ശോഭന ജയ മാധവന്
ഫൗണ്ടര് & സിഇഒ, മച്ച്മാജിക് ഗ്ലോബല്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്ച്ച ചെയ്യുന്ന ‘ബ്രാന്ഡ് കേരളം കോണ്ക്ലേവി’ന് 2026 ഒക്ടോബര് 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില് നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള് പ്രോഫിറ്റ് ന്യൂസിലൂടെ സര്ക്കാരുമായി പങ്കുവെക്കുന്നു…
മനുഷ്യവിഭവശേഷിയാണ് കേരളത്തിന്റെ സമ്പത്ത്. സംസ്ഥാനത്തെ ജനങ്ങളെ ഒരു മനുഷ്യകേന്ദ്രീകൃത സമീപനത്തിലൂടെ നയിക്കുകയാണെങ്കില് ഏത് പ്രശ്നത്തെയും നമുക്ക് അതിജീവിക്കാന് കഴിയും. മനുഷ്യകേന്ദ്രീകൃതമായ ഒരു സമീപനമാണ് സര്ക്കാര് എടുക്കേണ്ടത്. ആദ്യം ആളുകള് എന്താണ് ചിന്തിക്കുന്നത് എന്ന് കണ്ടെത്തുക. അതിനുശേഷം നമ്മുടെ പശ്ചാത്തലമോ, മതമോ, രാഷ്ട്രീയ ആഭിമുഖ്യമോ, വിദ്യാഭ്യാസ നിലവാരമോ, സാമ്പത്തിക നിലവാരമോ നോക്കാതെ നമുക്ക് എങ്ങനെ ഒത്തുചേരാമെന്നും പ്രശ്നങ്ങള്ക്ക് എങ്ങനെ സര്ഗ്ഗാത്മകമായ പരിഹാരങ്ങള് കണ്ടെത്താമെന്നും ആലോചിക്കുക.

ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്ക്ക് തങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും ആശയങ്ങളും പ്രകടിപ്പിക്കാന് സര്ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഒരു വേദിയും ഫോറവും ഉണ്ടായിരിക്കണം. ഓരോ സര്ക്കാര് വകുപ്പും നടത്തുന്ന എല്ലാ ചര്ച്ചകളിലും യുവാക്കള് കേന്ദ്രസ്ഥാനത്ത് ഉണ്ടായിരിക്കണം. കൂടാതെ സ്ത്രീകള്, കുട്ടികള്, മുതിര്ന്ന പൗരന്മാര് എന്നിവരും അവരുടെ പശ്ചാത്തലം നോക്കാതെ നേരിട്ടും കമ്മ്യൂണിറ്റി തലത്തിലും ഈ ചര്ച്ചകളില് പങ്കുചേരുകയും എല്ലാവരുടെയും അഭിപ്രായങ്ങള്ക്കായി ഒരു ഇടം സൃഷ്ടിക്കുകയും വേണം.
ഞാന് കാനഡയിലേക്ക് കുടിയേറിയ ആളാണ്. വ്യത്യസ്ത സമ്മേളനങ്ങളിലും ഫോറങ്ങളിലും ഞാന് പങ്കെടുക്കാറുണ്ട്. കേരളത്തെ സ്നേഹിക്കുന്ന, കേരളത്തില് ബിസിനസ്സ് ചെയ്യാനും നിക്ഷേപം നടത്താനും ആഗ്രഹിക്കുന്ന ആളുകളുണ്ട്. എന്നാല് നിര്ഭാഗ്യവശാല് അങ്ങനെ ചെയ്യാതിരിക്കാന് താല്പ്പര്യപ്പെടുന്ന ഒരുപാട് ആളുകളുമുണ്ട്. അവരുടെ അഭിപ്രായത്തില് ഇതിന് രണ്ടോ മൂന്നോ പ്രധാന കാരണങ്ങളുണ്ട്:
ഒന്നാമതായി, ഭരണകൂടം മാറിയാലും രാജ്യത്ത് മാറ്റങ്ങളുണ്ടായാലും തങ്ങളുടെ ബിസിനസ്സ് സുരക്ഷിതമായിരിക്കും എന്ന ആത്മവിശ്വാസം ആളുകള്ക്ക് ഉണ്ടാകണം. രണ്ടാമതായി, ആളുകള്ക്ക് ഒരു സുരക്ഷിതത്വബോധം അനുഭവപ്പെടണം. അവരുടെ ഉപകരണങ്ങളുടെ സുരക്ഷ, അവരുടെ ആളുകളുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ എന്നിവയാണത്. മൂന്നാമതായി, നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉണ്ടായിരിക്കണം. പ്രത്യേകിച്ചും ഒരു ബിസിനസ്സിന്റെ തുടക്കത്തില് വലിയ ചെലവുകള് ഉള്ളതുകൊണ്ട് ആളുകള്ക്ക് ഇന്സെന്റീവുകള് ആവശ്യമാണ്. നിക്ഷേപങ്ങള്ക്ക് കൂടുതല് ആനുകൂല്യങ്ങള് നല്കുന്നതില് കേരളത്തിന് ഇതിലും മികച്ച രീതിയില് പ്രവര്ത്തിക്കാന് കഴിയും.
ഏറ്റവും പ്രധാനമായി, സത്യസന്ധതയോടും വിനയത്തോടും കൂടി കേരളത്തിന്റെ ഏറ്റവും മികച്ച വശങ്ങള് ലോകമെമ്പാടും പ്രദര്ശിപ്പിക്കുക. ഇവിടെയുള്ള അവസരങ്ങള് എന്തൊക്കെയാണ്, എന്തുകൊണ്ടാണ് കേരളത്തിലേക്ക് വരുന്നത് നല്ലൊരു ആശയമാകുന്നത്… എന്നീ വിഷയങ്ങളില് ഒരു പുതിയ നരേറ്റീവ് നമ്മള് സൃഷ്ടിക്കണം. അപ്പോള് ആളുകള് ഇവിടെ വരാനും ജോലി ചെയ്യാനും ജീവിക്കാനും അവരുടെ ബിസിനസ്സ് വളര്ത്താനും ആഗ്രഹിക്കുമെന്ന് ഞാന് വിശ്വസിക്കുന്നു.



