സ്വർണവായ്പാ ബിസിനസിൽ പ്രവർത്തിക്കുന്ന കമ്പനികളെ ഏറ്റെടുക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് മഹീന്ദ്ര ഫിനാൻസ്. സ്വർണവായ്പാ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഗോൾഡ് ലോൺ കമ്പനികളെ ഏറ്റെടുക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ തള്ളിയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് നിലപാട് വ്യക്തമാക്കിയത്. ഓഹരി വിപണികൾക്ക് നൽകിയ ഔദ്യോഗിക വിശദീകരണത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
സ്വർണവായ്പാ മേഖലയിലെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി ചില ഗോൾഡ് ലോൺ കമ്പനികളെ ഏറ്റെടുക്കാൻ മഹീന്ദ്ര ഫിനാൻസ് ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിവേഗം വളരുന്ന സ്വർണവായ്പാ വിപണിയിൽ കൂടുതൽ സാന്നിധ്യം ഉറപ്പാക്കാനും വരുമാന സ്രോതസുകൾ വൈവിധ്യവത്കരിക്കാനുമാണ് കമ്പനി ഇത്തരമൊരു നീക്കം നടത്തുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇൻഡെൽ മണി, കൊശമറ്റം ഫിനാൻസ്, ഐസിഎൽ ഫിൻകോർപ്, സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസസ് എന്നീ കമ്പനികളെ ഏറ്റെടുക്കാനുള്ള സാധ്യതകൾ മഹീന്ദ്ര ഫിനാൻസ് പരിശോധിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചെങ്കിലും ഔദ്യോഗിക ഏറ്റെടുക്കൽ വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ലെന്നായിരുന്നു നേരത്തെയുള്ള വിവരം.
എന്നാൽ, ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ഏറ്റെടുക്കൽ സംബന്ധിച്ച വിവരങ്ങളിൽ വസ്തുതയില്ലെന്നും മഹീന്ദ്ര ഫിനാൻസ് വ്യക്തമാക്കി. കൊശമറ്റം ഫിനാൻസും മഹീന്ദ്ര ഫിനാൻസിൽ നിന്നുള്ള ഏറ്റെടുക്കൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
വാഹന വായ്പകളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മഹീന്ദ്ര ഫിനാൻസ് മറ്റ് വായ്പാ വിഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. വാഹന വായ്പകൾക്ക് പുറമെ ചെറുകിട സംരംഭകർക്കുള്ള വായ്പകൾ, ഭവനവായ്പകൾ, വ്യക്തിഗത വായ്പകൾ തുടങ്ങിയ മേഖലകളിലും കമ്പനി ശ്രദ്ധ വർധിപ്പിക്കുന്നുണ്ട്.
നിലവിൽ കമ്പനിയുടെ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയിൽ (AUM) ഏകദേശം 80 ശതമാനവും വാഹന വായ്പകളിൽ നിന്നാണ്. ശേഷിക്കുന്ന 20 ശതമാനം മറ്റ് വായ്പാ വിഭാഗങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്. വരുമാന സ്രോതസുകൾ കൂടുതൽ വൈവിധ്യവത്കരിക്കാനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ മേഖലകളിലേക്കുള്ള ഈ ശ്രദ്ധ.
അതേസമയം, സ്വർണവായ്പാ മേഖലയിൽ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (NBFC) ഉൾപ്പെടെയുള്ളവയുടെ സംയോജിത സ്വർണവായ്പാ പോർട്ട്ഫോളിയോ ഏകദേശം 23 ലക്ഷം കോടി രൂപയിലേക്കെത്തിയിട്ടുണ്ട്. ഭവനവായ്പകൾക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ റീട്ടെയിൽ വായ്പാ വിഭാഗമാണിത്.
English Summary
Mahindra Finance has clarified that it currently has no plans to acquire companies operating in the gold loan business. Mahindra & Mahindra Financial Services issued the clarification while dismissing reports that it was planning to acquire gold loan companies as part of its strategy to expand its presence in the gold loan sector. The company communicated its position through an official clarification to the stock exchanges.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



