അസറ്റ് ബാക്ക്ഡ് സെക്യൂരിറ്റീസ് (ABS) വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന ധനകാര്യ സ്ഥാപനമായ നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് (NaBFID). ഫണ്ട് സമാഹരണ മാർഗങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും നിക്ഷേപ പോർട്ട്ഫോളിയോ വിപുലീകരിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
അടുത്ത വർഷം മുതൽ ഇന്ത്യയിലെ മൊത്തവ്യാപാര ABS വിപണിയിൽ ഒരേസമയം നിക്ഷേപകനായും സെക്യൂരിറ്റികൾ പുറത്തിറക്കുന്ന സ്ഥാപനമായും പ്രവർത്തിക്കാനാണ് NaBFID പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട തന്ത്രങ്ങളും ഇടപാടുകളുടെ ഘടനയും സ്ഥാപനം വിലയിരുത്തിവരികയാണ്. ഇടപാടുകളുടെ വിശദാംശങ്ങൾ ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഇന്ത്യയുടെ കടപ്പത്ര വിപണിയിൽ അതിവേഗം വളരുന്ന മേഖലയാണ് അസറ്റ് ബാക്ക്ഡ് സെക്യൂരിറ്റീസ്. വായ്പകൾ ഉൾപ്പെടെയുള്ള വരുമാനം സൃഷ്ടിക്കുന്ന ആസ്തികളെ ഒരുമിച്ച് ചേർത്ത് വ്യാപാരം ചെയ്യാവുന്ന സാമ്പത്തിക ഉപകരണങ്ങളാക്കി മാറ്റുന്ന രീതിയാണിത്. ഈ ആസ്തികളിൽ നിന്നുള്ള ഭാവി വരുമാനമാണ് ഇത്തരം സെക്യൂരിറ്റികളുടെ അടിസ്ഥാനം. വാഹന വായ്പകൾ, സ്വർണപ്പണയ വായ്പകൾ, ഭവന വായ്പകൾ തുടങ്ങിയവയാണ് നിലവിൽ ഇന്ത്യയിലെ സെക്യൂരിറ്റൈസേഷൻ വിപണിയിൽ പ്രധാനമായും ഉൾപ്പെടുന്നത്.
ഇന്ത്യയിലെ സെക്യൂരിറ്റൈസേഷൻ ഇടപാടുകളുടെ മൂല്യം സെപ്റ്റംബറിൽ അവസാനിച്ച ആറുമാസത്തിനിടെ ഏകദേശം 42 ശതമാനം വർധിച്ച് 1.47 ലക്ഷം കോടി രൂപയിലെത്തി. ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച ആദ്യപകുതി പ്രകടനമാണിത്. 2027 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഈ ഇടപാടുകളുടെ മൂല്യം 2.7 ലക്ഷം കോടി രൂപ വരെ ഉയരുമെന്നാണ് റേറ്റിങ് ഏജൻസിയായ ICRAയുടെ പ്രതീക്ഷ.
ആദ്യഘട്ടത്തിൽ പാസ്-ത്രൂ സർട്ടിഫിക്കറ്റുകൾ (PTC) പുറത്തിറക്കാനാണ് NaBFID പദ്ധതിയിടുന്നത്. തുടർന്ന് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന സമാന സെക്യൂരിറ്റികളിൽ നിക്ഷേപം നടത്തും. അടിസ്ഥാന ആസ്തികളുടെ ഒരു കൂട്ടത്തെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന സാമ്പത്തിക ഉപകരണങ്ങളാണ് പാസ്-ത്രൂ സർട്ടിഫിക്കറ്റുകൾ.
അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ധനസമാഹരണം വർധിപ്പിക്കുകയെന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങളിൽ നിർണായകമാണ്. വൈദ്യുതി, റോഡ്, റെയിൽവേ തുടങ്ങി വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2047 വരെ 770 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.
2021ലാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കുക, കടപ്പത്ര വിപണി വിപുലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ NaBFID സ്ഥാപിതമായത്. ABS വിപണിയിലേക്കുള്ള സ്ഥാപനത്തിന്റെ പ്രവേശനം നിലവിൽ ബാങ്കുകൾക്കും മ്യൂച്വൽ ഫണ്ടുകൾക്കും ആധിപത്യമുള്ള നിക്ഷേപക അടിത്തറ വിപുലീകരിക്കാനും സഹായിച്ചേക്കും.
English Summary
The National Bank for Financing Infrastructure and Development (NaBFID), India's largest infrastructure financing institution, is planning to enter the asset-backed securities (ABS) market. The move is aimed at diversifying its fundraising channels and expanding its investment portfolio. Starting next year, NaBFID plans to operate in India's wholesale ABS market both as an investor and as an issuer of securities.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



