എടിഎം വഴിയുള്ള പണം പിന്‍വലിക്കലിനും പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകള്‍ വഴിയുള്ള പണലഭ്യതയ്ക്കും ബാധകമായ ചട്ടങ്ങള്‍ ഏകീകരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും ലഭിക്കുന്ന സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം, ഇതിനകം ഉപയോഗിച്ച ഇടപാടുകള്‍, പരിധി കഴിഞ്ഞാല്‍ ഈടാക്കാവുന്ന നിരക്കുകള്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഉറപ്പാക്കുന്നതാണ് പുതിയ നിര്‍ദേശങ്ങളുടെ പ്രധാന ലക്ഷ്യം.
എടിഎം, പിഒഎസ് ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ വിവിധ സര്‍ക്കുലറുകളിലായി പുറപ്പെടുവിച്ചിരുന്ന നിര്‍ദേശങ്ങള്‍ ഒരൊറ്റ ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്നതാണ് ആര്‍ബിഐയുടെ പുതിയ നടപടി. 2026 നവംബര്‍ 27-ന് പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ബാങ്കുകള്‍ക്ക് പുറമെ അംഗീകൃത പേയ്മെന്റ് സംവിധാനങ്ങളിലെ മറ്റ് പങ്കാളികള്‍ക്കും ഇവ ബാധകമാണ്.
സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ പ്രതിമാസം കുറഞ്ഞത് അഞ്ച് സൗജന്യ ഇടപാടുകള്‍ ലഭിക്കും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളും മെട്രോ ഇതര കേന്ദ്രങ്ങളില്‍ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിക്കുന്നത്. പണം പിന്‍വലിക്കുന്നതും ബാലന്‍സ് പരിശോധിക്കുന്നതും ഉള്‍പ്പെടെയുള്ള സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലെ സൗജന്യ പരിധിയില്‍ ഉള്‍പ്പെടും.
മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവയാണ് മെട്രോ നഗരങ്ങളായി കണക്കാക്കുന്നത്. ഈ നഗരങ്ങളിലെ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നടത്തുന്ന ഇടപാടുകള്‍ക്കും മെട്രോ ഇതര കേന്ദ്രങ്ങളിലെ ഇടപാടുകള്‍ക്കും ചേര്‍ന്നുള്ള സൗജന്യ പരിധി പരമാവധി അഞ്ച് ഇടപാടുകളാണ്. സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ കൂടുതല്‍ സൗജന്യ ഇടപാടുകള്‍ നല്കാന് ബാങ്കുകള്‍ക്ക് അനുവാദമുണ്ട്.
സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ ഓരോ അധിക ഇടപാടിനും പരമാവധി 23 രൂപയും ബാധകമായ നികുതികളും ഈടാക്കാം. എന്നാല്‍, ഈ നിരക്കുകള്‍ ബാങ്കിന്റെ ബോര്‍ഡ് അംഗീകരിച്ച നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.
സൗജന്യ പരിധി കഴിഞ്ഞാല്‍ എത്ര നല്‍കണം?
ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് 23 രൂപ എന്നത് നിര്‍ബന്ധമായും ഈടാക്കേണ്ട നിരക്കല്ല. ഇത് ആര്‍ബിഐ നിശ്ചയിച്ച പരമാവധി പരിധിയാണ്. സൗജന്യ ഇടപാടുകളുടെ എണ്ണം കഴിഞ്ഞാല്‍ ബാങ്കിന്റെ അംഗീകൃത നിരക്കുകള്‍ അനുസരിച്ചായിരിക്കും ചാര്‍ജ് ഈടാക്കുക. ഓരോ ഇടപാടിനും ബാധകമായ നിരക്കുകള്‍ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയില്‍ എടിഎമ്മുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും പുതിയ നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.
സൗജന്യ ഇടപാടുകളില്‍ എത്രയെണ്ണം ഇതിനകം ഉപയോഗിച്ചുവെന്നും തുടര്‍ന്നുള്ള ഇടപാടുകള്‍ക്ക് എത്ര രൂപ ചാര്‍ജ് വരുമെന്നും ഉപഭോക്താക്കളെ അറിയിക്കുന്നതിനുള്ള സംവിധാനവും ബാങ്കുകള്‍ ഒരുക്കണം. ഇടപാടുകളുടെ എണ്ണം സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നത് അനാവശ്യ ചാര്‍ജുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
അതേസമയം, സാങ്കേതിക തകരാര്‍, എടിഎമ്മില്‍ പണമില്ലാത്തത്, ആശയവിനിമയ സംവിധാനത്തിലെ പ്രശ്നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ പരാജയപ്പെടുന്ന ഇടപാടുകള്‍ സൗജന്യ ഇടപാടുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ബാങ്കിന്റെയോ സേവനദാതാവിന്റെയോ ഭാഗത്തുള്ള പിഴവുകള്‍ മൂലം പരാജയപ്പെടുന്ന ഇടപാടുകള്‍ക്കും ചാര്‍ജ് ഈടാക്കാനാവില്ല.
