വിദേശരാജ്യങ്ങളിലെ ട്യൂഷൻ ഫീസിലും ജീവനച്ചെലവിലുമുണ്ടായ കടുത്ത വർദ്ധനവ് കാരണം വിദേശത്ത് പോയി പഠിക്കുക എന്ന സ്വപ്നത്തെക്കുറിച്ച് ജെൻ സി വിദ്യാർത്ഥികൾ പുനർചിന്തനം നടത്തുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് യുകെ, കാനഡ, യുഎസ്എ, ഓസ്ട്രേലിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിൽ പഠനച്ചെലവും താമസച്ചെലവും വളരെ ഉയർന്നതാണ്. ഇതിനുപുറമേ വിദേശ കറൻസികളുടെ മൂല്യവർദ്ധനവും വിദ്യാഭ്യാസ വായ്പകളുടെ ഉയർന്ന പലിശനിരക്കും സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നുണ്ട്.
ഇന്ത്യയിൽ അനവധി കോഴ്സുകൾ
വിദേശത്ത് വിദ്യാഭ്യാസം പൂർത്തിയാക്കിയാലും മുൻപത്തെപ്പോലെ എളുപ്പത്തിൽ ഉയർന്ന ശമ്പളമുള്ള ജോലികൾ ലഭിക്കാത്തതും വിസ നിയമങ്ങളിലെ കർശനമായ മാറ്റങ്ങളും വിദ്യാർത്ഥികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. വലിയ തുക വായ്പയെടുത്ത് വിദേശത്ത് പോകുന്നതിന് പകരം, ആ തുകയ്ക്ക് തുല്യമായ മൂല്യമുള്ള പഠനസാധ്യതകൾ സ്വന്തം നാട്ടിലോ കുറഞ്ഞ ചെലവുള്ള മറ്റ് രാജ്യങ്ങളിലോ ഉണ്ടോ എന്ന് വിദ്യാർത്ഥികൾ പരിശോധിക്കുന്നു. ഹൈബ്രിഡ് കോഴ്സുകൾ, ഓൺലൈൻ ഡിഗ്രികൾ, അന്താരാഷ്ട്ര സർവ്വകലാശാലകളുടെ പ്രാദേശിക ക്യാമ്പസുകൾ എന്നിവയിലേക്ക് പലരും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
സാമ്പത്തിക ഭദ്രതക്ക് ഊന്നൽ
വിദേശ ബിരുദം എന്ന മോഹത്തിന് മാത്രം മുൻഗണന നൽകാതെ, തങ്ങൾ മുടക്കുന്ന പണത്തിന് കൃത്യമായ റിട്ടേൺ ലഭിക്കുമോ എന്ന് സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് പുതിയ തലമുറ വിദ്യാഭ്യാസ തീരുമാനങ്ങൾ എടുക്കുന്നത്. അമിതമായ കടബാധ്യത വരുത്തിവെക്കുന്ന വിദേശപഠനത്തിന് പകരം സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന ബദൽ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും താല്പര്യപ്പെടുന്നു.
കൺസൾട്ടൻസികളും പറ്റിക്കുന്നു
വിദേശ സര്വ്വകലാശാലകള് നേരിട്ട് വാഗ്ദാനം ചെയ്യുന്ന സേവനങ്ങളേക്കാളും ആനുകൂല്യങ്ങളേക്കാളും വളരെ ഉയർന്ന തുകയാണ് പല വിദേശപഠന കൺസൾട്ടൻസികളും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. അഡ്മിഷൻ പ്രോസസ്സിംഗ്, വിസ ഗൈഡൻസ്, ഡോക്യുമെന്റേഷൻ എന്നിവയുടെ പേരിൽ വലിയ തുക സർവീസ് ചാർജായി കൺസൾട്ടൻസികൾ ഈടാക്കുമ്പോൾ, പല വിദേശ സർവ്വകലാശാലകളും ഈ സേവനങ്ങളിൽ ഭൂരിഭാഗവും സൗജന്യമായോ വളരെ കുറഞ്ഞ തുകയ്ക്കോ ആണ് നേരിട്ട് നൽകുന്നത്. കൂടാതെ, ചില കൺസൾട്ടൻസികൾ സർവ്വകലാശാലകൾ നൽകുന്ന സ്കോളർഷിപ്പുകളെയും സാമ്പത്തിക സഹായങ്ങളെയും കുറിച്ച് കൃത്യമായ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകാതെ, സ്വന്തം ലാഭം മാത്രം മുൻനിർത്തി ഉയർന്ന ഫീസുള്ള കോഴ്സുകൾ നിർദ്ദേശിക്കുന്ന പ്രവണതയുമുണ്ട്.
ഇത് ഒഴിവാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും സർവ്വകലാശാലകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി നേരിട്ട് അപേക്ഷിക്കാനോ, സർവ്വകലാശാലകളുടെ നേരിട്ടുള്ള പ്രതിനിധികളുമായി ബന്ധപ്പെടാനോ ശ്രദ്ധിക്കേണ്ടതുണ്ട്. സർവ്വകലാശാലകൾ നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ മേളകൾ, വെബിനാറുകൾ എന്നിവയിലൂടെ സൗജന്യമായി അഡ്മിഷൻ സഹായങ്ങൾ ലഭ്യമാണ്. ഇടനിലക്കാരായ കൺസൾട്ടൻസികൾക്ക് വൻതുക നൽകുന്നതിന് പകരം, കാര്യങ്ങൾ സ്വയം മനസ്സിലാക്കി നേരിട്ട് അപേക്ഷിക്കുന്നത് വഴി ലക്ഷക്കണക്കിന് രൂപ ലാഭിക്കാനും കൂടുതൽ സുതാര്യമായ രീതിയിൽ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാനും സാധിക്കും.





