ഒരു കുട്ടിയെ വളർത്തുന്നതിനും അവരുടെ വിദ്യാഭ്യാസത്തിനും കാലാനുസൃതമായി വലിയ തോതിൽ പണം ആവശ്യമാണ്. കുട്ടിയുടെ ജനനം മുതൽ തന്നെ മാതാപിതാക്കൾ ഇതിനായി കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തേണ്ട അവസ്ഥയാണ് ഇപ്പോൾ. ആദ്യകാലങ്ങളിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണം, വാക്സിനേഷനുകൾ, പോഷകാഹാരം, മറ്റ് ദൈനംദിന ആവശ്യങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും പണം ചെലവാകുന്നത്.
കുട്ടി സ്കൂളിൽ പ്രവേശിക്കുന്നതോടെ ചെലവുകളുടെ സ്വഭാവം മാറുന്നു. സ്കൂൾ ഫീസ്, യൂണിഫോം, പുസ്തകങ്ങൾ, യാത്രാ ചെലവുകൾ എന്നിവയ്ക്കൊപ്പം നല്ലൊരു തുക ആവശ്യമായി വരുന്നു. ഇതിനു പുറമെ വസ്ത്രങ്ങൾ, ഭക്ഷണക്രമം, കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിനുള്ള പാഠ്യേതര പ്രവർത്തനങ്ങൾ , സ്പോർട്സ്, സംഗീതം എന്നിവയും മാതാപിതാക്കളുടെ പ്രതിമാസ ബജറ്റിൽ അധിക ബാധ്യതയായി മാറാറുണ്ട്.
കൃത്യം എത്ര
ഇന്ത്യയിൽ ഒരു കുട്ടിയെ ജനിപ്പിച്ചു വളർത്തി ജനനം മുതൽ ഏകദേശം 21-22 വയസ്സുവരെ നല്ലൊരു നിലയിലെത്തിക്കാൻ 75 ലക്ഷം മുതൽ 2 കോടി രൂപ വരെ ചെലവാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കുട്ടിയുടെ ജനനം, വാക്സിനേഷനുകൾ, ഭക്ഷണം, വസ്ത്രം, സ്കൂൾ വിദ്യഭ്യാസം, എൻട്രൻസ് കോച്ചിംഗ്, കോളേജ് പഠനം, ദൈനംദിന ചെലവുകൾ എന്നിവയെല്ലാം ഉൾപ്പെടുമ്പോഴാണ് ഈ തുക ഉയരുന്നത്. ഇതിൽ ഏറ്റവും വലിയ വിഹിതം പോകുന്നത് വിദ്യാഭ്യാസത്തിനാണ്; ഒരു സാധാരണ പ്രൈവറ്റ് സ്കൂളിൽ എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിപ്പിക്കാൻ തന്നെ ലക്ഷക്കണക്കിന് രൂപ വേണ്ടിവരുന്നു.
ഈ തുകയുടെ ഒരു ഏകദേശ കണക്ക് ലളിതമായ ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാം
സ്കൂൾ പഠനവും ദൈനംദിന ചെലവുകളും
ഒരു കുട്ടി സ്കൂളിൽ പഠിക്കുന്ന 14 വർഷക്കാലയളവിൽ ട്യൂഷൻ ഫീസ്, യൂണിഫോം, യാത്ര, ബുക്കുകൾ എന്നിവയ്ക്കായി മാത്രം 15 മുതൽ 25 ലക്ഷം രൂപ വരെ ചെലവാകും. ഇതിനൊപ്പം കുട്ടിയുടെ ഭക്ഷണം, വസ്ത്രങ്ങൾ, ഇൻഷുറൻസ്, ചികിത്സാ ചെലവുകൾ, വിനോദങ്ങൾ എന്നിവയ്ക്കായി പ്രതിമാസം ശരാശരി 15,000 രൂപ കണക്കാക്കിയാൽ, 22 വർഷത്തേക്ക് ഏകദേശം 40 ലക്ഷത്തോളം രൂപ വരും. ബാക്കി തുക കോളേജ് ഡിഗ്രി പഠനത്തിനും ഉപയോഗിക്കേണ്ടി വരുന്നു.
ഉന്നത വിദ്യാഭ്യാസവും മെട്രോ ജീവിതശൈലിയും
പ്രീമിയം ബ്രാൻഡഡ് സ്കൂളുകൾ, വിദേശത്തോ പ്രമുഖ സ്വകാര്യ കോളേജുകളിലോ ഉള്ള എഞ്ചിനീയറിംഗ്-മെഡിക്കൽ, എം.ബി.എ പഠനം, പ്രവേശന പരീക്ഷകൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ എന്നിവ ഉൾപ്പെടുമ്പോഴാണ് ഈ തുക 2 കോടിയിലെത്തുന്നത്. ഉദാഹരണത്തിന്, സ്വകാര്യ മാനേജ്മെന്റ് സീറ്റിൽ ഒരു മെഡിക്കൽ അല്ലെങ്കിൽ ഐ.ഐ.ടി,ഐ.ഐ.എം എൻട്രൻസ് അധിഷ്ഠിത കോഴ്സുകൾക്ക് മാത്രം 40 ലക്ഷം മുതൽ 1 കോടി രൂപ വരെ ചെലവ് വരാറുണ്ട്.
ഈ സാമ്പത്തിക ബാധ്യതകൾ യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ കൈകാര്യം ചെയ്യുന്നതിന് മാതാപിതാക്കൾ ദീർഘകാലാടിസ്ഥാനത്തിലുള്ള സമ്പാദ്യം മുൻകൂട്ടി പദ്ധതിയിടണം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും പണത്തിന്റെ കാര്യത്തിൽ സമ്മർദ്ദമില്ലാതെ മുന്നോട്ട് പോകുന്നതിനും ഈ സാമ്പത്തിക തയ്യാറെടുപ്പുകൾ വളരെ അത്യാവശ്യമാണ്.