പിഒഎസ് മെഷീനുകളില്‍ നിന്നും പണം പിന്‍വലിക്കാം
പുതിയ നിര്‍ദേശങ്ങളില്‍ ശ്രദ്ധേയമായ മറ്റൊരു ഭാഗം പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ വഴിയുള്ള പണം പിന്‍വലിക്കല്‍ സൗകര്യമാണ്. ഡെബിറ്റ് കാര്‍ഡുകള്‍, ഫുള്‍ കെവൈസി പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റുകള്‍, യുപിഐ എന്നിവ ഉപയോഗിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഒരു ഇടപാടില്‍ പരമാവധി പിന്‍വലിക്കാവുന്നത് 2,000 രൂപയാണ്. ഒരു മാസത്തെ ആകെ പരിധി 10,000 രൂപ. പിന്‍വലിക്കുന്ന തുകയുടെ പരമാവധി ഒരു ശതമാനം വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം.
ഇതിനായി സാധനങ്ങള്‍ വാങ്ങണമെന്ന നിബന്ധനയില്ല. അതായത്, വ്യാപാര സ്ഥാപനത്തിലെ പിഒഎസ് മെഷീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാതെ തന്നെ പണം പിന്‍വലിക്കാം. വാങ്ങലിനൊപ്പം പണം പിന്‍വലിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ രസീതില്‍ രണ്ട് തുകയും പ്രത്യേകം രേഖപ്പെടുത്തണം. ഈ സൗകര്യം നല്കുന്ന വ്യാപാരികള്‍ നിരക്കുകളും ലഭ്യതയും വ്യക്തമായി പ്രദര്‍ശിപ്പിക്കണം.
ഉപഭോക്താക്കള്‍ക്ക് സൗകര്യം
പ്രതിമാസ സൗജന്യ ഇടപാടുകളുടെ എണ്ണം എത്രയെന്ന് അറിയാതെ എടിഎം ഉപയോഗിക്കുന്നവരാണ് പലരും. പ്രത്യേകിച്ച് ഒന്നിലധികം ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഓരോ ഇടപാടും ഏത് പരിധിയിലാണ് ഉള്‍പ്പെടുന്നതെന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ട്. സൗജന്യ ഇടപാടുകളുടെ ഉപയോഗം സംബന്ധിച്ച അറിയിപ്പുകള് നിര്‍ബന്ധമാക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാകും.
മറ്റൊരു പ്രധാന കാര്യം, ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപകമായിട്ടും പണത്തെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും രാജ്യത്തുണ്ട് എന്നതാണ്. ഗ്രാമപ്രദേശങ്ങളിലും ചെറുകിട വ്യാപാര മേഖലകളിലും എടിഎമ്മുകളുടെ ലഭ്യതയും അവയുടെ പ്രവര്‍ത്തനക്ഷമതയും പ്രധാനമാണ്. പിഒഎസ് മെഷീനുകള്‍ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ഈ മേഖലകളില്‍ ഒരു അധിക ബദല്‍ സംവിധാനമാകാം.
എന്നാല്‍, പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നതുകൊണ്ടുമാത്രം ഉപഭോക്താക്കളുടെ ചെലവ് കുറയുമെന്ന് ഉറപ്പില്ല. ബാങ്കുകള്‍ക്ക് സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ 23 രൂപ വരെ ഈടാക്കാന്‍ ഇപ്പോഴും അനുവാദമുണ്ട്. അതിനാല്‍ ബാങ്കിന്റെ നിരക്കുകളും പ്രതിമാസ ഇടപാടുകളുടെ എണ്ണവും പരിശോധിക്കുന്ന ശീലം ഉപഭോക്താക്കള്ക്കുണ്ടാകണം.
English Summary
If you withdraw money from an ATM, you will now have to provide details! The RBI wants information on free transactions to be provided. Once the limit for free transactions is exceeded, a maximum of Rs. 23 and applicable taxes may be charged for each additional transaction.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



