കൊച്ചി: സംസ്ഥാനത്തേക്ക് എത്തുന്ന നിക്ഷേപകരുടെ അപേക്ഷകളുടെയും വിവിധ പദ്ധതികളുടെയും പുരോഗതി നേരിട്ട് നിരീക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. നിക്ഷേപകര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി ദിനംപ്രതി വിലയിരുത്താനും നടപടികളില്‍ തടസ്സങ്ങളുണ്ടായാല്‍ അന്നുതന്നെ ഇടപെടാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 19 നിയമങ്ങള്‍ ഭേദഗതി ചെയ്ത് ‘സരള്‍ കേരളം’ പദ്ധതിയുടെ ഭാഗമായി ഏകജാലക അനുമതി സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചിയിലെ താജ് വിവാന്തയില്‍ പ്രോഫിറ്റ് ന്യൂസും ഫൈബ് ഇന്നൊവേഷന്‍സും ഐസിടിഇപി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ‘പ്രോഫിറ്റ് ടസ്കര്‍ സമ്മിറ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം വ്യവസായങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍നൈപുണ്യമുള്ള മനുഷ്യവിഭവശേഷി കേരളത്തില്‍ത്തന്നെ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുനിന്നെത്തുന്ന നിക്ഷേപകരെ കേരളത്തിന്റെ ശത്രുക്കളായല്ല കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ നിക്ഷേപവുമായി എത്തുന്നവരെ സംസ്ഥാനത്തിന്റെ അതിഥികളായി സ്വീകരിക്കും. എയര്‍പോര്‍ട്ടിലെത്തി അവരെ സ്വീകരിച്ചാനയിക്കുന്ന നയം പിന്തുടരും. സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ആവശ്യമായ വിദഗ്ധരെ ലഭ്യമാക്കുന്നതിന് വ്യവസായമേഖലയുമായി ചേര്‍ന്ന് പുതിയ അക്കാദമിക് കോഴ്സുകള്‍ ആരംഭിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
സംസ്ഥാന സര്‍ക്കാര്‍ ആറുമാസം പൂര്‍ത്തിയാക്കുന്ന നവംബര്‍ 18നകം കുറഞ്ഞത് പത്ത് പദ്ധതികളെങ്കിലും പ്രഖ്യാപിക്കുകയോ ആരംഭിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. നിക്ഷേപത്തിന് നിരവധി പേര് മുന്നോട്ടുവരുന്നുണ്ടെന്നും കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്കായി സംരംഭകരുടെ അനുഭവസമ്പത്തും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും ലാന്‍ഡ് യൂസ്, ഫോറസ്റ്റ് ലോ, പാടശേഖര സംരക്ഷണ നിയമം, തീരദേശ നിയന്ത്രണ നിയമം തുടങ്ങിയ നിയന്ത്രണങ്ങളും വ്യവസായ വികസനത്തിന് വെല്ലുവിളികളാണെങ്കിലും സംസ്ഥാനത്തിന്റെ ഏറ്റവും വലിയ കരുത്ത് മനുഷ്യവിഭവശേഷിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദൂര ഗ്രാമങ്ങളില്‍പ്പോലും എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, ഐ.ടി.ഐ, പോളിടെക്നിക് ബിരുദധാരികള്‍, മാനേജ്മെന്റ് വിദഗ്ധര്‍ എന്നിവരുടെ വലിയൊരു നിരയുണ്ട്. ഈ ടാലന്റ് പൂളിനെ വ്യവസായ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ തൊഴില്‍മേഖല അതിവേഗം മാറുന്ന സാഹചര്യത്തില്‍ ഓരോ മേഖലയിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി ‘ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍’ സംവിധാനം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിവിധ മേഖലകളിലെ മാറ്റങ്ങളും ഭാവിയിലെ തൊഴില്‍ ആവശ്യങ്ങളും നിരീക്ഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. അതിനനുസരിച്ച് പാഠ്യപദ്ധതികള്‍ പരിഷ്കരിക്കുകയും പുതിയ അക്കാദമിക് പ്രോഗ്രാമുകള്‍ ആരംഭിക്കുകയും ചെയ്യും.
