യു.പി.ഐ. വഴി ഡിജിറ്റലായി പണം കൈമാറുന്നത് എളുപ്പമാണെങ്കിലും, തട്ടിപ്പുകാർ ഇതിന്റെ മറവിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന രീതിയാണ് യു.പി.ഐ. തട്ടിപ്പുകൾ. വ്യാജ ലോറികൾ, സമ്മാനങ്ങൾ ലഭിച്ചുവെന്നുള്ള സന്ദേശങ്ങൾ, അപരിചിതരുടെ പണം തിരികെ നൽകൽ എന്നിവയിലൂടെ ഉപഭോക്താക്കളുടെ വിശ്വസ്തത ചൂഷണം ചെയ്താണ് ഇവർ കെണിയൊരുക്കുന്നത്. അതിനാൽ, അപരിചിതമായ ക്യു.ആർ. കോഡുകൾ സ്കാൻ ചെയ്യാതിരിക്കുക, ഒ.ടി.പി. അല്ലെങ്കിൽ യു.പി.ഐ. പിൻ നമ്പറുകൾ ആർക്കും പങ്കുവെക്കാതിരിക്കുക എന്നിവയിലൂടെ ഡിജിറ്റൽ ഇടപാടുകളിൽ എപ്പോഴും ജാഗ്രത പാലിക്കേണ്ടതാണ്.
ജമ്പ്ഡ് ഡെപ്പോസിറ്റ്
എസ്.ബി.ഐ. മുന്നറിയിപ്പ് നൽകിയിട്ടുള്ള ജമ്പ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പ് പുതിയ രീതിയിലുള്ള ഒരു യു.പി.ഐ. തട്ടിപ്പാണ്. നിങ്ങളുടെ അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി ചെറിയൊരു തുക അയച്ചുകൊണ്ട് തട്ടിപ്പുകാർ നിങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാൻ ശ്രമിക്കുന്നു. പണം അബദ്ധത്തിൽ വന്നതാണെന്ന് പറഞ്ഞ് അവർ അത് തിരികെ ആവശ്യപ്പെടുകയും ചെയ്യും.
തുടർന്ന്, തിരികെ പണം നൽകാൻ ശ്രമിക്കുമ്പോൾ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ച് വലിയ തുക അയപ്പിക്കുന്ന യു.പി.ഐ. റിക്വസ്റ്റുകൾ അംഗീകരിപ്പിക്കുന്നു. തിടുക്കവും വൈകാരികമായ സമ്മർദ്ദവും ഉപയോഗിച്ചാണ് ആളുകളെക്കൊണ്ട് പെട്ടെന്ന് ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നത്. ഇടപാടുകളുടെ വിശദാംശങ്ങൾ പരിശോധിക്കാതെ അപരിചിതരുടെ അഭ്യർത്ഥനകൾ അംഗീകരിക്കുമ്പോൾ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെടാൻ ഇടയാകുന്നു.
പണം തിരിച്ചു നൽകേണ്ട
ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ, അപരിചിതരായ വ്യക്തികളുടെ നമ്പറുകൾ ഉടൻ ബ്ലോക്ക് ചെയ്യുകയും ബാങ്കിൽ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുകയും വേണം. അക്കൗണ്ടിൽ വരുന്ന അപ്രതീക്ഷിത പണത്തെക്കുറിച്ച് ബാങ്കിന്റെ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ അന്വേഷിക്കുക. അടിയന്തര സാഹചര്യങ്ങൾ പറഞ്ഞ് ആരെങ്കിലും യു.പി.ഐ. വഴി പണം ആവശ്യപ്പെട്ടാൽ ജാഗ്രത പാലിക്കുക.2000 രൂപ അക്കൗണ്ടിലേക്ക് നൽകിയിട്ട് , അറിയാതെ അയച്ചതാണ് തിരിച്ചയക്കണം എന്ന ക്ഷമാപണത്തോടെ പണം തിരിച്ചയക്കാനുള്ള യു പി ഐ ലിങ്ക് നൽകുമ്പോൾ പലപ്പോഴും അതിൽ 2000 രൂപക്ക് പകരം 20000 രൂപ ആയിരിക്കും ആവശ്യപ്പെടുക. ഇത് ശ്രദ്ധിക്കാതെ തിരിച്ചയക്കുന്ന രീതിയിലാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. അതിനാൽ ഈ പുതിയ തരം തട്ടിപ്പിനെ കുറിച്ചും ജാഗ്രത പുലർത്തുക.



