ജോലിക്കായി യാത്ര ചെയ്യുന്ന സ്ത്രീകളിൽ ഭൂരിഭാഗവും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത് എന്നൊരു പഠനം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത ഇരട്ടിയാണ്. ജോലിസ്ഥലങ്ങളിലേക്ക് പോകാൻ ഏകദേശം 67 ശതമാനത്തോളം സ്ത്രീകളും നടക്കുകയോ ബസുകൾ പോലുള്ള പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നു എന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.
നടപ്പ് കൂടുതൽ
ഗ്രാമീണ മേഖലകളിലെ സ്ഥിതി പരിശോധിച്ചാൽ, ജോലിക്ക് പോകുന്ന സ്ത്രീകളിൽ പകുതിയിലധികവും നടന്നാണ് ജോലിസ്ഥലത്തേക്ക് പോകുന്നത്. എന്നാൽ പുരുഷന്മാർ കൂടുതലായി ഇരുചക്ര വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. നഗരപ്രദേശങ്ങളിലുള്ള സ്ത്രീകൾ ബസുകൾ, ഓട്ടോകൾ, കാറുകൾ തുടങ്ങിയ വിവിധ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, പുരുഷന്മാരെ അപേക്ഷിച്ച് അവരുടെ യാത്രാ സമയം പൊതുവെ കൂടുതലാണെന്ന് ഇത് വ്യക്തമാക്കുന്നു.
സ്ത്രീകളുടെ പരിമിതമായ യാത്രാ സൗകര്യങ്ങൾ അവരുടെ തൊഴിൽപരമായ മുന്നേറ്റത്തിനും വിദ്യാഭ്യാസത്തിനും വലിയൊരു തടസ്സമായി മാറാറുണ്ട്. യാത്രാ സൗകര്യങ്ങളുടെ കുറവ് സ്ത്രീകൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും അവരുടെ സമയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകളുടെ സുരക്ഷയും യാത്രാ സൗകര്യങ്ങളും മെച്ചപ്പെടുത്താൻ കേരളം, സർക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി പോലുള്ള കൂടുതൽ കാര്യക്ഷമമായ നടപടികൾ ഇത്തരം സാഹചര്യങ്ങളിൽ അത്യന്താപേക്ഷിതമാണ്.
അധിക സമയ നഷ്ടം
പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് ജോലിസ്ഥലത്ത് എത്തുവാൻ കൂടുതൽ സമയം വേണ്ടിവരുന്നു. ബസുകളുടെ ലഭ്യതക്കുറവ്, കൃത്യസമയത്ത് എത്താൻ കഴിയാത്ത സാഹചര്യം തുടങ്ങിയവ കാരണം അവർക്ക് പാർട്ട് ടൈം ജോലികളോ അധിക വരുമാനമുള്ള അവസരങ്ങളോ തിരഞ്ഞെടുക്കാൻ കഴിയാതെ വരുന്നു. ഇത് അവരുടെ മൊത്തത്തിലുള്ള വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് .
മെച്ചപ്പെട്ട തൊഴിലവസരങ്ങൾ നഷ്ടപ്പെടൽ
യാത്രാസൗകര്യങ്ങളുടെ കുറവും ദൂരക്കൂടുതലും കാരണം വീടിന് സമീപമുള്ള കുറഞ്ഞ വരുമാനമുള്ള ജോലികളിൽ ഒതുങ്ങിനിൽക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു. നഗരകേന്ദ്രങ്ങളിലെ ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള യാത്രാസൗകര്യമോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്തതിനാൽ അവർക്ക് സാമ്പത്തിക വളർച്ചയ്ക്കുള്ള വലിയ അവസരങ്ങളാണ് നഷ്ടപ്പെടുന്നത്.
സാമ്പത്തിക ഭാരം
സ്വന്തമായി വാഹനമില്ലാത്തതിനാൽ പലപ്പോഴും പലതരം യാത്രാ മാർഗ്ഗങ്ങൾ ആയ ബസ്, ഓട്ടോ, മെട്രോ തുടങ്ങിയവ മാറിമാറി ഉപയോഗിക്കേണ്ടി വരുന്നു. ഇത് മാസാവസാനം അവരുടെ വരുമാനത്തിന്റെ ഒരു വലിയ പങ്ക് യാത്രാക്കൂലിക്കായി മാത്രം ചെലവഴിക്കാൻ ഇടയാക്കുന്നു. ഇത് അവരുടെ സമ്പാദ്യശേഷിയെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട് .
തങ്ങൾ ചെലവാക്കാതിരിക്കുന്ന പൈസ കൂടി കുടുംബത്തിന്റെ ആവശ്യങ്ങളിലേക്ക് എടുക്കാമല്ലോ എന്ന സ്ത്രീകളുടെ ചിന്തയാണ് പലപ്പോഴും അവരെ പൊതു ഗതാഗതം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. പുരുഷന്മാർ സ്വന്തമായി വാഹനങ്ങളും, അല്ലെങ്കിൽ ഉബർ പോലുള്ള സൗകര്യങ്ങളും ഉപയോഗിക്കുമ്പോഴാണ് സ്ത്രീകൾ കൂടുതൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് എന്ന കാര്യവും ഇവിടെ കൂട്ടി വായിക്കാം.