സംരംഭകരുടെ ആവശ്യപ്രകാരം പുതിയ കോഴ്സുകള്‍ ആരംഭിക്കാനും അതിലൂടെ പരിശീലനം നേടുന്നവരില്‍ 70 ശതമാനം പേരെയെങ്കിലും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ജോലിക്കെടുക്കാനും നിര്‍ദേശമുണ്ടാകും. സ്വയംഭരണ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതിക്കായി കാത്തുനില്‍ക്കാതെ പുതിയ കോഴ്സുകള്‍ ആരംഭിക്കാനുള്ള കൂടുതല്‍ അക്കാദമിക് സ്വാതന്ത്ര്യവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായം, ടൂറിസം, തുറമുഖം, വ്യോമഗതാഗതം തുടങ്ങിയ മേഖലകളെ പരസ്പരം ബന്ധിപ്പിച്ചുള്ള വികസനമാണ് കേരളം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും കോയമ്പത്തൂര്‍, ബെംഗളൂരു വിമാനത്താവളങ്ങള്‍ക്കും പുറമേ തുറമുഖങ്ങളെയും ബന്ധിപ്പിച്ചാല്‍ വലിയ വ്യവസായ സാധ്യതകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബല്‍ കണ്വെന്ഷന് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ലോകത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര സമ്മേളനങ്ങള്‍ കൊച്ചിയില്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. പ്രമുഖ അന്താരാഷ്ട്ര ഹോട്ടല്‍ ഗ്രൂപ്പുകള്‍ കേരളത്തിലേക്ക് എത്തുന്നതും ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതും സംസ്ഥാനത്തിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
സംരംഭക മികവിന് പ്രോഫിറ്റ് ടസ്കര്‍ പുരസ്കാരങ്ങള്‍
ചടങ്ങില്‍ വിവിധ മേഖലകളിലെ മികവിന് 23 സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും മുഖ്യമന്ത്രി പ്രോഫിറ്റ് ടസ്കര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

1. ബിസിനസ്മാന് ഓഫ് ദി ഇയര്‍ – തോമസ് ജോര്‍ജ് മുത്തൂറ്റ്, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍, മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ്.
2. ഓണ്ട്രപ്രണര് ഓഫ് ദി ഇയര്‍ – ഡോ. വിജു ജേക്കബ്, എക്സിക്യൂട്ടീവ് ചെയര്മാന്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്.
3. എന്‍ആര്‍ഐ ഓണ്ട്രപ്രണര് ഓഫ് ദി ഇയര്‍ – ഡോ. സിദ്ദീഖ് അഹമ്മദ്, ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, ഇറാം ഹോള്‍ഡിംഗ്സ്.
4. മോസ്റ്റ് പ്രോമിസിംഗ് ഓണ്ട്രപ്രണര് – മാത്യു മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടര്‍, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്.
5. ഗ്ലോബല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഇന്നൊവേഷന് – ഡോ. ജെ. രാജ്മോഹന്‍ പിള്ള, ചെയര്മാന്, ബീറ്റാ ഗ്രൂപ്പ്.
6. പയനിയര്‍ ഇന്‍ ബിസിനസ് ഡൈവേഴ്സിഫിക്കേഷന് – ഡോ. എ.വി. അനൂപ്, മാനേജിംഗ് ഡയറക്ടര്‍, എ.വി.എ ഗ്രൂപ്പ്.
7. യംഗ് ഓണ്ട്രപ്രണര് ഓഫ് ദി ഇയര്‍ – അല്‍ത്താഫ് ജഹാംഗീര്‍, സിഇഒ, എക്സിക്യൂട്ടീവ് ഡയറക്ടര്‍, നെസ്റ്റ് ഗ്രൂപ്പ്.
8. ഇന്‍ഡസ്ട്രി ലീഡര്‍ഷിപ്പ് എക്സലന്‍സ് (ഓട്ടോമൊബൈല്‍) – സാബു ജോണി, മാനേജിംഗ് ഡയറക്ടര്‍, ഇവിഎം ഗ്രൂപ്പ്.
9. ലൈഫ് ടൈം അച്ചീവ്മെന്റ് ഇന്‍ കരിയര്‍ എക്സലന്‍സ് – പി.ഇ. മത്തായി, സിഇഒ, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്.
10. എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ ആക്ടിവിറ്റീസ് – ഡോ. അരുണ്‍ ഉമ്മന്‍, ന്യൂറോസര്ജന്, കേരള ന്യൂറോളജിക്കല്‍ സൊസൈറ്റി ഓണററി സെക്രട്ടറി.
