കാനഡയിൽ തൊഴിൽ രംഗത്ത് വൻ വളർച്ച ഉണ്ടാകുന്നതിന്റെ ഭാഗമായി അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകദേശം 1.5 കോടി പുതിയ കുടിയേറ്റക്കാരെ ആവശ്യമായി വരുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് കെ. പട്നായിക് വ്യക്തമാക്കി. കാനഡയിൽ ജോലികൾ ചെയ്യാൻ പ്രായമുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇത്രയധികം ആളുകളെ ആവശ്യമായി വരുന്നത്.
ഡിമാൻഡ് കൂടും
കാനഡയുടെ സാമ്പത്തിക രംഗത്ത് വരും വർഷങ്ങളിൽ വലിയ തോതിലുള്ള നിക്ഷേപങ്ങൾ വരാൻ സാധ്യതയുണ്ട്. ഓരോ 1 ബില്യൺ ഡോളർ നിക്ഷേപത്തിനും ഏകദേശം 10,000 മുതൽ 15,000 വരെ തൊഴിലാളികളെ ആവശ്യമായി വരും. ഈ കണക്കുകൾ പ്രകാരം, വരും വർഷങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിക്ഷേപങ്ങൾ പൂർത്തിയാക്കാൻ വലിയൊരു തൊഴിൽ സേന തന്നെ കാനഡയ്ക്ക് വേണ്ടി വരും.
എന്നാൽ ഈ കണക്കുകളെ ചില വിദഗ്ധരും രാഷ്ട്രീയ നേതാക്കളും എതിർത്തിട്ടുണ്ട്. ഇത്രയധികം ആളുകളുടെ ആവശ്യമില്ലെന്നും, കുറഞ്ഞ തൊഴിലാളികൾ കൊണ്ടുതന്നെ വലിയ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നുമാണ് മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും കാനഡയുടെ ഭാവി വികസനത്തിന് കുടിയേറ്റക്കാർ അത്യന്താപേക്ഷിതമാണെന്നാണ് ഇതിൽ വ്യക്തമാകുന്നത്.
ലോകമാകെ പ്രശ്നം
തൊഴിൽ ചെയ്യാൻ പ്രാപ്തിയുള്ള യുവജനങ്ങളുടെ എണ്ണം കുറയുന്നതാണ് പല രാജ്യങ്ങളും ഇപ്പോൾ നേരിടുന്ന പ്രധാന പ്രശനം. ജപ്പാനും, യൂറോപ്യൻ രാജ്യങ്ങളും, ചൈനയും ഇപ്പോൾ ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ട്. മൈഗ്രേഷൻ വഴി ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ആണ് യൂറോപ്പും ക്യാനഡയും ശ്രമിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ആളുകൾക്ക് കൂടുതൽ സാധ്യതകൾ തുറന്നിടാൻ ഈ രാജ്യങ്ങൾ തയ്യാറാണെങ്കിലും, തൊഴിൽ നൈപുണ്യവും, വിദ്യാഭ്യാസവും പലർക്കും വെല്ലുവിളി ആകുന്നുണ്ട്.



