ആപ്പിളിന്റെ ഡിജിറ്റൽ പേയ്മെന്റ് സേവനമായ ആപ്പിൾ പേ, ഇന്ത്യയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് എന്നിവ ഉപയോഗിച്ച് ഇനി ഉപയോക്താക്കൾക്ക് ഇന്ത്യയിൽ വേഗത്തിൽ പണമിടപാടുകൾ നടത്താം. ആക്സിസ് ബാങ്കിന്റെ വിസ , മാസ്റ്റർകാർഡ് ,ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്കാണ് തുടക്കത്തിൽ ഈ സേവനം ലഭ്യമാകുന്നത്. വരും ദിവസങ്ങളിൽ മക് കമ്പ്യൂട്ടറുകളിലും ഈ സൗകര്യം ലഭ്യമാകും.
ഫെയ്സ് ഐ ഡി
ആപ്പിൾ പേ ഉപയോഗിച്ച് കടകളിൽ വച്ചുള്ള ടാപ്പ്-ടു-പേ ഇടപാടുകളും ആപ്പുകളിലൂടെയും വെബ്സൈറ്റുകളിലൂടെയുമുള്ള ഓൺലൈൻ ഷോപ്പിംഗും എളുപ്പത്തിൽ നടത്താം. പേയ്മെന്റ് സ്ഥിരീകരിക്കാൻ ഓരോ തവണയും ഒടിപി എന്റർ ചെയ്യുകയോ പിൻ നമ്പർ ടൈപ്പ് ചെയ്യുകയോ ചെയ്യേണ്ടതില്ല; പകരം ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി ഉപയോഗിച്ച് സുരക്ഷിതമായി ഇടപാട് പൂർത്തിയാക്കാം. ആപ്പിൾ വാലറ്റ് ആപ്പ് വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ കാർഡുകൾ ഇതിലേക്ക് ലിങ്ക് ചെയ്യാൻ സാധിക്കും.
എല്ലായിടത്തും സേവനം
ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഉയർന്ന പ്രാധാന്യമാണ് ആപ്പിൾ നൽകുന്നത്. ഇടപാടുകൾ നടത്തുമ്പോൾ കാർഡ് നമ്പറുകൾ ഉപകരണത്തിലോ ആപ്പിളിന്റെ സെർവറുകളിലോ സൂക്ഷിക്കുകയോ വ്യാപാരികൾക്ക് കൈമാറുകയോ ചെയ്യുന്നില്ല. പകരം, എൻക്രിപ്റ്റ് ചെയ്ത ഡിവൈസ് അക്കൗണ്ട് നമ്പർ ഉപയോഗിച്ചാണ് എൻഎഫ്സി സാങ്കേതികവിദ്യ വഴി പണമിടപാട് സുരക്ഷിതമാക്കുന്നത്. സോമാറ്റോ, ബ്ലിങ്കിറ്റ്, റിലയൻസ് ബ്രാൻഡുകൾ ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ മർച്ചന്റുകളിലും എല്ലാ കോൺടാക്റ്റ്ലെസ് പേയ്മെന്റ് ടെർമിനലുകളിലും ഈ സേവനം ഉപയോഗിക്കാം.
എങ്ങിനെ ചെയ്യാം?
ആപ്പിൾ പേയിലേക്ക് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ചേർക്കുന്നത് വളരെ ലളിതമാണ്. ഇതിനായി നിങ്ങളുടെ ഐഫോണിലെ ആപ്പിൾ വാലറ്റ് ആപ്പ് തുറന്ന് മുകൾ ഭാഗത്തുള്ള + ബട്ടണിൽ ടാപ്പ് ചെയ്യുക. അതിനുശേഷം ഡെബിറ്റ് ഓർ ക്രെഡിറ്റ് കാർഡ് എന്നത് തിരഞ്ഞെടുത്ത് നിങ്ങളുടെ ആക്സിസ് ബാങ്ക് വിസ അല്ലെങ്കിൽ മാസ്റ്റർകാർഡ് വിവരങ്ങൾ ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്യുകയോ നേരിട്ട് ടൈപ്പ് ചെയ്ത് നൽകുകയോ ചെയ്യാം. ആക്സിസ് ബാങ്കിന്റെ മൊബൈൽ ആപ്പിലെ ക്രെഡിറ്റ് കാർഡ്സ് സെക്ഷനിൽ ചെന്നും ആഡ് ട്ടോ ആപ്പിൾ വാലറ്റ് തിരഞ്ഞെടുത്ത് നിങ്ങൾക്ക് കാർഡ് ആഡ് ചെയ്യാവുന്നതാണ്.
കാർഡ് വിവരങ്ങൾ നൽകിയ ശേഷം ബാങ്കിൽ നിന്ന് നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒടിപി നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുക. ഇതോടെ ആപ്പിൾ പേ സേവനം ആക്റ്റീവാകും. നിങ്ങളുടെ ഐഫോണിലോ ആപ്പിൾ വാച്ചിലോ കാർഡ് സേവ് ആയിക്കഴിഞ്ഞാൽ, എൻഎഫ്സി സൗകര്യമുള്ള കടകളിൽ ഫോൺ അടുത്തേക്ക് കാണിച്ച് ഫേസ് ഐഡിയോ, ടച്ച് ഐഡിയോ ഉപയോഗിച്ച് എളുപ്പത്തിൽ പണമടയ്ക്കാം. ആപ്പിൾ പേ വഴി പണമടയ്ക്കുമ്പോഴും നിങ്ങളുടെ കാർഡിന് ലഭിക്കുന്ന എല്ലാ റിവാർഡ് പോയിന്റുകളും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കും .