11. നെറ്റ്വര്‍ക്ക് ടൈറ്റന് ഓഫ് ഇന്ത്യ – സുരേഷ് കുമാര്‍ പി.പി., ചെയര്മാന്, കേരള വിഷന്‍.
12. ഐക്കോണിക് അഗ്രി ഹെറിറ്റേജ് ആന്‍ഡ് നേച്ചര്‍ ടൂറിസം – എന്‍.കെ. കുര്യന്, സ്ഥാപകന്‍, മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക്.
13. എക്സലന്‍സ് ഇന്‍ ഇന്നൊവേറ്റീവ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് – മനോജ് വി. രാമന്, ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, മാക്സ്വാല്യു ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ്.
14. എക്സലന്‍സ് ഇന്‍ മാച്ച് മേക്കിംഗ് സര്‍വീസസ് – ജോണ്സണ് സി. എബ്രഹാം, എക്സിക്യൂട്ടീവ് ഡയറക്ടര്‍, ചാവറ മാട്രിമോണി.
15. എക്സലന്‍സ് ഇന്‍ അക്കാദമിക് ഇന്നൊവേഷന് – ഡോ. എം.പി. ചന്ദ്രന്, ചെയര്മാന്, ഏഷ്യ ചാരിറ്റബിള്‍ ട്രസ്റ്റ്.
16. എമര്‍ജിങ് എന്‍ബിഎഫ്സി ബ്രാന്‍ഡ് – ജോര്‍ജ് ജോണ്‍ വാലത്ത്, ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, റിച്ച്മാക്സ് ഗ്രൂപ്പ്.
17. മോസ്റ്റ് ട്രസ്റ്റഡ് ടെക്നോളജി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ – ജയകുമാര്‍ മോഹനചന്ദ്രന്, സിഇഒയും സഹസ്ഥാപകനും, എഫ്9 ഇന്‍ഫോടെക്.
18. എക്സലന്‍സ് ഇന്‍ കാര്‍ബണ്‍-ന്യൂട്രല്‍ ഇനിഷ്യേറ്റീവ്സ് – അശോകന് കെ.വി., ചെയര്മാന്, കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
19. എക്സലന്‍സ് ഇന്‍ ടെക്നോളജി ഇന്നൊവേഷന് ആന്‍ഡ് ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് – നവല്‍ ഡിറ്റോ, സ്ഥാപകന്‍, സിഇഒ, കൊളീഗോ.
20. എക്സലന്‍സ് ഇന്‍ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ സൊല്യൂഷന്‍സ് – മനോജ് പി. ജോസഫ്, ഡയറക്ടര്‍, ന്യൂറല്‍ നെറ്റ്വര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്.
21. എക്സലന്‍സ് ഇന്‍ ഔട്ട്-ഓഫ്-ഹോം ഇന്നൊവേഷന് – ഡാനി ആന്റണി, മാനേജിംഗ് ഡയറക്ടര്‍, സീറോ ഡിഗ്രി ഗ്രൂപ്പ്.
22. എക്സലന്‍സ് ഇന്‍ ഫ്രോസണ്‍ സ്നാക്ക്സ് മാനുഫാക്ചറിംഗ് – സി.എം. മുജീബ്, ഡയറക്ടര്‍, ഹോം ക്രേവ്സ്.
23. മോസ്റ്റ് പ്രോമിസിംഗ് എന്‍ആര്‍ഐ ബിസിനസ്മാന് – സഹദ് എ.കെ., സിഇഒ, അരീക്കോ ഗ്രൂപ്പ്.
പ്രോഫിറ്റ് ന്യൂസ് ഡയറക്ടര്‍ അലന് ജോണ്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. പ്രോഫിറ്റ് ന്യൂസ് ഡയറക്ടര്‍മാരായ രാജശ്രീ വര്‍മ്മ, കിരണ്‍ ജയിംസ്, ഐസിടിഇപി ചെയര്മാന് ഡോ. ടി. വിനയ് കുമാര്‍, ഡയറക്ടര്‍ കെ. രവീന്ദ്രന് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഐസിടിഇപി സെക്രട്ടറി ജനറല്‍ യു.എസ്. കുട്ടി നന്ദി പറഞ്ഞു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



