പണം വെറുതെ ബാങ്ക് അക്കൗണ്ടിലോ കയ്യിലോ സൂക്ഷിക്കുന്നതിന് പകരം, ഭാവിയിൽ വരുമാനം തരുന്നതോ വില വർദ്ധിക്കുന്നതോ ആയ സ്വത്തുക്കളിലേക്ക് നിക്ഷേപിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം എങ്ങിനെയാണെന്ന് അറിയാമോ? പണം കയ്യിൽ വെച്ചാൽ അത് ചെലവഴിച്ചു പോവുകയോ അല്ലെങ്കിൽ വിലക്കയറ്റം കാരണം അതിന്റെ മൂല്യം കുറയുകയോ ചെയ്യാം. എന്നാൽ, ആ പണം ഉപയോഗിച്ച് ഒരു സ്വത്ത് വാങ്ങുമ്പോൾ, ആ സ്വത്ത് നിങ്ങൾക്കായി പ്രവർത്തിക്കാൻ തുടങ്ങുന്നു. അതായത്, നിങ്ങൾ അധ്വാനിക്കുന്നതിന് പകരം നിങ്ങളുടെ പണം നിങ്ങൾക്കുവേണ്ടി പണിയെടുത്ത് വരുമാനം ഉണ്ടാക്കിത്തരുന്നു.
കൈകെട്ടിയിരുന്ന് വരുമാനം നേടാം
ഒരു ലളിതമായ ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കാം. നിങ്ങൾക്ക് ലഭിക്കുന്ന സമ്പാദ്യം മുഴുവൻ ബാങ്ക് അക്കൗണ്ടിൽ വെയ്ക്കുകയോ പുതിയ ഫോണും വസ്ത്രങ്ങളും വാങ്ങാൻ ചെലവാക്കുകയോ ചെയ്യുന്നതിന് പകരം, വാടക ലഭിക്കുന്ന ഒരു കടമുറിയോ അല്ലെങ്കിൽ നല്ല കമ്പനികളുടെ ഓഹരികളോ വാങ്ങുന്നു എന്ന് കരുതുക. നിങ്ങൾ ജോലി ചെയ്യുന്നില്ലെങ്കിലും, ആ കടമുറിയിൽ നിന്ന് പ്രതിമാസം വാടകയായും, ഓഹരികളിൽ നിന്ന് ലാഭവിഹിതമായും നിങ്ങൾക്ക് പണം ലഭിച്ചുകൊണ്ടിരിക്കും. ഇതിനെയാണ് പാസീവ് ഇൻകം എന്ന് വിളിക്കുന്നത്.
ഇത്തരത്തിൽ ഒന്നിലധികം സ്വത്തുക്കൾ ഉണ്ടാക്കിയെടുക്കുമ്പോൾ, നിങ്ങളുടെ ജീവിതച്ചെലവുകൾക്ക് ആവശ്യമായ മുഴുവൻ തുകയും ഈ സ്വത്തുക്കളിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് തന്നെ ലഭിച്ചു തുടങ്ങും. ഈ ഘട്ടത്തിൽ, നിങ്ങളുടെ ഉപജീവനത്തിനായി ദിവസവും മണിക്കൂറുകളോളം ജോലി ചെയ്യേണ്ട ആവശ്യം വരുന്നില്ല. സ്വത്തുക്കൾ തരുന്ന വരുമാനം നിങ്ങളുടെ ചെലവുകളെക്കാൾ കൂടുമ്പോൾ നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുകയും, ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം മാറ്റിവെക്കാൻ സാധിക്കുകയും ചെയ്യുന്നു.
ജീവിതം മുഴുവൻ പണിയെടുക്കണോ ?
ഉദാഹരണത്തിന്, മാസം 50,000 രൂപ ശമ്പളമുള്ള രണ്ട് സുഹൃത്തുക്കളെ സങ്കൽപ്പിക്കുക , രാഹുലും അരുണും. രാഹുൽ തന്റെ വരുമാനത്തിൽ നിന്ന് ബാക്കി വരുന്ന പണം ഉപയോഗിച്ച് ഓരോ വർഷവും പുതിയ ഫോണുകളും ആഡംബര വസ്ത്രങ്ങളും വാങ്ങുകയും, ബാക്കി തുക ബാങ്ക് അക്കൗണ്ടിൽ വെറുതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇവിടെ രാഹുലിന്റെ പണം വരുമാനമൊന്നും ഉണ്ടാക്കി നൽകുന്നില്ല. അതിനാൽ തന്റെ ജീവിതച്ചെലവുകൾക്കായി രാഹുലിന് വിരമിക്കുന്നത് വരെ പ്രതിമാസം അധ്വാനിച്ച് ജോലി ചെയ്തേ മതിയാകൂ.
നേരെമറിച്ച്, അരുൺ തന്റെ വരുമാനത്തിൽ നിന്ന് പ്രതിമാസം 15,000 രൂപ വീതം നല്ല കമ്പനികളുടെ ഓഹരികളിലോ , വാടക ലഭിക്കുന്ന ചെറിയൊരു വസ്തുവിലോ നിക്ഷേപിക്കുന്നു. വർഷങ്ങൾ കഴിയുമ്പോൾ, ഈ നിക്ഷേപങ്ങളിൽ നിന്ന് അരുണിന് വാടകയായും ലാഭവിഹിതമായും വലിയൊരു തുക നിഷ്ക്രിയ വരുമാനമായി ലഭിച്ചു തുടങ്ങുന്നു. കാലക്രമേണ ഈ വരുമാനം അരുണിന്റെ പ്രതിമാസ ചെലവുകളേക്കാൾ കൂടുതലാകുമ്പോൾ, ജീവിക്കാൻ വേണ്ട പണത്തിനായി ദിവസവും ജോലി ചെയ്യേണ്ട ആവശ്യം അരുണിന് വരുന്നില്ല.





