള്‍
എക്സ്-റേ ഫ്ളൂറസന്‍സ് പരിശോധനയും ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി പോലുള്ള സാങ്കേതിക വിദ്യകളും ഉപയോഗിച്ച് മിശ്രിതത്തിലെ വിദേശലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സാമ്പിളിന്റെ ഉപരിതല പരിശോധന മാത്രം മതിയാകില്ലാത്ത സാഹചര്യങ്ങളില്‍ കൂടുതല്‍ സമഗ്രമായ പരിശോധന ആവശ്യമായി വരാം.
ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടത്
പുതിയ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ഏതാനും കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ബിഐഎസ് ഹാള്‍മാര്‍ക്കുള്ള ആഭരണങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. ആറക്ക എച്ച്യുഐഡി (HUID) നമ്പര്‍ ബിഐഎസ് കെയര്‍ ആപ്പിലൂടെ പരിശോധിക്കുക. വാങ്ങിയ സ്വര്‍ണത്തിന്റെ തൂക്കം, പരിശുദ്ധി, വില എന്നിവ വ്യക്തമാക്കുന്ന ബില്‍ നിര്‍ബന്ധമായും വാങ്ങുക. സംശയമുള്ള ആഭരണങ്ങള്‍ ബിഐഎസ് അംഗീകൃത അസേയിങ് ആന്‍ഡ് ഹാള്‍മാര്‍ക്കിങ് സെന്ററില്‍ പരിശോധിക്കുക. അസാധാരണമായ വിലക്കിഴിവുകള്‍ക്കും സംശയാസ്പദമായ വ്യാപാര ഇടപാടുകള്‍ക്കും വഴങ്ങരുത് എന്നിവയാണത്.
ബിഐഎസ് വ്യക്തമാക്കുന്നതനുസരിച്ച്, ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണത്തില്‍ രേഖപ്പെടുത്തിയതിലും കുറഞ്ഞ പരിശുദ്ധിയാണ് പരിശോധനയില്‍ കണ്ടെത്തുന്നതെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. പരിശുദ്ധിക്കുറവിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന വ്യത്യാസത്തുകയുടെ ഇരട്ടിയും പരിശോധനാചെലവും ഇതില്‍ ഉള്‍പ്പെടും.
സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡ് നിലവാരങ്ങളിലേക്ക് ഉയരുന്ന കാലത്ത് ഇത്തരം തട്ടിപ്പുകള്‍ ഉപഭോക്താക്കളുടെ സമ്പാദ്യത്തെ നേരിട്ട് ബാധിക്കാം. ഹാള്‍മാര്‍ക്ക് മാത്രം പരിശോധിക്കുന്നതിലുപരി വിശ്വസനീയമായ വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് വാങ്ങുകയും ആവശ്യമായ സാഹചര്യങ്ങളില്‍ ആധുനിക പരിശോധന ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് പുതിയ സംഭവം വ്യക്തമാക്കുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



