ഡോ . വിജു ജേക്കബ്
എക്സിക്യൂട്ടീവ് ചെയർമാൻ, സിന്തൈറ്റ് ഇൻഡസ്ട്രീസ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു
ആഗോള നിക്ഷേപകർക്ക് മുൻപിൽ സുരക്ഷിതവും സുസ്ഥിരവുമായ ഒരു ‘സോഫ്റ്റ് സ്റ്റേറ്റ്’ (Soft State) എന്ന ബ്രാൻഡ് വാല്യു കേരളത്തിനുണ്ട്. ഉന്നത നിലവാരമുള്ള ഹ്യൂമൻ ക്യാപ്പിറ്റൽ ഇൻഡെക്സ്, പ്രത്യേകിച്ചും ഏകാഗ്രതയോടെ സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ കഴിവുള്ള സ്ത്രീതൊഴിലാളികൾ, നെസ്ലെ, യൂണിലിവർ തുടങ്ങിയ കമ്പനികൾക്ക് മികച്ച നിക്ഷേപസാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. ഈ ഭൗതികസാഹചര്യങ്ങളെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നത് സംസ്ഥാനത്തെ ഒരു ആഗോള ഹബ്ബാക്കി മാറ്റുന്നതിനുള്ള തന്ത്രപരമായ മുതൽക്കൂട്ടാകും.
യുവജനതയുടെ കൊഴിഞ്ഞുപോക്ക് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള മേഖലകളെ തൊഴിലവസരങ്ങൾ വേഗത്തിലാക്കുന്ന ഉപാധിയായി കാണണം. യുവാക്കൾ ആഗ്രഹിക്കുന്ന മൾട്ടിനാഷണൽ കമ്പനികളുടെ (MNC) ഹൈ-ടെക് തൊഴിൽ സംസ്കാരം ഇവിടെ ഉറപ്പാക്കേണ്ടതുണ്ട്. കർണാടകയിലെ ഐഫോൺ നിർമ്മാണ ശാലകൾക്ക് സമാനമായി കുറഞ്ഞ മലിനീകരണമുള്ള ഇലക്ട്രോണിക് വ്യവസായങ്ങൾ, ഫുഡ് ടെക്നോളജി കോഴ്സുകൾ എന്നിവയിലൂടെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കണം.

കേരളത്തിന്റെ വികസനത്തിൽ വിഴിഞ്ഞം തുറമുഖം ഒരു സുപ്രധാന നാഴികക്കല്ലാണ്. കൊച്ചിയിലെ ഉയർന്ന ഡ്രെഡ്ജിംഗ് ചെലവുകളെ അപേക്ഷിച്ച് വിഴിഞ്ഞത്തിനുള്ള സ്വാഭാവികമായ ആഴം വലിയ ‘മദർ വെസ്സലുകളെ’ സ്വീകരിക്കാൻ സഹായിക്കുന്നു. ഇത് കേരളത്തെ ഇന്ത്യയുടെ ലോജിസ്റ്റിക്സ് ഗേറ്റ്വേയാക്കി മാറ്റും. യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ ഫ്രാൻസ്-ലണ്ടൻ മോഡലിൽ കാറുകൾ വഹിക്കാൻ ശേഷിയുള്ള ഹോവർക്രാഫ്റ്റുകൾ കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയും, അടിമാലി-മൂന്നാർ റൂട്ടിൽ കേബിൾ കാറുകളും വിഭാവനം ചെയ്യണം. കുട്ടനാട് പോലുള്ള ഉപയോഗിക്കപ്പെടാത്ത പ്രദേശങ്ങളെ ടൂറിസം-കാർഷിക സാധ്യതകൾക്കായി പ്രയോജനപ്പെടുത്തുന്നത് ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവേകും.
വികസനകാര്യങ്ങളിൽ തമിഴ്നാടിന് സമാനമായ രാഷ്ട്രീയ ഐക്യവും ഭരണ-പ്രതിപക്ഷ ഒത്തൊരുമയും അനിവാര്യമാണ്. സിന്തൈറ്റ് മാതൃകയിലുള്ള ശാസ്ത്രീയ വേസ്റ്റ് മാനേജ്മെന്റും ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സും’ മെച്ചപ്പെടുത്തുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. 15-20 വർഷത്തെ ദീർഘകാല ലക്ഷ്യത്തോടെ പ്രവർത്തിച്ചാൽ കേരളം രാജ്യത്തെ ഒന്നാം നമ്പർ വികസിത സംസ്ഥാനമായി മാറും.





